ഖത്തറിലെ മലയാളി ഫോട്ടോഗ്രാഫർമാരെ ബഹ്റൈനിലേക്ക് വിളിച്ചുവരുത്തി തട്ടിപ്പ്; 40 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു
സോഷ്യൽ മീഡിയയിലൂടെ ബന്ധപ്പെട്ട ശേഷം പ്രൊമോഷൻ ഷൂട്ട് എന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയത്

മനാമ: ഖത്തറിലെ മൂന്ന് മലയാളി ഫോട്ടോഗ്രാഫർമാരെ ബഹ്റൈനിലേക്ക് വിളിച്ചുവരുത്തി തട്ടിപ്പ്. 40 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ക്യാമറകളും അനുബന്ധ ഉപകരണങ്ങളുമാണ് കവർന്നത്. സോഷ്യൽ മീഡിയ വഴി തട്ടിപ്പുകാർ ഫോട്ടോഗ്രാഫർമാരുമായി ബന്ധം സ്ഥാപിക്കുകയും ഒരു പ്രൊമോഷൻ ഷൂട്ടിനായി ബഹ്റൈനിലേക്ക് ക്ഷണിക്കുകയുമായിരുന്നു.
ഫോട്ടോഗ്രാഫർമാർക്കായി വിസ, വിമാന ടിക്കറ്റുകൾ, ഹോട്ടലിൽ താമസം എന്നിവയെല്ലാം തട്ടിപ്പുകാർ ഒരുക്കിയിരുന്നു. എന്നാൽ ഹോട്ടൽ മുറിയിൽ എത്തിയതിന് ശേഷം ഇവരുടെ പക്കലുണ്ടായിരുന്ന അഞ്ച് ക്യാമറകൾ, 11 ക്യാമറ ലെൻസുകൾ, ഒരു ഐപാഡ്, രണ്ട് ഫോണുകൾ, മാക്ബുക് പ്രോ എന്നിവയുൾപ്പെടെയുള്ള വിലയേറിയ ഉപകരണങ്ങൾ മോഷ്ടിക്കപ്പെടുകയായിരുന്നു. ഉപകരണങ്ങൾക്ക് പുറമെ, ഫോട്ടോഗ്രാഫർമാരുടെ കൈവശമുണ്ടായിരുന്ന ഖത്തർ റിയാലും അപഹരിക്കപ്പെട്ടു.
രാവിലെ ഹോട്ടലിലെത്തിയ ഫോട്ടോഗ്രാഫർമാരെ മീറ്റിങ്ങിനെന്ന് പറഞ്ഞ് മറ്റൊരിടത്തേക്ക് വിളിപ്പിക്കുകയായിരുന്നു. മൂന്ന് പേർക്കും വ്യത്യസ്ത ലൊക്കേഷനുകളയച്ചു നൽകിയാണ് പ്രതി മീറ്റിങിനെന്ന പേരിൽ വിളിപ്പിച്ചത്. ക്യാമറയും മറ്റ് ഉപകരണങ്ങളും എടുക്കേണ്ടെന്നും പരിപാടിയെക്കുറിച്ച് വിവരം നൽകാനാണെന്നും പറഞ്ഞായിരുന്നു വിളിപ്പിച്ചത്. ഇതുപ്രകാരം ഇവർ അറിയിച്ച സ്ഥലത്ത് എത്തിയെങ്കിലും അവിടെ ആരുമുണ്ടായിരുന്നില്ല. പ്രതിയുടെ നമ്പറിൽ ബന്ധപ്പെടുമ്പോൾ കാത്തിരിക്കാനാണ് അറിയിച്ചത്. എന്നാൽ ഈ സമയം പ്രതി തട്ടിപ്പിനായി ഉപയോഗിക്കുകയായിരുന്നു.
പിന്നീട് തിരിച്ചെത്തിയതോടെ കബളിപ്പിക്കപ്പെട്ടതറിഞ്ഞ ഫോട്ടോഗ്രാഫർമാർ ഉടൻ തന്നെ ബഹ്റൈൻ പൊലീസുമായി ബന്ധപ്പെടുകയും പരാതി നൽകുകയും ചെയ്തു. ഏഷ്യൻ വംശജനാണ് പ്രതി എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ഹോട്ടലിൽ റൂം ബുക്ക് ചെയ്യാനുപയോഗിച്ച പാസ്പോർട്ട് കോപ്പി പരിശോധിച്ചതിൽ നിന്ന് പ്രതി ബഹ്റൈനിൽ നിന്ന് കടന്നു കളഞ്ഞതായും പൊലീസ് വ്യക്തമാക്കുന്നുണ്ട്. എങ്കിലും കേസിൽ തുടർനിയമനടപടികളെടുക്കുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്യുമെന്ന് ഇരയാക്കപ്പട്ടവർക്ക് അധികാരികൾ ഉറപ്പു നൽകിയിട്ടുണ്ട്.
Adjust Story Font
16

