ബംഗാളില്‍ ബി.ജെ.പിയുടെ താരപ്രചാരകനാകാന്‍ ഗൗതം ഗംഭീർ
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഓപ്പണറും ലോകകപ്പ് നേടിയ ടീമിലെ അംഗവുമായ ഗംഭീറിന്‍റെ സാന്നിധ്യം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഗുണം ചെയ്യുമെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകനാകാന്‍ ഗൗതം ഗംഭീര്‍. ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ബിജെപിയുടെ ലോക്സഭാ അംഗമായ ഗംഭീര്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണരംഗത്തുണ്ടാകുമെന്നാണ് സൂചനകള്‍. എട്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ മുഴുവന്‍ സമയ പ്രചരണത്തിന് ഗംഭീര്‍ ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം പുറത്തുനിന്നുള്ളവരുടെ പാർട്ടിയാണ് ബിജെപിയെന്നും അവര്‍ക്ക് ബംഗാളില്‍ സ്ഥാനമില്ലെന്നും കഴിഞ്ഞ ദിവസം മമത ബാനര്‍ജി പറഞ്ഞിരുന്നു. എന്നാല്‍ ബംഗാള്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന തനിക്ക് സങ്കടവും നിരാശയും ഉണ്ടാക്കി എന്നായിരുന്നു ഗംഭീറിന്‍റെ പ്രതികരണം. എപ്പോഴും മറ്റ് സംസ്ഥാനങ്ങളില്‍ വരുമ്പോള്‍ തനിക്ക് സ്വന്തം നാട് പോലെയാണ് തോന്നാറുള്ളതെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഓപ്പണറും ലോകകപ്പ് നേടിയ ടീമിലെ അംഗവുമായ ഗംഭീറിന്‍റെ സാന്നിധ്യം തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഗുണം ചെയ്യുമെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. മാര്‍ച്ച് 22 മുതലാകും ഗംഭീര്‍ ബംഗാളില്‍ ബി.ജെ.പിയുടെ പ്രചരണത്തിനൊപ്പം ചേരുക.
ഗംഭീര്‍ ബംഗാളില്‍ എത്തിയാല്‍ ഡല്‍ഹിക്ക് പുറത്ത് ബിജെപിക്കുവേണ്ടി ഗംഭീറിന്‍റെ ആദ്യത്തെ മുഴുനീള തെരഞ്ഞെടുപ്പ് പ്രചരണമായിരിക്കും അത്. കഴിഞ്ഞ വർഷം ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ ഹോക്കി താരം സന്ദീപ് സിങ്ങിനായി ഗംഭീര്‍ പ്രചരണത്തിന് ഇറങ്ങിയിരുന്നു. 2020 ഡിസംബറിൽ കശ്മീരില്‍ നടന്ന ജില്ലാ വികസന കൗൺസിലിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും നടന്നില്ല.
Adjust Story Font
16

