സ്വന്തം വാർഡിൽ പോലും ജയിക്കാനായില്ല; ഗുജറാത്ത് പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രസിഡണ്ടും രാജിവച്ചു
തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് കോൺഗ്രസിന് നേരിട്ടത്

അഹമ്മദാബാദ്: തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പിന്നാലെ ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ അമിത് ചാവ്ദയും പ്രതിപക്ഷ നേതാവ് പരേഷ് ധനാനിയും സ്ഥാനം രാജിവച്ചു. ഇരുവരുടെയും രാജി ഹൈക്കമാൻഡ് സ്വീകരിച്ചതായാണ് വിവരം. അടുത്ത മാസം അവസാനത്തോടെ പാർട്ടിക്ക് പുതിയ സംസ്ഥാന അധ്യക്ഷൻ വരുമെന്നാണ് സൂചന.
തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് കോൺഗ്രസിന് നേരിട്ടത്. ചൊവ്വാഴ്ച വൈകിട്ട് നാലു മണി വരെയുള്ള കണക്കു പ്രകാരം 2720 മുനിസിപ്പാലിറ്റി സീറ്റുകളിൽ 1886 ഇടത്തും ബിജെപിയാണ് മുമ്പിൽ നിൽക്കുന്നത്. 364 സീറ്റിൽ കോൺഗ്രസും 22 ഇടത്ത് ആം ആദ്മി പാർട്ടിയും ലീഡ് ചെയ്യുന്നു.
980 ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ 629 ഇടത്തും ഭരണകക്ഷി മുമ്പിട്ടു നിൽക്കുന്നു. കോൺഗ്രസ് ലീഡ് ചെയ്യുന്നത് 144 സ്ഥലത്തു മാത്രം. താലൂക്ക് പഞ്ചായത്തുകളിലെ 4774 സീറ്റിൽ 2646 ഇടത്തും ബിജെപിയാണ് മുമ്പിൽ. 964 സീറ്റിൽ കോൺഗ്രസും 42 സീറ്റിൽ ആം ആദ്മിയും ലീഡ് ചെയ്യുന്നു.
പരേഷ് ധനാനിയുടെ ജില്ലയായ അംറേലിയിൽ അമ്പത് ശതമാനത്തിലേറെ സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലേറിയത്. ധനാനിയുടെ സ്വന്തം വാർഡിൽ പോലും കോൺഗ്രസ് സ്ഥാനാർത്ഥി തോറ്റു. ബിജെപിയാണ് ഇവിടെ ജയിച്ചത്.
അതിനിടെ, കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ ജസ്ദാൻ എംഎൽഎ കൻവർജി ബവാലിയയുടെ മണ്ഡലത്തിൽ ബിജെപിക്ക് തിരിച്ചടി നേരിട്ടു.
Adjust Story Font
16

