ഒടുവിൽ അഹമ്മദാബാദും.. സമീപ കാലത്ത് ലോകത്തെ നടുക്കിയ 16 വിമാനാപകടങ്ങൾ
ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ് നിരവധി ആളുകൾ മരിച്ചതിന് പിന്നാലെ സമീപ കാലത്തായി നടന്ന മറ്റു വിമാനാപകടങ്ങളും ചർച്ചയാവുകയാണ്

ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ് നിരവധി ആളുകൾ മരിച്ചതിന് പിന്നാലെ സമീപ കാലത്തായി നടന്ന മറ്റു വിമാനാപകടങ്ങളും ചർച്ചയാവുകയാണ്.
വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അഹമ്മദാബാദ് സർദാർ വല്ലാഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുള്ള മേഘാനി നഗറിൽ ലണ്ടനിലേക്ക് യാത്രതിരിച്ച എയർഇന്ത്യ വിമാനം തകർന്നുവീണത്. വിമാനം പറന്നുയർന്ന് 20 മിനിറ്റിനുള്ളിൽ തകർന്നു വീഴുകയായിരുന്നു.
എയർഇന്ത്യയുടെ എഐ 171 ബോയിങ് 787-8 വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് അനൗദ്യോഗികവിവരം. 220 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് സൂചന. ദേശീയ ദുരന്തനിവാരണ സേനയുടെ ആറ് സംഘങ്ങൾ രക്ഷാപ്രവർത്തനത്തിനിറങ്ങും. ഏഴ് ഫയർഫോഴ്‌സ് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
ഇന്ത്യയിൽ സമീപ കാലങ്ങളിൽ നടന്ന ചില വിമാനാപകടങ്ങളുടെ വിവരങ്ങളിലേക്ക്:-
ഫെബ്രുവരി 26,2025
2025 ഫെബ്രുവരി 26-നാണ് സുഡാനിൽ സൈനിക വിമാനം തകർന്നുവീണ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 46 പേർ മരണപ്പെട്ടത്. ഓംഡർമനിലെ മിലിറ്ററി വിമാനത്താവളത്തിന് സമീപത്താണ് ടേക്കോഫിനിടെ അപകടം നടന്നത്. ജനവാസമേഖലയ്ക്കടുത്ത് ഓംഡർമൻ നോർത്തിലെ വാഡി സെദ്ന മിലിറ്ററി വിമാനത്താളത്തിലാണ് അപകടം നടന്നത്. ഒംദുർമനിലെ വാദി സെയ്ദ്‌ന എയർ ബേസിൽനിന്ന് പറന്നുയർന്ന വിമാനം മിനിറ്റുകൾക്കകം തകർന്നു വീഴുകയായിരുന്നു.
ഏപ്രിൽ 27
യു എസിലെ ടെന്നസിയിലെ ഒരു ഗ്രാമപ്രദേശത്താണ് ഏപ്രിൽ27-ന് മറ്റൊരപകടം നടന്നത്. സ്പാർട്ടയിലെ വിമാനത്താവളത്തിന് ഏകദേശം ഒരു മൈൽ തെക്കായി സിംഗിൾ എഞ്ചിൻ മൂണി M20TN വിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേരും കൊല്ലപ്പെടുകയായിരുന്നു.
മെയ് 5
കാലിഫോർണിയയിലെ സിമി വാലിയിൽ ഉണ്ടായ വിമാനാപകടത്തിൽ രണ്ട് പേരും ഒരു നായയും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സിമി വാലിയിലെ ഒരു ജനവാസ മേഖലയിലേക്കാണ് ചെറുവിമാനം തകർന്നു വീണത്. അപകടം നടന്നപ്പോൾ താമസക്കാർ വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.
മെയ് 7
മെയ് 7 ന് ബട്ടിൻഡയ്ക്ക് സമീപമുള്ള അകാലി ഖുർദ് ഗ്രാമത്തിന് സമീപം വിമാനം തകർന്ന് ഒരാൾ മരിക്കുകയും ഒമ്പത് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഭിസിയാന വ്യോമസേനാ സ്റ്റേഷനിൽ നിന്ന് വെറും 20 കിലോമീറ്റർ അകലെയുള്ള വയലിലാണ് അപകടം നടന്നത്.
മെയ് 8
ഡെറാഡൂണിൽ നിന്ന് ഗംഗോത്രി ധാമിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്റർ ഉത്തരകാശിയിലെ ഗംഗ്നാനിക്ക് സമീപം തകർന്നുവീണ് ആറ് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആറ് യാത്രക്കാരും ക്യാപ്റ്റനും അടക്കം 7 പേർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
മെയ് 17
ഫിൻലൻഡിൽ ആകാശത്ത് വെച്ച് രണ്ട് സിവിലിയൻ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് നിരവധി പേർ മരണപ്പെട്ടിരുന്നു.
മെയ് 22
കാലിഫോർണിയയിലെ സാൻ ഡീഗോയിലെ മർഫി കാന്യോൺ പരിസരത്ത് ചെറിയ വിമാനം തകർന്നുവീണു നിരവധി പേർ മരണപ്പെട്ടിരുന്നു. അപകടത്തിൽ നിരവധി വീടുകൾക്കും വാഹനങ്ങൾക്കും തീപിടിക്കുകയയും, നിരവധി ബ്ലോക്കുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടിയും വന്നു. എഫ്എഎ വിമാനം സെസ്ന 550 ആണ് അപകടത്തിൽ പെട്ടത്.
