Quantcast

സ്ത്രീക്കും പുരുഷനും തുല്യവേതനം, ക്രിമിനൽ പശ്ചാത്തലമുളളവരെ സഹകരിപ്പിക്കരുത്; ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാരിന്റെ കരട് നിർദേശങ്ങൾ ഇങ്ങനെ

മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പേരുടെ ലോബിയാണെന്നും അവർക്കെതിരെ തെളിവ് നൽകുന്നത് തടയാൻ ശ്രമങ്ങളുണ്ടായെന്നും ജസ്റ്റിസ് ഹേമ കമ്മിറ്റി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-05-04 08:42:58.0

Published:

4 May 2022 7:17 AM GMT

സ്ത്രീക്കും പുരുഷനും തുല്യവേതനം, ക്രിമിനൽ പശ്ചാത്തലമുളളവരെ സഹകരിപ്പിക്കരുത്; ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാരിന്റെ കരട് നിർദേശങ്ങൾ ഇങ്ങനെ
X

ഹേമ കമ്മീഷൻ നൽകിയ റിപ്പോർട്ട് മുൻനിർത്തി സിനിമാ മേഖലയ്ക്കായി സാംസ്‌കാരിക വകുപ്പ് തയ്യാറാക്കിയ കരട് നിർദേശങ്ങൾ പുറത്ത്. സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കണം എന്നതടക്കം നിരവധി നിർദേശങ്ങളാണ് ഇന്ന് നടക്കുന്ന ചർച്ചയിൽ അവതരിപ്പിക്കുന്നത്. സിനിമാ മേഖലയിൽ വ്യക്തമായ കരാർ നിർബന്ധമാക്കണം, ജോലി സ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല, സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം, സോഷ്യൽ മീഡിയയിലൂടെയുളള ഓഡീഷന് നിയന്ത്രണം ഏർപ്പെടുത്തും, ക്രിമിനൽ പശ്ചാത്തലമുളളവരെ സെറ്റുകളിൽ സഹകരിപ്പിക്കരുത്, സുരക്ഷിതമല്ലാത്ത താമസ, യാത്രാ സൗകര്യങ്ങൾ സ്ത്രീകൾക്കായി ഒരുക്കരുത്, സ്ത്രീകളോട് അശ്ലീല ചുവയോടെയുളള പെരുമാറ്റം പാടില്ല എന്നിവയാണ് പ്രധാന കരട് നിർദേശങ്ങൾ.

മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പേർ അടങ്ങുന്ന ശക്തമായ ലോബിയാണെന്ന് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇതിൽ ഒരാൾ മാത്രം തീരുമാനിച്ചാൽ പോലും അവർക്ക് ഇഷ്ടമില്ലാത്ത ആളെ എന്നെന്നേക്കുമായി ഈ രംഗത്ത് നിന്ന് ഇല്ലാതാക്കാൻ കഴിയും. ഇതിൽ നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നി തലങ്ങളിൽ ഉളളവരുണ്ടെന്നും രണ്ടുവർഷം മുമ്പ് മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ജസ്റ്റിസ് കെ. ഹേമ, നടി ശാരദ, മുൻ ഐഐഎസ് ഉദ്യോഗസ്ഥ കെ.ബി വത്സലകുമാരി എന്നിവർ അടങ്ങിയ കമ്മീഷന്റെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ കരട് നിർദേശങ്ങൾ തയ്യാറാക്കിയത്. ഇതിനായി സാംസ്‌കാരിക വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. റിപ്പോർട്ട് സമർപ്പിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും അത് പരസ്യപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ ഇതുവരെ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. റിപ്പോർട്ട് വെളിപ്പെടുത്തണമെന്ന ആവശ്യം ഡബ്ല്യുസിസി അടക്കം ശക്തമായി ഉന്നയിച്ച് തുടങ്ങിയതോടെയാണ് സർക്കാർ ചർച്ച വിളിക്കുന്നത്.


സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്താണ് സിനിമാ മേഖലയിലുളള വിവിധ സംഘടനകളുമായി ഹേമ കമ്മിറ്റി റിപ്പോർട്ട് മുൻനിർത്തി സർക്കാർ ചർച്ച സംഘടിപ്പിക്കുന്നത്. യോഗത്തിൽ താരസംഘടനയായ അമ്മയിൽ നിന്ന് പങ്കെടുക്കുന്നവരിൽ ഒരു വനിതാ പ്രതിനിധി പോലുമില്ല. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റ് മണിയൻപിളള രാജു, ട്രഷറർ സിദ്ദിഖ് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ചർച്ചയിൽ ഡബ്ല്യുസിസിയെ പ്രതിനിധീകരിക്കുന്നത് ബീനാ പോൾ, പത്മപ്രിയ, ആശാ ജോർജ് എന്നിവരാണ്. ഇവർക്ക് പുറമെ മാക്ട, ഫെഫ്ക, ഫിലിം ചേംബർ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എന്നിവരുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.

മലയാള സിനിമയെ നിയന്ത്രിക്കുന്നത് 15 പേരുടെ ലോബിയാണെന്നും അവർക്കെതിരെ തെളിവ് നൽകുന്നത് തടയാൻ ശ്രമങ്ങളുണ്ടായെന്നും ജസ്റ്റിസ് ഹേമ കമ്മിറ്റി നേരത്തെ വെളിപ്പെടുത്തിയിരുന്നു. നടിമാർ അവസരങ്ങൾക്കായി സമീപിച്ചാൽ ഒറ്റയ്ക്ക് ചെല്ലാൻ പറയും. അവരോട് ലൈംഗിക താത്പര്യം അറിയിക്കും. സമ്മതിച്ചാൽ മാത്രമേ അവസരം കിട്ടൂ. ഇതിന്റെ വാട്സാപ്പ് ചാറ്റ്, സ്‌ക്രീൻഷോട്ടുകൾ, എസ്എംഎസ് സന്ദേശങ്ങൾ എന്നിവയുടെ നൂറിനടുത്ത് തെളിവുകൾ റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. വസ്ത്രം മാറുന്നത് ക്യാമറയിൽ പകർത്തി പ്രചരിപ്പിക്കുന്നത് പതിവാണ്. ഇത്തരം ദൃശ്യങ്ങൾ കൈവശം വെച്ച് ഭീഷണിപ്പെടുത്തുന്നതും ലോബിയുടെ രീതിയാണ്. അവർക്ക് ഇഷ്ടമില്ലാതെ പെരുമാറിയാൽ സൈബർ ആക്രമണം നടത്തും. ഇവർക്ക് വിധേയരായി പ്രവർത്തിച്ചാൽ മാത്രമേ നിലനിൽപ്പുളളൂവെന്ന സ്ഥിതിയാണ്. നിർമ്മാണം, അഭിനയം, സംവിധാനം എന്നീ മേഖലകളിലെ 57 പേരെ കണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കിയത്.

TAGS :

Next Story