Quantcast

ഗസ്സയിലെ ഇസ്രായേൽ ഉപരോധത്തിനെതിരെ ലോകം? സുമൂദ് ഫ്ലോട്ടിലയിലേക്ക് കൂടുതൽ കപ്പലുകൾ, ഇറ്റലിയിൽ നിർണായക കൂടിക്കാഴ്ച

ഗസ്സ തുറമുഖത്ത് ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ നിയമവിരുദ്ധമായ ഉപരോധം ഭേദിച്ച് ഫലസ്തീനിലേക്ക് സഹായമെത്തിക്കുന്നതിനായി കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കൂടുതല്‍ അന്താരാഷ്ട്ര പങ്കാളിത്തം ഉറപ്പുവരുത്തിയാണ് ഫ്ലോട്ടില തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്

MediaOne Logo
ഗസ്സയിലെ ഇസ്രായേൽ ഉപരോധത്തിനെതിരെ ലോകം? സുമൂദ് ഫ്ലോട്ടിലയിലേക്ക് കൂടുതൽ കപ്പലുകൾ, ഇറ്റലിയിൽ നിർണായക കൂടിക്കാഴ്ച
X

മാഡ്രിഡ്: കടല്‍മാര്‍ഗം ഗസ്സയിലേക്ക് ഭക്ഷ്യസഹായം എത്തിക്കുന്നതിന് വേണ്ടി പുറപ്പെട്ട ഹന്‍ദല ഫ്രീഡം ഫ്ലോട്ടിലയിലേക്ക് കൂടുതല്‍ കപ്പലുകള്‍. ഇറ്റലിയില്‍ നിന്നും ബാഴ്‌സലോണയില്‍ നിന്നും കൂടുതല്‍ കപ്പലുകള്‍ എത്തിയതോടെ മരിന ഡി സിറാകസ തുറമുഖത്ത് ഗ്ലോബല്‍ സുമൂദ് ഫ്ലോട്ടില വീണ്ടും ഒരുമിച്ചുകൂടി. നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ 50 ശതമാനം കൂടുതല്‍ സംവിധാനങ്ങളോടെയും പ്രത്യേകതകളോടെയും ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഫ്ലോട്ടില, ഗസ്സയിലേക്കുള്ള അടുത്ത യാത്രക്കായി തയാറെടുത്തുകൊണ്ടിരിക്കുകയാണ്.

ഗസ്സ തുറമുഖത്ത് ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ നിയമവിരുദ്ധമായ ഉപരോധം ഭേദിച്ച് ഫലസ്തീനിലേക്ക് സഹായമെത്തിക്കുന്നതിനായി കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കൂടുതല്‍ അന്താരാഷ്ട്ര പങ്കാളിത്തം ഉറപ്പുവരുത്തിയാണ് ഫ്ലോട്ടില തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. വംശഹത്യക്കെതിരായ പ്രതിഷേധം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതിനാല്‍ തന്നെ പ്രചാരണം കൂടുതല്‍ ശക്തിപ്പെട്ടേക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍.

അതേസമയം, തുടര്‍ച്ചയായ മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച്, ഗസ്സയിലേക്ക് നീങ്ങുന്ന ഗ്ലോബല്‍ സുമൂദ് ഫ്ലോട്ടിലയെ പിന്തുണക്കുന്നതിനായി ബ്രസല്‍സില്‍ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര പാര്‍ലമെന്ററി കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരുന്നു. സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രീയക്കാരും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തതായാണ് വിവരം.

സുരക്ഷിതവും സുസ്ഥിരവുമായ രീതിയില്‍ ഗസ്സയിലേക്ക് മരുന്നും ഭക്ഷണവുമെത്തിക്കുന്നതിനായി അന്താരാഷ്ട്ര ശക്തികള്‍ ഫ്ലോട്ടിലയെ പിന്തുണക്കണമെന്നും ഇസ്രായേലിലേക്ക് ആയുധമെത്തിക്കുന്നത് തടയണമെന്നും യൂറോപ്യന്‍ യൂണിയന്‍-ഇസ്രായേല്‍ കരാറുകള്‍ റദ്ദാക്കണമെന്നും കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. ഫ്ലോട്ടിലക്ക് സുരക്ഷിതമായി മുന്നോട്ട് നീങ്ങാന്‍ ഐക്യരാഷ്ട്ര സഭയുടെ പിന്തുണയുള്ള കപ്പല്‍പാത വിട്ടുകൊടുക്കണമെന്നും ഗസ്സയിലെ ജനങ്ങള്‍ക്ക് അവരുടെ തുറമുഖം വിട്ടുകൊടുക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്ന നിര്‍ദേശവും കോണ്‍ഫറന്‍സ് മുന്നോട്ടുവെച്ചു.

യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിങ്ങനെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. സ്പാനിഷ് മന്ത്രി സിറ രെഗോയും ഫ്രാന്‍സിസ്‌ക അല്‍ബനീസും അവരില്‍ പെടും. വിഷയത്തില്‍ ആഗോളശ്രദ്ധ പിടിച്ചുപറ്റുന്നതിനായി യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു. 56 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ ദൗത്യത്തില്‍ ഭാഗമാകുന്നുണ്ട്.

ഗാസയിലെ ഇസ്രായേല്‍ ഉപരോധത്തെ വെല്ലുവിളിക്കുക, മാനുഷിക സഹായങ്ങള്‍ എത്തിക്കുക എന്നിവയാണ് ഫ്ലോട്ടിലയുടെ പ്രധാന ലക്ഷ്യം. ഇതിനുപുറമെ, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, എഞ്ചിനീയര്‍മാര്‍ എന്നിവരടങ്ങുന്ന വിദഗ്ധ സംഘത്തെ എത്തിച്ച് ഗാസയിലെ ആരോഗ്യരംഗവും അടിസ്ഥാന സൗകര്യങ്ങളും പുനര്‍നിര്‍മ്മിക്കാനും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്. ഗസയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിനായി അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കണമെന്നാണ് ഫ്‌ലോട്ടിലയുടെ സംഘാടകര്‍ ആവശ്യപ്പെടുന്നത്.

ഗസ്സയിലേക്ക് സഹായമെത്തിക്കുന്നതിനായി ശ്രമിച്ച 40 കപ്പലുകളടങ്ങിയ സുമൂദ് ഫ്‌ലോട്ടില കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ തടഞ്ഞിരുന്നു. സംഘത്തിന് നേതൃത്വം നല്‍കിയ ഗ്രേറ്റ തുംബര്‍ഗ് അടക്കമുള്ള 450 ആക്ടിവിസ്റ്റുകളെ ഇസ്രായേല്‍ നേവി കസ്റ്റഡിയിലെടുത്ത് നാടുകടത്തുകയായിരുന്നു. ഇസ്രായേല്‍ കസ്റ്റഡിയില്‍ വലിയ പീഡനമാണ് തങ്ങള്‍ക്ക് നേരിടേണ്ടി വന്നതെന്ന് ഇവര്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

TAGS :

Next Story