ഖത്തറില്‍ ലോജിസ്റ്റിക് മേഖലയില്‍ വാടക കുറയ്ക്കാന്‍ തീരുമാനം

ഖത്തറില്‍ ലോജിസ്റ്റിക് മേഖലയില്‍ വാടക കുറയ്ക്കാന്‍ തീരുമാനം
സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനും വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു
ഖത്തറില്‍ ലോജിസ്റ്റിക് മേഖലയില്‍ വാടക കുറയ്ക്കാന്‍ തീരുമാനം. രാജ്യത്ത് പുതുതായി നിര്‍മ്മിക്കുന്ന അല്‍ മനാതിഖ് സോണില്‍ 50 ശതമാനം വാടകകുറച്ച് സൗകര്യങ്ങള്‍ നല്‍കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ അല്‍ഥാനി പ്രഖ്യാപിച്ചു.സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനും വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചു.
കഴിഞ്ഞ നാല് മാസമായി രാജ്യം അഭിമുഖീകരിക്കുന്ന ഉപരോധം തുടരുന്ന സാഹചര്യത്തിൽ സ്വദേശി ഉൽപന്നങ്ങളുടെ നിർമാണം വർധിപ്പിക്കുന്നതിനും സ്വകാര്യ-പൊതു മേഖലകൾക്ക് ഉത്തേജനം നൽകാനും വിവിധ പദ്ധതികളാണ് ഖത്തറില്‍ പ്രഖ്യാപിച്ചത് രാജ്യത്തിന്റെ ദക്ഷിണ മേഖലയിൽ അൽമനാത്വിഖ് കമ്പനിയുടെ മേൽ നോട്ടത്തിലുള്ള ലോജിസ്റ്റിക് മേഖലയിൽ 50 ശതമാനം വാടകക്കുറവിൽ സൗകര്യം നൽകുമെന്ന് പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ അല്‍ഥാനി പ്രഖ്യാപിച്ചു. അടുത്ത രണ്ട് വർഷത്തേക്ക് വാടകയിനത്തിൽ വർധനവില്ലാത്ത പ്രഖ്യാപനമാണ് ഉണ്ടായത്. പുതിയ തീരുമാനം അനുസരിച്ച് ഒരു ചതുരശ്ര മീറ്ററിന് ഇരുപത് റിയാലായിരിക്കും വാടക. സ്വദേശി ഉൽപന്നങ്ങളെ പ്രാത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി 30 ശതമാനം മുതൽ 100 ശതമാനം വരെ ഗവൺമെന്റ് സെക്ടറിൽ ഇത്തരം ഉൽപ്പന്നങ്ങളാണ് ഉപയോഗിക്കേണ്ടതെന്ന നിർദ്ദേശവും ഉന്നത തലത്തിൽ എടുത്തിരിക്കുന്നു. വ്യവസായ സംരംഭങ്ങൾക്ക് വായ്പ അനുവദിക്കുന്ന ഖത്തർ ഡവലപ്പ്മെന്റ് ബാങ്ക് അടുത്ത ആറ് മാസം വരെ തിരിച്ചടവിന് ഇളവ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്ത് ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ഭക്ഷണ സാധനങ്ങൾ ഇവിടെ തന്നെ ഉൽപാദിപ്പിക്കണമെന്ന പദ്ധതിയാണ് കാർഷിക വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വലിയ പിന്തുണയാണ് മന്ത്രാലയം നൽകുന്നത്. സ്വദേശി ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് പ്രത്യേക വിപണികൾ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ഉപരോധം തുടരുന്ന സാഹചര്യത്തിൽ കാർഷിക മേഖല ശക്തമാക്കുന്നതോടൊപ്പം തന്നെ വ്യവസായ മേഖലയിലും സ്വയം പര്യാപ്തത കൈവരിക്കാനുളള ദൃഢ നിശ്ചയത്തിലാണ് ഭരണകൂടം.
Adjust Story Font
16