മെയ്-29
ദക്ഷിണ കൊറിയയിൽ പരിശീലനപ്പറക്കലിനിടെ നാവികസേനയുടെ പട്രോളിങ് വിമാനം തകർന്നുവീണു രണ്ട് പേർ മരിച്ചു. നാലുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. തെക്കുകിഴക്കൻ നഗരമായ പൊഹാങ്ങിലെ ബേസിൽ നിന്ന് പ്രാദോശികസമയം 1:43 ന് പട്രോളിങ് വിമാനം പുറപ്പെട്ടെങ്കിലും അജ്ഞാതമായ കാരണങ്ങളാൽ തകർന്നുവീഴുകയായിരുന്നു. അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല.
ജൂൺ1
വിമാനത്താവളത്തിന് അടുത്തെത്താനിരിക്കെ വിമാനം കെട്ടിടത്തിന്റെ ടെറസിൽ ഇടിച്ചുണ്ടായ അപകടത്തിൽ പടിഞ്ഞാറൻ ജർമ്മനിയിൽ രണ്ട് പേർ മരണപ്പെട്ടു. അപകടത്തിൽ വീടിന് സാരമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും തീപിടുത്തമുണ്ടാകുകയും ചെയ്തു.
ജൂൺ 9
യുഎസിലെ കലിഫോർണിയയിലുള്ള സാൻ ഡിയേഗോ തീരത്തിന് സമീപം വിമാനം തകർന്നുവീണ് ആറ് പേർ മരിച്ചു. ഇരട്ട എഞ്ചിൻ വിമാനമായ സെസ്ന 414 ആണ് അപകടത്തിൽ പെട്ടത്. വിമാനം ടേക്കേഫ് ചെയ്തതിന് പിന്നാലെയാണ് അപകടം നടന്നത്.
ഇതേ ദിവസം തന്നെ നാഷ്‌വില്ലിൽ നിന്ന് ഏകദേശം 60 മൈൽ തെക്ക് ടെന്നസിയിലെ കോഫി കൗണ്ടിയിൽ 20 പേരുമായി പറന്ന ഒരു സ്കൈ ഡൈവിംഗ് വിമാനം തകർന്നുവീണിരുന്നു. തുള്ളഹോമ റീജിയണൽ വിമാനത്താവളത്തിന് സമീപമാണ് അപകടം നടന്നത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റങ്കിലും ആളപായമുണ്ടായിട്ടില്ല.
ജൂൺ12
തായ്‌ലൻഡിലെ ബീച്ചിന് സമീപം പൊലീസ് വിമാനം തകർന്നുവീണ് ആറ് പേർ കൊല്ലപ്പെട്ടു. ഹുവാ ഹിൻ ജില്ലയിൽ പാരച്യൂട്ട് പരിശീലനത്തിന് മുന്നോടിയായി നടത്തിയ പരീക്ഷണ പറക്കലിനിടെയാണ് വിമാനം തകർന്നുവീണത്.
2025-ന് മുന്നേ നടന്ന ചില വിമാനാപകടങ്ങൾ:-
നവംബർ 12,1996 :-
1996 നവംബർ 12 നാണ് സൗദി എയർലൈൻസിന്റെ ബോയിങ് 747-100 ബി വിമാനവും കസാഖിസ്ഥാന്റെ ഇല്യൂഷിൻ ഐഎൽ-76 ഉം തമ്മിൽ കൂട്ടിയിടിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ആകാശ ദുരന്തം നടന്നത്. രണ്ടു വിമാനങ്ങളിലെയും 351 യാത്രക്കാർ അപകടത്തിൽ കൊല്ലപ്പെട്ടു. ന്യൂഡൽഹിയിൽ നിന്ന് 100 കിലോമീറ്റർ അകലേയുള്ള ചാർക്കിദാദ്രി ഗ്രാമത്തിന് സമാപമാണ് അപകടമിണ്ടായത്.
മെയ് 22, 2010
ദുബായിൽ നിന്ന് മംഗലാപുരത്തേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർന്നുവീണ് 158 പേർ കൊല്ലപ്പെട്ടിരുന്നു. 166 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ത്യൻ വ്യോമയാനത്തിലെ ഏറ്റവും മാരകമായ ദുരന്തങ്ങളിലൊന്നായി ഇത് കണക്കാക്കുന്നു.
ആഗസ്റ്റ് 7,2020
കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി രണ്ടായി പിളർന്ന അപകടത്തിൽ പൈലറ്റടക്കം 17 പേർ മരണപ്പെട്ടിരുന്നു. ദുബായിൽ നിന്ന് 190 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ജൂലൈ 24,2024
നേപ്പാളിൽ ശൗര്യ എയർലൈൻസിന്റെ വിമാനം ടേക്ക് ഓഫിനിടെ തകർന്നുവീണ് പതിനെട്ടുപേർ മരിച്ചിരുന്നു. ജീവനക്കാരുൾപ്പെടെ 19 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
കാഠ്മണ്ഡു ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. കാഠ്മണ്ഡുവിൽനിന്ന് പൊഖ്റയിലേക്ക് പുറപ്പെട്ടതാണ് വിമാനം. ടേക്ക് ഓഫിനിടെ വിമാനം റൺവേയിൽനിന്ന് തെന്നിമാറിയാണ് അപകടം സംഭവിച്ചത്.
Adjust Story Font
16

