ശൈത്യകാല ക്യാമ്പിങ്: സുരക്ഷാ മാർഗനിർദേശങ്ങളുമായി ബഹ്‌റൈൻ സിവിൽ ഡിഫൻസ്
തീപിടിത്ത സാധ്യത ഒഴിവാക്കുന്നതടക്കമുള്ള കാര്യങ്ങളാണ് മാർഗനിർദേശത്തിൽ പറയുന്നത്

മനാമ: ബഹ്റൈനിൽ ശൈത്യകാല ക്യാമ്പിങ് സീസൺ ആരംഭിച്ചതോടെ ക്യാമ്പിങ് ചെയ്യാനുദ്ദേശിക്കുന്നവർക്ക് സുരക്ഷാ മാർഗനിർദേശങ്ങളുമായി സിവിൽ ഡിഫൻസ്. ക്യാമ്പിംഗ് സമയങ്ങളിൽ ഉണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കാനും സുരക്ഷിതമായ അനുഭവം ഉറപ്പാക്കാനുമായി കർശന നിർദേശങ്ങളാണ് അധികൃതർ പുറപ്പെടുവിച്ചിരിക്കുന്നത്.
ടെന്റുകളിൽ സ്ഥാപിക്കുന്ന എല്ലാ ഇലക്ട്രിക്കൽ കണക്ഷനുകളും ആദ്യം തന്നെ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. ടെന്റുകളിൽ നിന്ന് നിശ്ചിത അകലം പാലിച്ച് മാത്രമേ ജനറേറ്ററുകൾ സ്ഥാപിക്കാൻ പാടുള്ളൂ. ഇതിനുപുറമേ ടെന്റുകൾക്കുള്ളിൽ പുകവലിക്കുന്നതും തീ കത്തിക്കുന്നതുമടക്കമുള്ള കാര്യങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ട്
കൽക്കരിയോ വിറകോ പോലെയുള്ള സാധനങ്ങളും കത്തിക്കാൻ പെട്രോൾ അടക്കമുള്ള ഇന്ധനങ്ങൾ ഉപയോഗിക്കുന്നതും അതീവ അപകടകരമാണെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകുന്നു. പാചകം ചെയ്യാനുദ്ദേശിക്കുന്നവർ ടെന്റുകളിൽ നിന്ന് മാറി സുരക്ഷിതമായ പ്രത്യേക സ്ഥലം കണ്ടെത്തണം. ഓരോ ക്യാമ്പ് സൈറ്റിലും കുറഞ്ഞത് ഒരു ഫയർ എക്സ്റ്റിംഗ്യുഷറും പ്രഥമശുശ്രൂഷ കിറ്റും നിർബന്ധമായും ഉണ്ടായിരിക്കണം.
ക്യാമ്പിങ് മേഖലകളിൽ സീസണിലുടനീളം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സിവിൽ ഡിഫൻസ് പ്രതിനിധികൾ നേരിട്ടെത്തി പരിശോധനകളും ബോധവൽക്കരണവും നടത്തും. ചെറിയ അശ്രദ്ധകൾ കൊണ്ട് വലിയ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ എല്ലാവരും ഔദ്യോഗിക നിർദ്ദേശങ്ങളോട് സഹകരിക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. ഡിസംബർ അഞ്ചിനാണ് ബഹ്റൈനിൽ ഈ വർഷത്തെ ക്യാമ്പിങ് സീസൺ ആരംഭിച്ചത്. 2026 മാർച്ച് 25 വരെ ശൈത്യകാല ക്യാമ്പിങ് സീസൺ നീണ്ടുനിൽക്കും.
Adjust Story Font
16

