Quantcast

പ്രിയ നേതാവിൻറെ ഓർമകളിൽ ബഹ്റൈൻ പ്രവാസികൾ

MediaOne Logo

Web Desk

  • Published:

    20 July 2023 10:05 AM GMT

Oommen Chandy
X

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ദേഹ വിയോഗത്തിൽ ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി. ബഹ്റൈൻ കേരളീയ സമാജം, ഒ.ഐ.സി.സി, കെ.എം.സി.സി, കെ.സി.എ, ഫ്രണ്ട് സ് സോഷ്യൽ അസോസിയേഷൻ, പ്രതിഭ ബഹ്റൈൻ, ഐ.വൈ.സി.സി, ബഹ്റൈൻ മലയാളി ബിസിനസ് ഫോറം, കാൻസർ കെയർ ഗ്രൂപ്പ്, പ്രവാസി വെൽഫയർ, കോഴിക്കോട് ജില്ലാ പ്രവാസി ഫോറം , കൊല്ലം ജില്ലാ പ്രവാസി അസോസിയേഷൻ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് , മുഹറഖ് മലയാളി സമാജം, വോയ്സ് ഓഫ് ആലപ്പി , മൈത്രി ബഹ്റൈൻ, മലപ്പുറം ജില്ലാ അസോസിയേഷൻ, പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ, തുടങ്ങി നിരവധി സംഘടനകൾ, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, സോവിച്ചൻ ചേന്നാട്ടുശ്ശേരി എന്നിവരും അനുശോചനമറിയിച്ചു.

ഒ.ഐ.സി.സി

ലോകത്ത് എവിടെ ചെന്നാലും തന്റെ ചുറ്റും കൂടുന്ന ആയിരക്കണക്കിന് ആളുകളിൽനിന്ന് ഊർജമുൾക്കൊണ്ട്‌ പ്രവർത്തിക്കുന്ന നേതാവായിരുന്നു ഉമ്മൻ‌ ചാണ്ടിയെന്ന് ഒ.ഐ.സി.സി. 27ാം വയസ്സ് മുതൽ മരിക്കുന്ന 79 വയസ്സു വരെ, തുടർച്ചയായി 12 തവണ, നീണ്ട 53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയാകാനും ഭാഗ്യം ലഭിച്ച അദ്ദേഹം സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി തന്റെ ജീവിതം മാറ്റിവെച്ചു. കേരളത്തിലെ മുന്നണിരാഷ്ട്രീയം കൃത്യമായി കൈകാര്യം ചെയ്യാനും ആർക്കും ഒരു പരാതിയും ഇല്ലാതെ പ്രശ്നപരിഹാരം കാണാനും അദ്ദേഹത്തിന് കഴിഞ്ഞു. സൗമ്യതയുടെ പര്യായമായ ഉമ്മൻ‌ ചാണ്ടി കാരുണ്യത്തിന്റെ നിറകുടമായിരുന്നു. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ വധശിക്ഷയടക്കം പ്രതീക്ഷിച്ചു ജയിലിൽ കഴിഞ്ഞിരുന്ന നിരവധി ആളുകൾക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ അദ്ദേഹം ഇടപെടലുകൾ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം തീർത്താൽ തീരാത്ത നഷ്ടമാണെന്നും ഒ.ഐ.സി.സി ബഹ്റൈൻ പ്രസിഡന്റ്‌ ബിനു കുന്നന്താനം അനുശോചനക്കുറിപ്പിൽ പറഞ്ഞു.

കേരളീയ സമാജം

എന്നും ജനങ്ങൾക്കിടയിൽ ജീവിക്കുകയും ജീവശ്വാസം പോലെ ജനങ്ങളെ കരുതുകയും ചെയ്ത, കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയ മുഖമായിരുന്നു ഉമ്മൻ ചാണ്ടിയുടേതെന്ന് ബഹ്റൈൻ കേരളീയ സമാജം അനുശോചനക്കുറിപ്പിൽ പറഞ്ഞു.

പൊതുസേവനത്തിനും ജനപങ്കാളിത്തത്തോടെയുള്ള ഭരണത്തിനും ഐക്യരാഷ്ട്രസഭ ഏര്‍പ്പെടുത്തിയ പുരസ്കാരം സ്വീകരിക്കാൻ ബഹ്റൈനിൽ എത്തിയ സന്ദർഭത്തിൽ സമാജം അദ്ദേഹത്തിന് വിപുലമായ സ്വീകരണം ഒരുക്കിയിരുന്നു. വിദേശ രാജ്യത്ത് ആദ്യമായി മലയാളം മിഷന്റെ പ്രവർത്തനങ്ങൾക്ക് ബഹ്റൈനിൽ തുടക്കം കുറിച്ചതും കേരള സംഗീത നാടക അക്കാദമിയുടെ ഗൾഫ് അമച്വർ നാടക മത്സരം സംഘടിപ്പിക്കപ്പെട്ടതും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നുവെന്നും സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ളയും ജന. സെക്രട്ടറി വർഗീസ് കാരയ്ക്കലും പറഞ്ഞു.

