Quantcast

ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ രാജ്യങ്ങൾക്കെതിരെയുള്ള ഇറാൻ ആക്രമണം: അപലപിച്ച് ജിസിസി മന്ത്രിതല കൗൺസിൽ

ബഹ്‌റൈനിലായിരുന്നു യോഗം

MediaOne Logo

Web Desk

  • Published:

    11 Jun 2026 5:00 PM IST

GCC Ministerial Council condemns Irans attacks on Bahrain, Kuwait, Jordan
X

മനാമ: വിവിധ അറബ് രാജ്യങ്ങൾക്കെതിരെയുള്ള ഇറാൻ ആക്രമണത്തെ അപലപിച്ച് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) മന്ത്രിതല കൗൺസിൽ യോഗം. ബഹ്‌റൈനിൽ നടന്ന യോഗമാണ് ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെ അപലപിച്ചത്. കൗൺസിലിന്റെ 167-ാമത് യോഗമാണ് മനാമയിൽ നടന്നത്. സെഷൻ ചെയർ എന്ന നിലയിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്. യോഗത്തിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയടക്കം വിവിധ ജിസിസി രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്തു.

കഴിഞ്ഞ ദിവസമാണ് യോഗം നടന്നത്. ഇതേദിവസം തന്നെ ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്കെതിരെ ഇറാൻ ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ഈ സംഭവവികാസങ്ങളിൽ യോഗം ആശങ്ക പ്രകടിപ്പിച്ചു. രാജ്യങ്ങളുടെ പരമാധികാരത്തിനും ജനങ്ങളുടെ സുരക്ഷക്കും എതിരായ ആക്രമണമാണ് നടക്കുന്നതെന്നും ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും യുഎൻ ചാർട്ടറിന്റെയും അയൽരാജ്യങ്ങളോടുള്ള തത്വങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നും യോഗം വിമർശിച്ചു. ഇത്തരം ആക്രമണങ്ങൾ ജനങ്ങളെ പരസ്പരം അകറ്റുകയാണെന്നും ചർച്ചയുടെ വാതിലുകൾ അടയ്ക്കുകയാണെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.

ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് കൗൺസിൽ പൂർണ ഐക്യദാർഢ്യവും ഉറച്ച പിന്തുണയും അറിയിച്ചു. ഏതെങ്കിലും ജിസിസി രാജ്യത്തിനെതിരെയുള്ള ആക്രമണം അവയ്ക്കെല്ലാം എതിരായ ആക്രമണമാണെന്നും കൗൺസിൽ പറഞ്ഞു.

TAGS :

Next Story