റമദാനിൽ റോഡ് യാത്ര സുരക്ഷിതമാക്കുന്നതിന് ദുബൈ റോഡ് ഗതാഗത അതോറിറ്റി കാമ്പയിൻ
റോഡുകളിൽ ലഘുലേഖകൾ വിതരണം ചെയ്തും മെസേജുകൾ അയച്ചുമാണ് സന്ദേശം കൈമാറുന്നത്

ദുബൈ: റമദാനിൽ റോഡ് യാത്ര സുരക്ഷിതമാക്കുന്നതിന് ദുബൈ റോഡ്ഗതാഗത അതോറിറ്റി കാമ്പയിൻ സജീവമാക്കി. കാൽനട യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രത്യേകമായി നിർദേശങ്ങളടങ്ങിയ മെസേജുകളാണ് കാമ്പയിനിന്‍റെ ഭാഗമായി അയക്കുന്നത്. റോഡുകളിൽ ലഘുലേഖകൾ വിതരണം ചെയ്തും മെസേജുകൾ അയച്ചുമാണ് സന്ദേശം കൈമാറുന്നത്.
ഓരോവിഭാഗങ്ങളിലേക്കും പ്രത്യേകം തയ്യാറാക്കിയ നിർദേശങ്ങളാണ് നൽകിവരുന്നത്. കാൽനടയാത്രക്കാർ നിർദിഷ്ട സ്ഥലങ്ങളിലൂടെ മാത്രം റോഡ്മുറിച്ചു കടക്കണമെന്നും ഡ്രൈവർമാർ നോമ്പനുഷ്ടിച്ച് വാഹനമോടിക്കുമ്പോൾ കൂടുതൽ ശ്രദ്ധയുണ്ടാകണമെന്നും ആവശ്യപ്പെടുന്നു. 'ഇഫ്താർ ആസ്വദിക്കൂ, നിങ്ങളുടെ യാത്രയിൽ ശ്രദ്ധിക്കൂ' എന്ന തലക്കെട്ടിലാണ് കാമ്പയിൻ. ദുബൈയിലെ ഇസ്ലാമികകാര്യ, ചാരിറ്റബ്ൾ ആക്ടിവിറ്റീസ് വകുപ്പ്, എമിറേറ്റ്സ്ജനറൽ പെട്രോളിയം കോർപറേഷൻ, അൽ അൻസാരി എക്സ്ചേഞ്ച്കമ്പനി തുടങ്ങി വിവിധ സ്ഥാപനങ്ങൾ കാമ്പയിനുമായി സഹകരിക്കുന്നുണ്ട്.
റമദാൻടെൻറുകളിൽ ഇസ്ലാമികകാര്യ, ചാരിറ്റബ്ൾ ആക്ടിവിറ്റീസ്വകുപ്പ് വിതരണം ചെയ്യുന്ന ഇഫ്താർ കിറ്റുകളിൽ നിർദേശങ്ങളും നിയമങ്ങളും പതിച്ചിട്ടുണ്ട്. പ്രധാനമായും കാൽനടയാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് കിറ്റുകളിൽ നിർദേശങ്ങളായി നൽകിയിട്ടുള്ളത്. നിർദിഷ്ട ഭാഗങ്ങളിലൂടെയല്ലാതെ റോഡ്മുറിച്ചു കടന്നാൽ 400ദിർഹം പിഴ ലഭിക്കുമെന്നും ഇതിൽ വ്യക്തമാക്കുന്നു. റമദാനിൽ ഉറക്കം കുറയുന്നതും ഭക്ഷണക്രമം മാറുന്നതും ക്ഷീണത്തിനും ശ്രദ്ധതിരിയാനും കാരണമാകുമെന്നും ഇത്തരം സന്ദർഭങ്ങളിൽ യാത്ര ഒഴിവാക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.
Adjust Story Font
16