കെ.എം.സി.സി

കേരളം കണ്ട ഏറ്റവും ജനകീയനായിരുന്ന മുഖ്യമന്ത്രിയും പൊതുപ്രവർത്തന രംഗത്തെ കറകളഞ്ഞ വ്യക്തിത്വവുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കെ.എം.സി.സി ബഹ്‌റൈൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മതേതര കാഴ്ചപ്പാടിലും നിലപാടിലും ഉറച്ചു നിന്നുകൊണ്ട് ജനാധിപത്യ വഴിയിലൂടെ ജീവിതകാലം മുഴുവൻ അദ്ദേഹം സഞ്ചരിച്ചു. സാധാരണ പൗരന്മാരുടെ ജീവിതപ്രശ്നങ്ങൾ അടുത്തുനിന്ന് കേട്ട് അദ്ദേഹം പരിഹാരം കണ്ട ജനസമ്പർക്ക യാത്രകൾ കേരള ചരിത്രത്തിൽ ഇടം നേടി. കേരള ജനതയുടെ ദുഃഖത്തിലും പ്രയാസത്തിലും ബഹ്‌റൈൻ കെ.എം.സി.സി പങ്ക് ചേരുന്നതായി ആക്ടിങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരിയും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും അറിയിച്ചു.

ബഹ്‌റൈൻ പ്രതിഭ

കേരളജനതയുടെ കഴിഞ്ഞ 50 വർഷക്കാലത്തെ ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. വിവാദങ്ങളിൽ അകപ്പെട്ടപ്പോഴും അവയൊക്കെ ആത്മനിയന്ത്രണത്തോടെ നേരിട്ട ഉമ്മൻ ചാണ്ടിയുടെ മെയ്‌വഴക്കം ഏതൊരു രാഷ്ട്രീയ നേതാവിനും മാതൃകയാക്കാവുന്നതാണ്. തുടർച്ചയായി 50 വർഷം ഒരേ മണ്ഡലത്തിൽ നിന്നുള്ള നിയമസഭ സാമാജികനായി തെരഞ്ഞെടുക്കപ്പെട്ടു എന്നത് അദ്ദേഹത്തിനോട് ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെകൂടി ദൃഷ്ടാന്തമാണ്. കേരള രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും അത്യുന്നതങ്ങളിൽ വിരാജിക്കുമ്പോഴും ജീവിതവഴികളിൽ ഉമ്മൻ ചാണ്ടി കാണിച്ച സാധാരണത്വവും ലാളിത്യവും എടുത്തുപറയേണ്ടതാണ്. വിയോഗം കേരള രാഷ്ട്രീയത്തിൽ നികത്തപ്പെടാൻ ഇടയില്ലാത്ത വിടവുണ്ടാക്കും. ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.

ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ

എന്നും ജനങ്ങൾക്കിടയിൽ നിറഞ്ഞു നിന്ന നേതാവായിരുന്നു അന്തരിച്ച മുൻ മുഖ്യ മന്ത്രിയെന്ന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പുറത്തിറക്കിയ അനുശോചന കുറിപ്പിൽ അഭിപ്രായപ്പെട്ടു. ജനസേവനത്തിനായി മുഴുസമയവും മാറ്റിവെച്ച അദ്ദേഹം സ്വന്തം ആരോഗ്യം പോലും പരിഗണിക്കാതെയാണ് പൊതുരംഗത്ത് സജീവമായത്. അധികാരത്തിൽ ഇരിക്കുമ്പോഴും സാധാരണക്കാരായ ജനങ്ങൾക്ക് എന്നും അദ്ദേഹം പ്രാപ്യനായിരുന്നു. വിനയവും അർപ്പണബോധവുമുള്ള ഒരു നേതാവിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. അദ്ദേഹത്തിന്റെ ബഹ്‌റൈൻ സന്ദർശന വേളയിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കേന്ദ്ര ഓഫീസ് സന്ദർശിക്കുകയും നേതാക്കളുമായും പ്രവർത്തകരുമായും ഏറെ നേരം സംവദിക്കുകയും ചെയ്തിരുന്നതായും അസോസിയേഷൻ അനുസ്‌മരിച്ചു.

