ഹുദൈദയില്‍ നിന്ന് പിന്മാറാനുള്ള നീക്കം നിര്‍ത്തി വെച്ച് വിമതരും സൈനികരും
ജനുവരി ഏഴിനകം ഹുദൈദയില്‍ നിന്ന് പിന്മാറുമെന്നായിരുന്നു സഖ്യസേനയുടെയേും ഹൂതികളുടേയും ധാരണ

യമനില്‍ സമാധാന ചര്‍ച്ചയുടെ രണ്ടാം ഭാഗത്തിന് മുന്നോടിയായി ഹുദൈദയില്‍ നിന്ന് പിന്മാറാനുള്ള നീക്കം വിമതരും സൈനികരും താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. മേഖലയുടെ നിയന്ത്രണം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണിത്. പ്രശ്നം പരിഹരിക്കുന്നതിനായി യു.എന്‍ മധ്യസ്ഥന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് ഇന്ന് വീണ്ടും യമനിലെത്തി.
ജനുവരി ഏഴിനകം ഹുദൈദയില്‍ നിന്ന് പിന്മാറുമെന്നായിരുന്നു സഖ്യസേനയുടെയേും ഹൂതികളുടേയും ധാരണ. എന്നാല്‍ ഇതിനിടയില്‍ നിരവധി തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായി. പിന്നാലെ മേഖല ആര് നിയന്ത്രിക്കുമെന്ന തര്‍ക്കവും ഉടലെടുത്തു. ഇതോടെയാണ് മേഖലയില്‍ നിന്നും പിന്മാറേണ്ടെന്ന് സൈനിക വിഭാഗങ്ങളുടെ തീരുമാനം.
യു.എന്‍ നേതൃത്വത്തിലുള്ള എഴുപതംഗ സംഘം മേഖലയില്‍ എത്തും. ഇതിനിടെ ചര്‍ച്ചകള്‍ വേഗത്തിലാക്കാനും സൈനിക വിന്യാസം പിന്‍വലിക്കാനും ചര്‍ച്ചകള്‍ക്കായി യു.എന്‍ മധ്യസ്ഥന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് എത്തി. എല്ലാ വിഭാഗങ്ങളുമായും അദ്ദേഹം ചര്‍ച്ച നടത്തും. ഇതിനിടെ ഇന്നലെ യമനിലെ മോചയില്‍ ഹൂതികള്‍ നടത്തിയ സ്ഫോടനത്തില്‍ മാധ്യമ പ്രവര്‍ത്തകനടക്കം രണ്ട് പേര്‍ മരിച്ചു. ഇരുപത് പേര്‍ക്ക് പരിക്കുണ്ട്. അബൂദബി ടിവിയിലെ മാധ്യമ പ്രവര്‍ത്തകന്‍ ഫൈസല്‍ അല്‍ ദഹ്ബാനിയാണ് മരിച്ചത്.
Adjust Story Font
16

