Quantcast

''ഒപ്പമുണ്ട്'': ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടിയും

ദുൽഖർ സൽമാനും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടിക്ക് നടിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-01-10 17:36:36.0

Published:

10 Jan 2022 5:23 PM GMT

ഒപ്പമുണ്ട്: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടിയും
X

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച് നടൻ മമ്മൂട്ടിയും. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഐക്യദാർഢ്യമറിയിച്ചത്. അഞ്ചുവർഷത്തെ അതിജീവന പോരാട്ടത്തെ വിവരിച്ചുകൊണ്ട് ഇന്ന് നടി സമൂഹമാധ്യമങ്ങളിലിട്ട കുറിപ്പ് പങ്കുവച്ചായിരുന്നു മമ്മൂട്ടി പിന്തുണ ഉറപ്പാക്കിയത്. ദുൽഖർ സൽമാനും ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ നടിക്ക് നടിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

ഇന്ന് നടിയുടെ കുറിപ്പ് വന്നതിനു പിന്നാലെ മലയാള സിനിമയിലെ മുൻനിര യുവ നടന്മാരും നടിമാരും ഐക്യദാർഢ്യമറിയിച്ച് രംഗത്തെത്തിയിരുന്നെങ്കിലും മുതിർന്ന നടന്മാരാരും പ്രതികരിച്ചിരുന്നില്ല. ആക്രമണക്കേസിൽ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകൾ വരികയും പുതിയ കേസെടുക്കുകയും ചെയ്ത സാഹചര്യത്തിൽ മമ്മൂട്ടിയുടെ ഐക്യദാർഢ്യത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. നിനക്കൊപ്പമുണ്ട് എന്നായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റാറ്റസിൽ മമ്മൂട്ടി കുറിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവം പുറത്തുവന്നയുടൻ എറണാകുളത്ത് ദർബാർ ഹാളിൽ മലയാള ചലച്ചിത്രരംഗത്തുള്ളവരുടെ ഐക്യദാർഢ്യ സംഗമം നടന്നത് മമ്മൂട്ടിയുടെ നേതൃത്വത്തിലായിരുന്നു.


നേരത്തെ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, പാർവതി തിരുവോത്ത്, സുപ്രിയ മേനോൻ, അഞ്ജലി മേനോൻ, ടൊവീനോ തോമസ്, മിയ, ഗീതു മോഹൻദാസ് തുടങ്ങി യുവതാരങ്ങളായ വലിയ നിര തന്നെ സമൂഹമാധ്യമങ്ങളിൽ നടിയുടെ കുറിപ്പ് പങ്കുവച്ച് പിന്തുണ അറിയിച്ചിരുന്നു. രമ്യ നമ്പീശൻ, ഐശ്വര്യ ലക്ഷ്മി, നിമിഷ സജയൻ, മഡോണ, പൂർണിമ, സംയുക്ത മേനോൻ, സയനോര, ദിവ്യപ്രഭ, അർച്ചന പദ്മിനി, ആര്യ തുടങ്ങിയവരെല്ലാം നടിയുടെ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. നടിമാരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയും പിന്തുണ അറിയിച്ചു.

ഇരയാക്കപ്പെട്ടതിൽനിന്ന് അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്ന് നടി കുറിച്ചു. ''അഞ്ചുവർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനിടയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാനല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്ന?ു; എനിക്കു വേണ്ടി സംസാരിക്കാൻ, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ. ഇന്ന് എനിക്കു വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.''-സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ നടി സൂചിപ്പിച്ചു.


നീതിക്കുവേണ്ടിയുള്ള യാത്ര തുടരുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരു അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനും ഈ യാത്ര തുടരും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ആക്രമണസംഭവവുമായി ബന്ധപ്പെട്ടുള്ള പുതിയ വെളിപ്പെടുത്തലുകൾക്കും നടൻ ദിലീപിനെതിരായ പുതിയ കേസിനും പിന്നാലെയാണ് നടിയുടെ പ്രതികരണം. ഡിവൈഎസ്പി ബൈജു പൗലോസ് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്നതടക്കമുള്ള ഗുരുതരകുറ്റങ്ങളാണ് ദിലീപിനെതിരെ പുതുതായി ചുമത്തിയിരിക്കുന്നത്. ബൈജു പൗലോസിനെ ലോറിയിടിച്ചു കൊല്ലാൻ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂനിറ്റാണ് ദിലീപിനെതിരെ പുതിയ കേസെടുത്തത്. ബൈജു പൗലോസിന്റെ പരാതിയിലാണ് കേസെടുത്തത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ എട്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്ത വിരോധത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐറിൽ പറയുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയാണ് കേസിന് അടിസ്ഥാനമായത്. ഐപിസി 116, 118, 120 ബി, 506, 34 എന്നീ വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്.

അറസ്റ്റിന് സാധ്യതയുള്ളതിനാൽ ദിലീപ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ദിലീപും സഹോദരൻ അനൂപും സഹോദരി ഭർത്താവ് സുരാജും അപേക്ഷ സമർപ്പിച്ചു. കേസിൽ പൊലീസ് ഗൂഢാലോചന നടത്തുകയാണെന്നാണ് ദിലീപ് ആരോപിക്കുന്നത്.

TAGS :

Next Story