ഐ.വൈ.സി.സി

ഊണും ഉറക്കവും ഉപേക്ഷിച്ച് സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കണ്ടിരുന്ന ഉമ്മൻ ചാണ്ടി ജനപ്രതിനിധികൾക്ക് മാതൃകയാണെന്ന് ഐ.വൈ.സി.സി. സ്നേഹത്തോടും സമാധാനത്തോടും മാത്രം മറ്റുള്ളവരോട് ഇടപഴകിയിരുന്ന അദ്ദേഹത്തിന്റെ ജീവിതം ഇന്നത്തെ ഭരണാധികാരികൾക്ക് ഒരു പാഠപുസ്തകമാണ്. അദ്ദേഹത്തിന്റെ നിർദേശങ്ങളും ഉപദേശങ്ങളും ഐ.വൈ.സി.സിയുടെ വളർച്ചക്ക് മുതൽക്കൂട്ടായിട്ടുണ്ടെന്നും പ്രസിഡന്റ് ഫാസിൽ വട്ടോളി, ജനറൽ സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.

കാൻസർ കെയർ ഗ്രൂപ്പ്

ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി കാൻസർ കെയർ ഗ്രൂപ് പ്രസിഡന്റ് ഡോ. പി.വി ചെറിയാൻ അറിയിച്ചു. മെഡിക്കൽ രംഗത്തുള്ളവരോടും ജീവകാരുണ്യ പ്രവർത്തകരോടും അദ്ദേഹം എന്നും അനുഭാവപൂർവമായ നിലപാട് സ്വീകരിച്ചിരുന്നെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം അനുശോചനം രേഖപ്പെടുത്തി. പ്രവാസി മലയാളികൾക്ക് വേണ്ടി ശബ്ദമുയർത്തിയ പ്രിയ നേതാവായിരുന്നൂ ഉമ്മൻ ചാണ്ടി. ജനകീയ പ്രശ്നങ്ങളിൽ വളരയധികം ശ്രദ്ധകേന്ദ്രികരിച്ച വ്യക്തിത്വത്തെയാണ് കേരള ജനതക്കും പ്രവാസികൾക്കും നഷ്ടമായത്. പ്രവാസി മലയാളികൾക്ക് വേണ്ടി നോർക്ക സ്കീം തുടങ്ങിയ നിരവധി പദ്ധതികൾ നടപ്പിൽ വരുത്തിയ ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനം പ്രശംസനീയമാണ്.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്

മനുഷ്യത്വത്തിന് ഏറെ വിലമതിക്കുകയും ജനകീയ വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിൽ ജീവിതത്തിൽ വിശ്രമംകാണാതെ നയിക്കുകയുംചെയ്ത നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന സത്യം കേരള രാഷ്ട്രീയചരിത്രത്തിൽ എഴുതിവെച്ചാണ് അദ്ദേഹം വിടവാങ്ങിയതെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തെ മുൻനിരയിലെത്തിച്ച നേതാവാണ് അദ്ദേഹമെന്നും ജനറൽ സെക്രട്ടറി ബഷീർ അമ്പലായി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

സോമൻ ബേബി (സീനിയർ ജേണലിസ്റ്റ്)

ഉമ്മൻ ചാണ്ടി സവിശേഷതകളുള്ള വ്യക്തിത്വമാണ്. എനിക്ക് പ്രവാസി സമ്മാൻ ലഭിച്ചപ്പോൾ അത് സ്വദേശമായ കാർത്തികപ്പള്ളിയിൽവെച്ച് അദ്ദേഹത്തിൽനിന്ന് ഏറ്റുവാങ്ങണമെന്ന് ഞാൻ താൽപര്യം പ്രകടിപ്പിച്ചു. അദ്ദേഹം അത് അപ്പോൾതന്നെ സമ്മതിക്കുകയും ചെയ്തു. പരിപാടി തുടങ്ങാൻ സമയമായിട്ടും അദ്ദേഹത്തെ കണ്ടില്ല. അദ്ദേഹം അങ്ങനെ വൈകാറില്ലല്ലോ എന്നാലോചിച്ചു. ഒന്നര മണിക്കൂർ വൈകിയാണ് അദ്ദേഹം എത്തിയത്. അപ്പോഴാണ് കാരണമറിയുന്നത്. അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന്റെ ഹെഡ് ലൈറ്റ് കേടായി. അങ്ങനെ രാത്രി ലൈറ്റില്ലാത്ത വാഹനത്തിൽ പ്രയാസപ്പെട്ടാണ് അദ്ദേഹം എത്തിയത്. അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണത്. അനേകായിരങ്ങൾക്ക് ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിരിക്കും. അതാണദ്ദേഹത്തിന്റെ ജനപ്രീതിക്കുള്ള കാരണവും.

