ബഹ്‌റൈനിൽ മാലിന്യം വലിച്ചെറിയുന്നവർ സൂക്ഷിക്കുക; ഇനി മുതൽ വൻ പിഴ
വേസ്റ്റ് ബിന്നുകൾക്ക് പുറത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ 300 ദിനാർ വരെ പിഴ ചുമത്താൻ നിർദേശം

മനാമ:ബഹ്‌റൈനിൽ മാലിന്യങ്ങൾ തോന്നുംപോലെ വലിച്ചെറിയുന്നവർ സൂക്ഷിക്കുക. അത്തരക്കാർ ഇനി മുതൽ വലിയ പിഴയൊടുക്കേണ്ടി വരും. നിർദിഷ്ട വേസ്റ്റ് ബിന്നുകൾക്ക് പുറത്ത് മാലിന്യം നിക്ഷേപിച്ചാൽ 300 ദിനാർ വരെ പിഴ ചുമത്താനാണ് നോർത്തേൺ ഗവർണറേറ്റ് നിർദേശം നൽകിയിരിക്കുന്നത്.
താമസക്കാർക്കിടയിൽ ഗാർഹിക മാലിന്യങ്ങൾ അലക്ഷ്യമായി വീടിന് പുറത്ത് ഉപേക്ഷിക്കുന്ന പ്രവണത വർധിച്ച സാഹചര്യത്തിലാണ് നടപടി. വേസ്റ്റ് ബിന്നുകൾക്ക് പുറത്ത് ഇത്തരത്തിൽ മാലിന്യമിട്ടാൽ 50 മുതൽ 300 ദിനാർ വരെ പിഴ ചുമത്തുമെന്ന് നോർത്തേൺ ഗവർണറേറ്റ് മുന്നറിയിപ്പ് നൽകുന്നു. ഇതിനു പുറമേ നിശ്ചയിച്ച വേസ്റ്റ് ബിന്നുകളിലിടാത്ത മാലിന്യങ്ങൾ ശേഖരിക്കേണ്ടതില്ലെന്ന് മാലിന്യം ശേഖരിക്കുന്നവരോട് മുനിസിപ്പാലിറ്റി അറിയിച്ചു.
മാലിന്യ നിർമാർജനത്തിന് ഗവർണറേറ്റുകളിൽ കൃത്യമായ സമയക്രമവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിമുതൽ എല്ലാ ദിവസവും രാത്രി എട്ടിനും പത്തിനും ഇടയിൽ മാത്രമേ വീടുകളിൽ നിന്നുള്ള മാലിന്യം നിയുക്ത ബിന്നുകളിലോ ശേഖരണ മേഖലകളിലോ നിക്ഷേപിക്കാൻ പാടുള്ളൂ. നിർദേശം ലംഘിക്കുന്നവർക്ക് ശക്തമായ പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
സ്വകാര്യ മാലിന്യ സംസ്‌കരണ കമ്പനിയുമായി സഹകരിച്ചാണ് നോർത്തേൺ ഗവർണറേറ്റ് പുതിയ സർക്കുലർ പുറത്തിറക്കിയത്. രാജ്യത്തെ പൊതു ശുചിത്വം മെച്ചപ്പെടുത്തുന്നതിനും മാലിന്യ ശേഖരണം കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് പുതിയ നടപടികളെന്ന് അധികൃതർ അറിയിച്ചു. അതേസമയം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങൾക്ക് നടപടിയിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16

