Quantcast

രാജ്യത്ത് സമഗ്ര പരിഷ്‌കരണ നടപടികൾ തുടരുമെന്ന് ബഹ്റൈൻ മന്ത്രിസഭ

MediaOne Logo

Web Desk

  • Published:

    21 Dec 2022 9:45 AM GMT

രാജ്യത്ത് സമഗ്ര പരിഷ്‌കരണ നടപടികൾ തുടരുമെന്ന് ബഹ്റൈൻ മന്ത്രിസഭ
X

രാജ്യത്ത് സമഗ്ര പരിഷ്‌കരണ നടപടികൾ തുടരുമെന്ന് ബഹ്റൈൻ മന്ത്രിസഭ അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

51ാമത് ദേശീയ ദിനത്തോടനുബന്ധിച്ചും സ്ഥാനാരോഹണ ദിനത്തോടനുബന്ധിച്ചും രാജ്യത്ത് നടന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയും രാജ്യത്തോടും ഭരണാധികാരികളോടും കൂറും സ്നേഹവും പ്രകടിപ്പിക്കുകയും ചെയ്ത ഓരോരുത്തർക്കും അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. ആശംസകൾ നേർന്ന വിവിധ രാജ്യങ്ങളിലുള്ള ഭരണാധികാരികൾക്കും അദ്ദേഹം അഭിവാദ്യങ്ങൾ നേർന്നു. 2023-2026 കാലയളവിലേക്കുള്ള ബജറ്റ് ചർച്ചകൾക്കായാണ് യോഗം വിളിച്ചു ചേർത്തത്.

രാജാവ് ഹമദ് ബിൻ ഈസ അൽഖലീഫ പ്രഖ്യാപിച്ച സമഗ്ര പരിഷ്‌കരണ പദ്ധതികൾ തുടരുന്നതിന് യോഗം തീരുമാനിച്ചു. രാജ്യത്തിന്റെ സർവതോന്മുഖമായ വളർച്ചയും ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കുന്നതിന് അനുഗുണമായ പദ്ധതികളായിരിക്കണം മന്ത്രാലയങ്ങൾ നടപ്പാക്കേണ്ടതെന്ന് പ്രധാനമന്ത്രി ഉണർത്തി. പാർലമെന്റ്്, ശൂറ കൗൺസിൽ എന്നിവയുമായി സഹകരിച്ച് മന്ത്രിസഭയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കാനും തീരമാനിച്ചു.

സ്വകാര്യ മേഖലയുമായി സഹകരിക്കാനും സാമ്പത്തിക മേഖലയിൽ കുതിപ്പ് ശക്തമാക്കാനുമുള്ള പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്താനുള്ള ചർച്ചകളും നടന്നു. മൂന്ന് അടിസ്ഥാന ഊന്നലുകളിലായി അഞ്ച് സുപ്രധാന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതായിരിക്കും സർക്കാരിന്റെ പ്രവർത്തനം. സുരക്ഷ, സമാധാനം, നീതി എന്നിവ മുൻഗണനാക്രമങ്ങളായിരിക്കും.

ബജറ്റ് തയാറാക്കുന്നതിന് ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ മുന്നോട്ടു വന്ന മുഴുവൻ മന്ത്രാലയങ്ങൾക്കും കാബിനറ്റിന് നേതൃത്വം നൽകുന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫക്കും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ആശംസകൾ നേർന്നതായി സഭയിൽ അറിയിച്ചു. ജനങ്ങൾക്ക് കൂടുതൽ സേവനം നൽകാൻ സദാസന്നദ്ധമായി പ്രവർത്തിക്കാൻ സർക്കാരിന് സാധ്യമാകട്ടെയെന്നും ആശംസാ സന്ദേശത്തിലുണ്ടായിരുന്നു.

TAGS :

Next Story