Quantcast

ഒടുവില്‍ മോചനം; വരവരറാവു ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങി

ആറ് മാസം ജാമ്യം ലഭിച്ച വരവരറാവു ആശുപത്രി കിടക്കയില്‍ നിന്നും പുറത്തിറങ്ങിയ കാര്യം അഭിഭാഷക ഇന്ദിര ജയ്‍സിങ് ആണ് അറിയിച്ചത്

MediaOne Logo

  • Published:

    7 March 2021 12:35 PM IST

ഒടുവില്‍ മോചനം; വരവരറാവു ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങി
X

ഭീമ കൊറെഗാവ് കേസില്‍ കുറ്റാരോപിതനായ പ്രശസ്ത തെലുഗു കവി വരവര റാവു മുംബൈ നാനാവതി ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങി. രണ്ട് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വരവരറാവുവിന് കഴിഞ്ഞ മാസമാണ് ജാമ്യം അനുവദിച്ചിരുന്നത്. ആറ് മാസം ജാമ്യം ലഭിച്ച വരവരറാവു ആശുപത്രി കിടക്കയില്‍ നിന്നും പുറത്തിറങ്ങിയ കാര്യം അഭിഭാഷക ഇന്ദിര ജയ്‍സിങ് ആണ് അറിയിച്ചത്.

ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ വരവരറാവു മുംബൈയില്‍ തന്നെ തങ്ങണമെന്നും അന്വേഷണത്തിന് ആവശ്യപ്പെടുന്ന പക്ഷം സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍.ഐ.എ കോടതിയില്‍ പാസ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മറ്റു കുറ്റാരോപിതരുമായി ബന്ധപ്പെടരുതെന്നും കോടതി ഉത്തരവുണ്ട്. അന്‍പതിനായിരം രൂപയുടെ വ്യക്തിഗത ബോണ്ടും ഇതേ തുകയുടെ രണ്ട് ആള്‍ ജാമ്യങ്ങളും സമർപ്പിച്ചാണ് വരവരറാവുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2018 ആഗസ്റ്റ് 28 മുതല്‍ വരവരറാവു പൊലീസ് കസ്റ്റഡിയിലാണ്.

ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് മനുഷ്യാവകാശ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വരവരറാവുവിന് ഹൈക്കോടതി മെഡിക്കല്‍ ജാമ്യം അനുവദിക്കുന്നത്. അതെ സമയം ജാമ്യം ലഭിച്ചത് വലിയ ആശ്വാസമായെന്ന് വരവരറാവുവിന്‍റെ മകള്‍ പാവണി പ്രതികരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ കേസില്‍ ഒന്നും ആശ്വാസകരമായി സംഭവിച്ചിരുന്നില്ല. ഇതാണ് ഈ കേസിലെ ആദ്യ ആശ്വാസകരമായ മുന്നേറ്റം. ഞങ്ങള്‍ സന്തോഷത്തിലാണ് പക്ഷേ മുംബൈയില്‍ തന്നെ തുടരണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. അഭിഭാഷകരുമായി സംസാരിച്ച് ഇതിനെക്കുറിച്ച് ആലോചിക്കുമെന്ന് മകള്‍ പാവണി പറഞ്ഞു.

TAGS :

Next Story