Quantcast

ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള ഇ-നിരീക്ഷണ കേന്ദ്രം ആരംഭിച്ചു

MediaOne Logo

Alwyn K Jose

  • Published:

    7 May 2018 3:18 PM GMT

ഹജ്ജ് തീര്‍ഥാടകരുടെ ഓരോ നീക്കങ്ങളും ഇലക്ട്രോണിക് സംവിധാനം വഴി നിരീക്ഷിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനം സൌദി ഹജ്ജ്-ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബന്ദന്‍ നിര്‍വഹിച്ചു.

ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള ഇ-നിരീക്ഷണ കേന്ദ്രം ആരംഭിച്ചു. ഹജ്ജ് തീര്‍ഥാടകരുടെ ഓരോ നീക്കങ്ങളും ഇലക്ട്രോണിക് സംവിധാനം വഴി നിരീക്ഷിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനം സൌദി ഹജ്ജ്-ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബന്ദന്‍ നിര്‍വഹിച്ചു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കുള്ള സേവന പദ്ധതിക്ക് മന്ത്രി അംഗീകാരം നല്‍കി.

ഹജ്ജ് കര്‍മ്മളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും തീരുമാനമെടുക്കുന്നതും വേഗത്തിലാക്കുക, പെട്ടന്നുണ്ടാകുന്ന പ്രശ്നങ്ങളില്‍ അപ്പപ്പോള്‍ തീരുമാനം കൈകൊള്ളുക, പ്രതികൂല സാഹചര്യങ്ങളെ നിരീക്ഷിക്കുകയും അതിവേഗം പരിഹാരം കാണുകയും ചെയ്യുക തുടങ്ങിയവയാണ് മുഖ്യമായും ഇലക്ട്രോണിക് സംവിധാനം വഴി ലക്ഷ്യമാക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രം മക്ക, മദീന എന്നിവിടങ്ങളിലെ തീര്‍ഥാടക സേവന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. ഹജ്ജ്, ഉംറ തീര്‍ഥാടനവുമായി ബന്ധപ്പെട്ട എല്ലാ സേവന വിഭാഗങ്ങള്‍ക്കും പുതിയ സംവിധാനം വഴി തീര്‍ഥാടകര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടിക്രമങ്ങളും വേഗത്തിലും കുറ്റമറ്റതുമാക്കാന്‍ ഇലക്ട്രോണിക് സംവിധാനം സഹായകമാകും. ഈ വര്‍ഷത്തെ ഹജ്ജ് സേവനത്തിനായി ദക്ഷിണേഷ്യന്‍ മുതവ്വിഫ് സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പദ്ധതിക്ക് മന്ത്രി ഡോ. മുഹമ്മദ് ബന്ദന്‍ അംഗീകാരം നല്‍കി. 118 സേവന ഓഫീസുകള്‍ മുഖേന ഇന്ത്യ ഉള്‍പ്പെടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍നിന്നായി 4,20,000 തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജിനെത്തുക. സൌദി വിഷന്‍ 2030 നിര്‍ദ്ദേശ പ്രകാരമുള്ള കുറ്റമറ്റ സേവനം തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കുമെന്ന് മുതവ്വിഫ് സ്ഥാപന മേധാവി ഡോ. റഅ്ഫത് ബദര്‍ പറഞ്ഞു. ഹജ്ജ് തീര്‍ഥാകരുടെ സേവനത്തിനായി ഭരണകൂടം തയാറാക്കിയ അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സേവനങ്ങള്‍ പരമാവധി മെച്ചപ്പെടുത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story