Quantcast

ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ്; ബിജെപിക്ക് വൻ മുന്നേറ്റം, വീണ്ടും ചിത്രത്തിലില്ലാതെ കോൺഗ്രസ്

ചിലയിടങ്ങളിൽ നേട്ടമുണ്ടാക്കി ആം ആദ്മി

MediaOne Logo

  • Published:

    2 March 2021 5:03 PM IST

ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ്; ബിജെപിക്ക് വൻ മുന്നേറ്റം, വീണ്ടും ചിത്രത്തിലില്ലാതെ കോൺഗ്രസ്
X

അഹമ്മദാബാദ്: ഗുജറാത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് വൻ മുന്നേറ്റം. ചൊവ്വാഴ്ച വൈകിട്ട് നാലു മണി വരെയുള്ള കണക്കു പ്രകാരം 2720 മുനിസിപ്പാലിറ്റി സീറ്റുകളിൽ 1886 ഇടത്തും ബിജെപിയാണ് മുമ്പിൽ നിൽക്കുന്നത്. 364 സീറ്റിൽ കോൺഗ്രസും 22 ഇടത്ത് ആം ആദ്മി പാർട്ടിയും ലീഡ് ചെയ്യുന്നു.

980 ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ 629 ഇടത്തും ഭരണകക്ഷി മുമ്പിട്ടു നിൽക്കുന്നു. കോൺഗ്രസ് ലീഡ് ചെയ്യുന്നത് 144 സ്ഥലത്തു മാത്രം. താലൂക്ക് പഞ്ചായത്തുകളിലെ 4774 സീറ്റിൽ 2646 ഇടത്തും ബിജെപിയാണ് മുമ്പിൽ. 964 സീറ്റിൽ കോൺഗ്രസും 42 സീറ്റിൽ ആം ആദ്മിയും ലീഡ് ചെയ്യുന്നു.

ഇതുവരെ 18 ജില്ലാ പഞ്ചായത്തുകൾ ബിജെപി സ്വന്തമാക്കി. അഹമ്മദാബാദ്, പോർബന്ധർ, ജുൻഗാദ്, അംറേലി, നവ്‌സാരി, വൽസാദ്, സൂറത്ത്, ദേവ്ഭൂമി ദ്വാരക, ഗിർ സോംനാഥ്, ബൊതാഡ്, അരാവല്ലി. കച്ച്, രാജ്‌കോട്ട്, ആനന്ദ്, വഡോദര, താപി, നർമദ ജില്ലാ പഞ്ചായത്തുകളാണ് ബിജെപി ജയിച്ചത്. 31 ജില്ലാ പഞ്ചായത്തുകളിലും ലീഡ് ചെയ്യുന്നത് ബിജെപിയാണ്. ചിലയിടങ്ങളിൽ ആം ആദ്മി പാർട്ടി മുന്നേറ്റമുണ്ടാക്കി.

പ്രതിപക്ഷ നേതാവ് പരേശ് ധനാനിയുടെ ജില്ലയായ അംറേലിയിൽ അമ്പത് ശതമാനത്തിലേറെ സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലേറിയത്.

31 ജില്ലാ പഞ്ചായത്തുകൾ, 81 മുനിസിപ്പാലിറ്റികൾ, 231 താലൂക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 58.82 ശതമാനമായിരുന്നു പോളിങ്.

ഈയിടെ തെരഞ്ഞെടുപ്പ് നടന്ന ആറു മുനിസിപ്പൽ കോർപറേഷനുകളിലും ബിജെപിയാണ് ജയിച്ചിരുന്നത്. അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, വഡോദര, ഭാവ്‌നഗർ, ജാംനഗർ കോർപറേഷനുകളിലെ 576 സീറ്റിൽ 483 ഉം ബിജെപിയാണ് സ്വന്തമാക്കിയിരുന്നത്. ആം ആദ്മി പാർട്ടി 27 സീറ്റു നേടി സാന്നിധ്യം അറിയിച്ചു.

TAGS :

Next Story