Quantcast

ബഹ്‌റൈനിലെ സിത്രയിൽ ഇറാന്റെ ഡ്രോൺ ആക്രമണം: 32 പൗരന്മാർക്ക് പരിക്ക്

നാലുപേരുടെ നില അതീവ ഗുരുതരം

MediaOne Logo

Web Desk

  • Updated:

    2026-03-09 06:09:11.0

Published:

9 March 2026 10:00 AM IST

ബഹ്‌റൈനിലെ സിത്രയിൽ ഇറാന്റെ ഡ്രോൺ ആക്രമണം: 32 പൗരന്മാർക്ക് പരിക്ക്
X

മനാമ: ബഹ്റൈനിലെ സിത്ര മേഖലയിൽ ഇന്ന് പുലർച്ചെയുണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 32 സ്വദേശികൾക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം. പരിക്കേറ്റവരിൽ നാലുപേരുടെ നില അതീവ ഗുരുതരമാണ്. ഇതിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയ കുട്ടികളും ഉൾപ്പെടുന്നുണ്ട്. 17 വയസ്സുകാരിയായ പെൺകുട്ടിക്ക് തലയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂടാതെ ഏഴും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുടെ കാലുകൾക്കും സാരമായ പരിക്കേറ്റതായാണ് റിപ്പോർട്ട്. ആക്രമണം നടന്നയുടൻ തന്നെ പരിക്കേറ്റവരെയെല്ലാം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റവർക്കെല്ലാം മികച്ച ചികിത്സ ഉറപ്പാക്കാൻ പ്രത്യേക മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും എല്ലാ പ്രധാന ആശുപത്രികളും സജ്ജമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും വെല്ലുവിളിയുയർത്തുന്ന ഇത്തരം നീക്കങ്ങളെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. വിപുലമായ സുരക്ഷാ മുൻകരുതലുകൾ സിത്ര മേഖലയിലും പരിസരങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ബഹ്‌റൈനിൽ ഇന്നലെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിൽ മുഹറഖ് ഭാഗത്തെ സർവകലാശാല കെട്ടിടത്തിന് കേടുപാടുണ്ടായതായും അധികൃതർ അറിയിച്ചു. ജനവാസ മേഖലയിലും ഡ്രോൺ ആക്രമണം നടന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിൽ ജല ശുദ്ധീകരണ പ്ലാന്റിനും തകർച്ചയുണ്ടായിരുന്നു.

TAGS :

Next Story