ചൂട് അതികഠിനം; ബഹ്റൈനിൽ ഈ വർഷം തീപിടിച്ചത് 800 വാഹനങ്ങൾക്ക്

മനാമ: കനത്ത ചൂട് തുടരുന്നതിനിടെ ബഹ്റൈനിൽ ഈ വർഷം തീപിടിച്ചത് 800-ഓളം വാഹനങ്ങൾക്ക്. അത്യുഷ്ണത്തെ തുടർന്ന് വാഹനങ്ങളിൽ തീപിടിത്തം വർധിക്കുന്ന സാഹചര്യത്തിൽ കർശനമായ സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ബഹ്റൈൻ അധികൃതർ.
ഉരുകിപ്പോകുന്ന അത്യുഷ്ണമാണു ഗൾഫ് നാടുകളിൽ. ഓടുന്ന കാറുകൾക്ക് തീപ്പിടിക്കുന്ന വേനൽച്ചൂട്. കാറിൽ പെർഫ്യൂം, ഹാൻഡ് സാനിറ്റൈസർ, ലൈറ്റർ തുടങ്ങിയ വസ്തുക്കൾ വെക്കുന്നത് സാധാരണ കാലാവസ്ഥയിൽ ഒരു പ്രശ്‌നമേയല്ലായിരിക്കാം.പക്ഷെ ഈ കത്തുന്ന ചൂടിൽ അവ തീപ്പിടിത്തമുണ്ടാക്കി മാരകമായ അപകടം വരുത്തിവെക്കുമെന്നാണു ബഹ്‌റൈനിലെ ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പെട്രോളിയം, അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ മറ്റ് വസ്തുക്കൾ എന്നിവ കാറിൽ സൂക്ഷിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉയർന്ന താപനിലയിൽ ഇത്തരം വസ്തുക്കൾ അഗ്‌നിബാധക്ക് കാരണമായിത്തീരാം. ഈ വർഷം ഇതുവരെ ഏകദേശം 800 വാഹനങ്ങളിൽ തീപിടിത്തമുണ്ടായ സാഹചര്യത്തിൽ അധികൃതർ നൽകുന്ന ഈ ജാഗ്രതാ നിർദേശത്തിനു പ്രാധാന്യമേറെയുണ്ട്. തീപിടിക്കുന്നത് ഒഴിവാക്കാൻ വാഹനങ്ങളിൽ അഗ്‌നിശമന ഉപകരണങ്ങൾ സൂക്ഷിക്കണമെന്നും ഡ്രൈവർമാർ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ ഓർമിപ്പിക്കുന്നു. ഏകദേശം 8 ദിനാർ വില വരുന്ന ഒരു അഗ്‌നിശമന ഉപകരണം വാങ്ങുന്നത് ഉപകാരപ്രദമാകും എന്നും അദ്ദേഹം പറഞ്ഞു.
20 മിനുട്ട് സമയം കൊണ്ട് ഒരു കാറിന് പൂർണമായും തീപിടിച്ചേക്കാം. അശ്രദ്ധയും കൃത്യമായ അറ്റകുറ്റപ്പണികളുടെ അഭാവവും കാറുകൾക്ക് തിപ്പിടിക്കാനുള്ള കാരണങ്ങളാണ്. തീ പടരുന്നത് തടയാനും ആളുകളെയും മറ്റ് വാഹനങ്ങളെയും സംരക്ഷിക്കാനും 15 മിനിറ്റ്മതിയാകും. വാഹനം ഓടിക്കുമ്പോൾ തീപിടിത്തമുണ്ടായാൽ പെട്ടെന്ന് തന്നെ റോഡിന്റെ വശത്തേക്ക് മാറ്റി നിർത്തുകയും എൻജിൻ ഓഫ് ചെയ്ത് വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലേക്ക് മാറുകയും ചെയ്യണം. ശേഷം 999-ൽ വിളിച്ച് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു
Adjust Story Font
16

