പ്രവാസികൾക്ക് കാഷ്ലെസ് ചികിൽസ; ‘നോർക കെയർ’ ഇൻഷൂറൻസ് പദ്ധതി വരുന്നു
നോർക്ക കാർഡുള്ള പ്രവാസികൾക്ക് ഒക്ടോബർ 21 വരെ പദ്ധതിയിൽ അംഗമാകാം

ദുബൈ: പ്രവാസികൾക്ക് ഇന്ത്യയിലെ 14,000 ആശുപത്രികളിൽ കാഷ്‌ലെസ് ചികിൽസ ലഭ്യമാക്കുന്ന ഇൻഷൂറൻസ് പദ്ധതി അവതരിപ്പിച്ച് സംസ്ഥാന സർക്കാർ. 'നോർക്ക കെയർ' എന്ന പദ്ധതി സെപ്റ്റംബർ 22ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. നോർക്ക കാർഡുള്ള പ്രവാസികൾക്ക് ഒക്ടോബർ 21 വരെ പദ്ധതിയിൽ അംഗമാകാം. പദ്ധതിയുടെ പ്രചരണത്തിനായി നോർക്ക റൂട്ട്‌സ് പ്രതിനിധികൾ യു.എ.ഇയിലെത്തി.
പ്രവാസികൾക്കും കുടുംബത്തിനും അഞ്ച് ലക്ഷം രൂപവരെയുള്ള ചികിൽസ കാഷ്‌ലെസ് ആയി ലഭ്യമാക്കുന്നതാണ് നോർക്ക കെയർ എന്ന ആരോഗ്യ ഇൻഷൂറൻസ് പദ്ധതി. ഇൻഷൂറൻസെടുത്ത പ്രവാസി അവരുടെ ഭാര്യ, അല്ലെങ്കിൽ ഭർത്താവ്, രണ്ട് മക്കൾ എന്നിങ്ങനെ നാലംഗമുള്ള കുടുംബത്തിന് 13, 275 രൂപയാണ് വാർഷിക പ്രീമിയം. 4130 രൂപ അധികം നൽകി കൂടുതൽ കുട്ടികളെ പദ്ധതികൾ അംഗമാക്കാം. വ്യക്തികൾക്ക് 7,956 രൂപയാണ് പ്രീമിയം. കേരളത്തിലെ 410 ആശുപത്രികൾ ഉൾപ്പടെ ഇന്ത്യയിൽ 14,000 ആശുപത്രികളിൽ കാഷ്‌ലെസ് ആയി ചികിൽസ ലഭ്യമാകും.
പത്ത് ലക്ഷം രൂപയുടെ അപകട ഇൻഷൂറൻസ്, പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അമ്പതിനായിരം രൂപ എന്നിവയും നോർക്ക കെയറിന്റെ ഭാഗമാണ്. പദ്ധതിയുടെ പ്രചരണത്തിനായി നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, സി.ഇ.ഒ. അജിത് കൊളശ്ശേരി, സെക്രട്ടറി ഹരി കിഷോർ എന്നിവരാണ് യു.എ.ഇയിൽ എത്തിയത്. പദ്ധതിയി കുറിച്ച് അവബോധം സൃഷ്ടിക്കാൻ അടുത്തദിവസങ്ങളിൽ വിവിധ എമിറേറ്റുകളിൽ പ്രവാസി സംഘടനകളുമായി കൂടിക്കാഴ്ച നടത്തും.
Adjust Story Font
16

