ബഹ്‌റൈൻ വീണ്ടും ഗൾഫ് ഉച്ചകോടിക്ക് വേദിയാകുന്നു
മേഖലയുടെ ഭാവിയെ രൂപപ്പെടുത്തുന്ന പ്രധാന തീരുമാനങ്ങൾക്ക് ഉച്ചകോടി വേദിയാകുമെന്നാണ് കരുതപ്പെടുന്നത്

മനാമ: ഒൻപത് വർഷത്തിന് ശേഷം ബഹ്‌റൈൻ വീണ്ടും ഗൾഫ് ഉച്ചകോടിക്ക് വേദിയാകുന്നു. 46ാമത് ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിക്ക് 2025 ഡിസംബറിൽ ബഹ്‌റൈൻ ആതിഥേയത്വം വഹിക്കും. മേഖലയുടെ ഭാവിയെ രൂപപ്പെടുത്തുന്ന പ്രധാന തീരുമാനങ്ങൾക്ക് ഉച്ചകോടി വേദിയാകുമെന്നാണ് കരുതപ്പെടുന്നത്.
പ്രാദേശിക, അന്തർദേശീയ തലത്തിൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് 46-ാമത് ഉച്ചകോടിക്ക് ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്നത്. ഗൾഫ് മേഖലയുടെ ഭാവി കൂടുതൽ സുരക്ഷിതമാക്കാനും അംഗരാജ്യങ്ങൾ തമ്മിലുള്ള ഐക്യം കൂടുതൽ ബലപ്പെടുത്താനും ഉതകുന്നതാകും ഉച്ചകോടി. സംയുക്ത ഗൾഫ് സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ബഹ്റൈന്‍റെ ഉറച്ച പ്രതിബദ്ധത ഉച്ചകോടിയിൽ പ്രതിഫലിപ്പിക്കും.
ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളും ഉച്ചകോടിയിൽ ചർച്ചയാകും. ഫലസ്തീനിലെ സയണിസ്റ്റ് അധിനിവേശം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ഗൾഫ് ഉച്ചകോടിയിൽ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഗൾഫ് മേഖലയിലെ സംയുക്ത സഹകരണം കൂടുതൽ ആഴത്തിൽ കൊണ്ടുപോകാനും, മേഖലയുടെ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനും ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കും.
പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ, സാമ്പത്തിക സംയോജനം എന്നിവയ്ക്കൊപ്പം, ഊർജസുരക്ഷ, ഭക്ഷ്യസുസ്ഥിരത, ഡിജിറ്റൽ മാറ്റങ്ങൾ എന്നിവയും പ്രധാന ചർച്ചാ വിഷയങ്ങളായിരിക്കും. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ മേഖലകളിലുടനീളം ഏകീകൃത പ്രതികരണങ്ങൾ വളർത്തുന്നതിനും കൂട്ടായ പ്രവർത്തനത്തിനുള്ള സംവിധാനങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള ജി.സി.സിയുടെ നിർണായക പങ്ക് ഉച്ചകോടി എടുത്തുകാണിക്കും.
45ാമത് ഗൾഫ് ഉച്ചകോടി 2024 ഡിസംബറിൽ കുവൈത്തിലായിരുന്നു നടന്നത്. 2016ലാണ് അവസാനമായി ബഹ്റൈൻ ഗൾഫ് ഉച്ചകോടിക്ക് വേദിയായത്. അതിന് മുമ്പ് 1982, 1988, 1994, 2000, 2004, 2012 എന്നീ വർഷങ്ങളിൽ ബഹ്റൈൻ ജിസിസി ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചിരുന്നു.
Adjust Story Font
16