പ്രവാസി വെൽഫെയർ

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ രാഷ്ട്രീയ കേരളത്തിനുണ്ടായ നഷ്ടത്തിൽ പ്രവാസി വെൽഫെയർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഏറ്റവും സാധാരണക്കാർക്കുപോലും നേരിൽ കണ്ട് ആവശ്യങ്ങൾ ബോധിപ്പിക്കാൻ മാത്രം അടുപ്പമുള്ള ജനകീയ മുഖമായിരുന്നു അദ്ദേഹം. കക്ഷിരാഷ്ട്രീയത്തിനതീതമായ സൗഹൃദം എക്കാലവും കാത്തുസൂക്ഷിച്ച അദ്ദേഹം ഭരണ, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൂടിയായിരുന്നെന്നും അനുശോചനസന്ദേശത്തിൽ പറഞ്ഞു.

സോവിച്ചൻ ചേന്നാട്ടുശ്ശേരി

കേരളത്തിന്റെ വികസനം, പാവപ്പെട്ടവരുടെ ഉന്നമനം, ഇതു മാത്രമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജീവിതലക്ഷ്യം. ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതായി സോവിച്ചൻ ചേന്നാട്ടുശ്ശേരി പ്രസ്താവനയിൽ അറിയിച്ചു.

മുഹറഖ് മലയാളി സമാജം

ഉമ്മൻ ചാണ്ടിയുടെ മരണം കേരളീയ സമൂഹത്തിനു തീരാനഷ്ടമാണെന്ന് മുഹറഖ് മലയാളി സമാജം. പൊതുജീവിതത്തിന്റെ പൂർണ സമയവും ജനങ്ങൾക്കൊപ്പംനിന്ന് ആൾക്കൂട്ടങ്ങൾക്കു നടുവിൽ ജീവിച്ച നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ ഭേദമന്യേ ഏവർക്കും പ്രിയങ്കരനായ അദ്ദേഹം പറയുന്നതിനേക്കാൾ കൂടുതൽ കേൾക്കാൻ വേണ്ടി സമയം ചെലവഴിക്കുന്ന നേതാവായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരള പൊതു മണ്ഡലത്തിൽ വലിയ നഷ്ടമാണെന്നും അനുശോചനക്കുറിപ്പിൽ പറഞ്ഞു.

വോയ്സ് ഓഫ് ആലപ്പി

കേരളീയ പൊതുമണ്ഡലത്തിൽ തന്റേതായ ശൈലിയിൽ ജനങ്ങൾക്കിടയിൽ ജീവിച്ച് ഒരു പൊതുപ്രവർത്തകൻ എങ്ങനെയാകണം എന്ന് കാണിച്ചുതന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി. തന്നെ സമീപിക്കുന്നവരുടെയെല്ലാം പ്രശ്നങ്ങൾ കേട്ടതിനുശേഷമേ മറ്റു പരിപാടിക്ക് പോകൂ എന്നതും ഉമ്മൻ ചാണ്ടി എന്ന നേതാവിനെ വേറിട്ടുനിർത്തുന്നു. അദ്ദേഹത്തിന്റെ മരണം നികത്താനാകാത്ത വിടവാണെന്നും വോയ്സ് ഓഫ് ആലപ്പി അനുശോചനക്കുറിപ്പിൽ അറിയിച്ചു.

മൈത്രി ബഹ്റൈൻ

ഉമ്മൻ ചാണ്ടിയുടെ വിയോഗം കേരളത്തിന്റെ രാഷ്ട്രീയ പൊതുമണ്ഡലത്തിനു നഷ്ടമാണ്. വേർപാടിൽ പ്രയാസപ്പെടുന്ന കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.

പടവ് കുടുംബവേദി

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പടവ് കുടുംബവേദി അനുശോചനം രേഖപ്പെടുത്തി.

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. ജനകീയ വിഷയങ്ങളിൽ അത്രമേൽ ഇടപെട്ടിരുന്ന നേതാവിന്റെ വിയോഗം മലയാളികൾക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് അസോസിയേഷൻ പ്രസിഡന്റ് ചെമ്പൻ ജലാൽ അഭിപ്രായപ്പെട്ടു. പ്രവീൺ മേൽപത്തൂർ, നാസർ മഞ്ചേരി, ദിലീപ്, മുഹമ്മദാലി മലപ്പുറം, മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.

പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ

മുൻ മുഖ്യമന്ത്രിയും അഞ്ചു പതിറ്റാണ്ടിലധികമായി പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എം.എൽ.എയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ബഹ്‌റൈൻ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം അറിയിച്ചു. ഒരു പൊതുപ്രവർത്തകൻ എങ്ങനെയാവണം എന്നതിന് ഉത്തമ ഉദാഹരണമാണ്‌ അദ്ദേഹത്തിന്റെ ജീവിതമെന്നും അസോസിയേഷൻ അഭിപ്രായപ്പെട്ടു.

TAGS :

Next Story