Quantcast

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് ബഹ്റൈനിലെ മലയാളി പ്രമുഖർ

MediaOne Logo

Web Desk

  • Published:

    20 July 2023 10:19 AM GMT

Oommen Chandy in Bahrain
X

ഇന്ത്യൻ രാഷ്ട്രീയത്തിലെ എളിമ നിറഞ്ഞ വ്യക്തിത്വമെന്ന് വർഗീസ് കുര്യൻ

ഇന്ത്യൻ രാഷ്ട്രീയത്തിലെ എളിമ നിറഞ്ഞ വ്യക്തിത്വത്തിന് ഉടമയായ മുൻകേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ദേഹവിയോഗം കേരളത്തിന് തീരാനഷ്ടമാണെന്ന് അൽ നമൽ ആൻഡ് വി.കെ.എൽ ഗ്രൂപ് ചെയർമാൻ വർഗീസ് കുര്യൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.


കേരള രാഷ്ട്രീയത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച ഉമ്മൻചാണ്ടിയുടെ ജീവിതം വരുംതലമുറക്ക് പാഠപുസ്തകമാണ്. സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ എന്നും നിലകൊണ്ട ഉമ്മൻ ചാണ്ടി രാഷ്ട്രീയരംഗത്ത് ഒരു അത്ഭുത പ്രതിഭാസമാണ്. അദ്ദേഹവുമായി വളരെ വർഷത്തെ പരിചയമുണ്ട്. ബഹ്‌റൈനിൽ പലതവണ എത്തിയപ്പോഴും നേരിട്ട് ബന്ധം പുതുക്കാൻ സാധിച്ചിട്ടുണ്ട്. ജനസമ്പർക്ക പരിപാടിയിലൂടെയുള്ള ജനകീയമായ പ്രവർത്തനത്തിന് ഐക്യരാഷ്ട്രസഭ ബഹ്‌റൈനിൽവെച്ച് ഉമ്മൻ ചാണ്ടിക്ക് ആദരവ് നൽകിയ ചടങ്ങുകളിൽ അദ്ദേഹത്തോടൊപ്പം പങ്കെടുക്കാൻ സാധിച്ച ഓർമകൾ ഇന്നും ഊഷ്മളമായി മനസ്സിൽ തങ്ങിനിൽക്കുന്നു. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

വിടവാങ്ങിയത് സൗമ്യതയുടെ പര്യായമെന്ന് അലി ഹസൻ

ജനകീയനായ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണം മലയാളികൾക്കും കേരളത്തിനും തീർത്താൽ തീരാത്ത നഷ്ടമാണെന്ന് അൽ നൂർ ഇന്റർനാഷനൽ സ്‌കൂൾ ചെയർമാൻ അലി ഹസൻ അനുസ്മരിച്ചു.


സൗമ്യതയുടെ പര്യായമായ അദ്ദേഹവുമായി ദീർഘകാലത്തെ പരിചയമുണ്ട്. യു.എൻ അവാർഡ് വാങ്ങാനായി അദ്ദേഹം ബഹ്‌റൈനിലെത്തിയപ്പോൾ അടുത്ത് പരിചയപ്പെടാൻ സാധിച്ചു. പ്രവാസികളുടെ വിഷയങ്ങൾ ഹൃദിസ്ഥമാക്കിയ ജനകീയ നേതാവിനെയാണ് അദ്ദേഹത്തിൽ കണ്ടത്.

ബഹ്‌റൈൻ ഭരണകൂടം അദ്ദേഹത്തിന് ഉചിതമായ ആദരവാണ് നൽകിയത്. ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹിഷ്ണുതയുടെ അടിസ്ഥാനത്തിലുള്ള ബന്ധം ശക്തമാക്കുന്നതിൽ അദ്ദേഹം നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. പ്രവാസികളുടെ പ്രശ്‌നങ്ങൾ സംയമനത്തോടെ പരിഹരിക്കുന്നതിൽ അദ്ദേഹം കാണിച്ച വൈദഗ്ധ്യം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും അഗാധമായ അനുശോചനം അറിയിക്കുന്നു.

വിശുദ്ധി പുലർത്തിയ നേതാവെന്ന് ഡോ. രവി പിള്ള

രാഷ്ട്രീയത്തിൽ വിശുദ്ധിയും വ്യക്തിജീവിതത്തിൽ ലാളിത്യവും പുലർത്തിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ആർ.പി ഗ്രൂപ്പ് ചെയർമാൻ ഡോ.രവി പിള്ള അനുസ്മരിച്ചു. ആദർശങ്ങളിൽനിന്ന് അണുവിട വ്യതിചലിക്കാതെ ജനങ്ങൾക്കിടയിൽ ജീവിച്ച ഭരണാധികാരിയായ അദ്ദേഹം അപൂർവ വ്യക്തിത്വത്തിനുടമയായിരുന്നു. പ്രവാസികൾക്ക് എന്തു വിഷയമുണ്ടെങ്കിലും ഏതു സമയത്തും അദ്ദേഹത്തെ ബന്ധപ്പെടാമായിരുന്നു. ദുരിതക്കയത്തിൽ മുങ്ങിപ്പോകുമായിരുന്ന അനേകം പേരെയാണ് അദ്ദേഹം രക്ഷപ്പെടുത്തിയിട്ടുള്ളത്.


സദാ ചിരിക്കുന്ന അദ്ദേഹം ഒരിക്കലും ആരോടും ദേഷ്യപ്പെട്ടുകണ്ടിട്ടില്ല. അദ്ദേഹവുമായി ദീർഘകാലത്തെ പരിചയമുണ്ട്. പ്രവാസികളുടെ പ്രശ്‌നങ്ങളിൽ നയതന്ത്രമികവോടെ ഇടപെടലുകൾ നടത്താൻ അദ്ദേഹത്തിന് എപ്പോഴും കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ലോകമെമ്പാടുമുള്ള മലയാളികൾക്ക് നികത്താനാവാത്ത നഷ്ടമായിരിക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

TAGS :

Next Story