Quantcast

ഗൾഫിൽ യു.എസ് സൈനിക ശക്തി വർധിക്കുന്നു; ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിലൊന്ന് ബഹ്റൈനിൽ

നാവികസേനയുടെ ശക്തമായ സാന്നിധ്യം ഗൾഫ് മേഖലയിൽ ഉറപ്പാക്കുകയാണ് യു.എസ് ലക്ഷ്യം

MediaOne Logo

Web Desk

  • Published:

    12 Aug 2025 4:13 PM IST

ഗൾഫിൽ യു.എസ് സൈനിക ശക്തി വർധിക്കുന്നു; ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിലൊന്ന് ബഹ്റൈനിൽ
X

മനാമ: ഗൾഫ് മേഖലയിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി അമേരിക്ക. ഇതിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്നായ യു.എസ്.എസ് നിമിറ്റ്‌സിനെ ബഹ്‌റൈനിലേക്ക് വിന്യസിച്ചു. തങ്ങളുടെ നാവികസേനയുടെ ശക്തമായ സാന്നിധ്യം ഗൾഫ് മേഖലയിൽ ഉറപ്പാക്കുകയാണ് ഈ നടപടിയിലൂടെ യു.എസ് ലക്ഷ്യമിടുന്നത്.

ആണവോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലുകളിലൊന്നാണ് യു.എസ്.എസ് നിമിറ്റിസ്. ബഹ്‌റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് കഴിഞ്ഞ ദിവസമാണ് യു.എസിന്റെ ഈ യുദ്ധക്കപ്പൽ നങ്കൂരമിട്ടത്. ഗൾഫ് മേഖലയിലെ സാഹചര്യങ്ങൾ മുൻനിർത്തി സുരക്ഷ വർധിപ്പിക്കാനുള്ള നീക്കമായാണ് അമേരിക്ക ഈ നടപടിയെ വിശദീകരിക്കുന്നത്.

പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനൊപ്പം യെമനിലെ ഹൂത്തി വിമതരുടെ തിരിച്ചടികളും സംഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മേഖലയിൽ ആധിപത്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യു.എസ്.എസ് നിമിറ്റ്‌സിനെ അമേരിക്ക മിഡിൽ ഈസ്റ്റിലേക്ക് വിന്യസിച്ചത്. ഇതിലൂടെ ഗൾഫ് മേഖലയിൽ യു.എസ് നാവിക സേനയുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ

ആണവോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിമിറ്റ്‌സിൽ ഒരു സമയം 5,000ത്തിലധികം നാവികരുടെ സാന്നിധ്യമുണ്ടാകും. ഇതിനു പുറമേ എഫ്-18 സൂപ്പർ ജെറ്റുകളും, ഏത് സമയത്തും ആക്രമണത്തിന് തയ്യാറായിരിക്കുന്ന അറ്റാക്ക് ഹെലികോപ്റ്ററുകളും യു.എസ്.എസ് നിമിറ്റിസിന്റെ ഭാഗമായുണ്ട്.

യു.എസ് സെൻട്രൽ കമാൻഡിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കരിയർ സ്‌ട്രൈക്ക് ഗ്രൂപ്പിൻറെ ഭാഗമാണ് ഈ കപ്പൽ. വടക്കുകിഴക്കൻ ആഫ്രിക്ക മുതൽ മിഡിൽ ഈസ്റ്റ് വഴി ഏഷ്യ വരെയുള്ള 21 രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും ഈ ഗ്രൂപ്പാണ്. നേരത്തേ ഇൻഡോ-പസഫിക് മേഖലയിൽ പ്രവർത്തിച്ചിരുന്ന നിമിറ്റ്‌സ്, ഇപ്പോൾ മിഡിൽ ഈസ്റ്റ് ദൗത്യത്തിനായി ബഹ്‌റൈനിലെത്തിയതാണെന്ന് കരിയർ സ്‌ട്രൈക്ക് ഗ്രൂപ്പ് കമാൻഡർ ഫ്രെഡറിക് ഗോൾഡ്ഹാമർ വ്യക്തമാക്കി.

2020ന് ശേഷം ആദ്യമായാണ് ഒരു വിമാനവാഹിനിക്കപ്പൽ ബഹ്റൈനിൽ എത്തുന്നത്. അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനമായ ബഹ്റൈൻ യു.എസ് നാവിക സേനയുടെ മേഖലയിലെ പ്രധാന പ്രവർത്തന കേന്ദ്രം കൂടിയാണ്.

TAGS :

Next Story