Quantcast

മക്കയിലെ ചെക്പോയിന്റുകളില്‍ പരിശോധന കര്‍ശനമാക്കി

MediaOne Logo

U Shaiju

  • Published:

    16 Sep 2017 8:43 PM GMT

മക്കയിലെ  ചെക്പോയിന്റുകളില്‍ പരിശോധന കര്‍ശനമാക്കി
X

മക്കയിലെ ചെക്പോയിന്റുകളില്‍ പരിശോധന കര്‍ശനമാക്കി

മക്കയിലെ താമസരേഖയോ ഹജ്ജ് അനുമതി പത്രമോ ഇല്ലാത്ത ഒരാളെയും അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല.

ഹജ്ജ് കര്‍മങ്ങള്‍ക്ക് നാളെ ആരംഭിക്കാനിരിക്കെ അംഗീകാരമില്ലാതെ ഹജ്ജിനെത്തുന്നത് തടയാന്‍ മക്കയിലെ വിവിധ ചെക്പോയന്‍റുകളില്‍ പരിശോധന ശക്തമാക്കി. മക്കയിലെ താമസരേഖയോ ഹജ്ജ് അനുമതി പത്രമോ ഇല്ലാത്ത ഒരാളെയും അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. അനധികൃതമായി ഹജ്ജിനെത്തുന്നവര്‍ പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ നേരിടേണ്ടിവരും.

മക്കയിലേക്കുള്ള ആറ് പ്രവേശക കവാടങ്ങളിലും പൊതുസുരക്ഷാ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ കനത്ത പരിശോധനയാണ് നടത്തുന്നത്. ജിദ്ദ, മക്ക എക്സ്പ്രസ് വേ, ഹറമൈന്‍ അതിവേഗ പാത, ത്വാഇഫില്‍ നിന്നുള്ള അല്‍ഹാദ, സേല്‍ കബീര്‍ തുടങ്ങിയ റോഡുകളിലെ ചെക് പോയന്‍റുകള്‍ വഴി അംഗീകൃത രേഖകളുള്ളവരെ മാത്രമേ മക്കയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. ഹജ്ജ് അനുമതി പത്രമോ, മക്കയില്‍ ഇഷ്യു ചെയ്ത താമസ രേഖയോ കൈവശമുണ്ടാകണം. ഹജ്ജിന്‍റെ ഇഹ്റാം വേഷത്തിലല്ലാത്ത സ്വദേശികള്‍ക്കും മക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കില്ല. ഹജ്ജ് അനുമതി പത്രം ഓണ്‍ലൈന്‍ വഴി പരിശോധിച്ച് സീല്‍ ചെയ്തു നല്‍കും. ഇഹ്റാം വേഷത്തില്‍ ഡ്രൈവ് ചെയ്തു വരുന്ന ചെറിയ വാഹനങ്ങള്‍ മക്ക അതിര്‍ത്തിയില്‍ പ്രവേശിപ്പിക്കുന്നില്ല. പാര്‍ക്കിംങ് ഏരിയയില്‍ നിന്നും ഇവര്‍ക്കായി ഹറമിലേക്ക് ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബസ് മാര്‍ഗം ആഭ്യന്തര ഹാജിമാര്‍ വരുന്നതോടെ ബുഹൈത്വ, ശുമൈസി ചെക്പോയന്‍റുകളില്‍ തിരക്ക് വര്‍ദ്ധിക്കും.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി അറഫാ ദിനം വൈകുന്നേരം വരെ മക്കയിലും പരിസര പ്രദേശങ്ങളിലും ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലും പരിശോധന നടത്തും. ഇതോടൊപ്പം മരുഭൂമിയില്‍ വാനനിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. അനുമതിയില്ലാതെ മക്കയിലേക്ക്
പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നിരന്തരം എസ്എംഎസ് വഴി സന്ദേശമയക്കുന്നുണ്ട്. പിടിക്കപ്പെടുന്നവര്‍ക്ക് നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള ശിക്ഷയാണ് ലഭിക്കുക.

TAGS :

Next Story