Quantcast

ഇന്ത്യ-സൗദി: നേരിട്ടുള്ള വിമാന സർവീസ് ജനുവരി 11 മുതൽ

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ-സൗദി സെക്ടറിൽ നേരിട്ടുള്ള വിമാന സർവീസുകൾക്ക് ജനുവരി 11 മുതൽ തുടക്കമാകുന്നത്. സൗദിയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈനാസും, ഇന്ത്യയുടെ ഇൻഡിഗോ എയറും യാത്ര ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു.

MediaOne Logo

Web Desk

  • Published:

    4 Jan 2022 4:16 PM GMT

ഇന്ത്യ-സൗദി: നേരിട്ടുള്ള വിമാന സർവീസ് ജനുവരി 11 മുതൽ
X

ഇന്ത്യ-സൗദി സെക്ടറിൽ നേരിട്ടുള്ള വിമാന സർവീസുകൾ ജനുവരി 11 മുതൽ ആരംഭിക്കും. എയർ ബബ്ൾ കരാർ പ്രകാരമാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. കോഴിക്കോട് നിന്ന് സൗദിയിലെ വിവിധ വിമാന താവളങ്ങളിലേക്കുള്ള യാത്രാ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു.

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ-സൗദി സെക്ടറിൽ നേരിട്ടുള്ള വിമാന സർവീസുകൾക്ക് ജനുവരി 11 മുതൽ തുടക്കമാകുന്നത്. സൗദിയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈനാസും, ഇന്ത്യയുടെ ഇൻഡിഗോ എയറും യാത്ര ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിലായ എയർ ബബ്ൾ കരാർ പ്രകാരമാണ് പുതിയ സർവീസുകൾ. റിയാദ്-കോഴിക്കോട് സെക്ടറിൽ സൗദിയുടെ ഫൈളാനാസാണ് സർവീസ് നടത്തുക. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ റിയാദിൽ നിന്നും രാവിലെ 7.30ന് കരിപ്പൂരിലെത്തുന്ന ഫ്ളൈനാസ് വിമാനം 8.30ന് റിയാദിലേക്ക് തിരിച്ച് പറക്കും. റിയാദിൽ നിന്ന് ജിദ്ദ, ദമ്മാം, മദീന, ജിസാൻ, അബഹ, അൽഹസ തുടങ്ങിയ നഗരങ്ങളിലേക്കെല്ലാം ഫ്ളൈനാസിന്റെ കണക്ഷൻ വിമാനങ്ങളും ലഭ്യമാണ്.

ജനുവരി ആറിന് ഫ്ളൈ നാസ് ബുക്കിംഗ് ആരംഭിക്കും. തിങ്കൾ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് ഇൻഡിഗോയും സർവ്വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. പുലർച്ചെ 2.15ന് ജിദ്ദിൽ നിന്ന് കോഴിക്കോട്ടേക്ക് പറക്കുന്ന വിമാനം രാവിലെ 10.40ന് കോഴിക്കോടിറങ്ങും. പിന്നീട് രാത്രി 9.30നാണ് കോഴിക്കോട് നിന്ന് വിമാനം ജിദ്ദയിലേക്ക് പുറപ്പെടുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പുലർച്ചെ 12.40ന് ദമ്മാമിൽ നിന്നും പുറപ്പെടുന്ന ഇൻഡിഗോ വിമാനം രാവിലെ 7.35ന് കോഴിക്കോടിറങ്ങും. ജിദ്ദ കോഴിക്കോട് സെക്ടറിൽ 806 റിയാൽ മുതലും, ദമ്മാം-കോഴിക്കോട് സെക്ടറിൽ 636 റിയാൽ മുതലുമാണ് ഇൻഡിഗോയുടെ വൺവേ ടിക്കറ്റ് നിരക്ക്. ടിക്കറ്റ് നിരക്കിനനുസരിച്ച് 25 കിലോ മുതൽ ബാഗേജും ഏഴ് കിലോ മുതൽ ഹാന്റ് ്ബാഗുമാണ് ഓരോ യാത്രക്കാരനും അനുവദിക്കുക. ജിദ്ദയിൽ നിന്നുള്ള യാത്രക്കാർക്ക് അഞ്ച് ലിറ്ററിന്റെ സംസം ബോട്ടിലും സൗജന്യമായി കൊണ്ടുപോകാം.

സൗദിയിലേക്ക് വരുന്നവർക്കുള്ള ക്വാറന്റൈൻ പാക്കേജുകൾ സംബന്ധിച്ച വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ജിദ്ദ, ദമ്മാം, റിയാദ് എന്നിവിടങ്ങളിൽ നിന്ന് മുംബൈ ഉൾപ്പെടെ ഇന്ത്യയിലെ മറ്റു വിമാനതാവളങ്ങളിലേക്കും ഇൻഡിഗോ സർവീസ് നടത്തും. ഇത് വഴിയും കേരളത്തിലേക്ക് കണക്ഷൻ സർവീസുകൾ ലഭ്യമാണ്. കൂടാതെ ഗോ എയർ, എയർ ഇന്ത്യ എക്സ്പ്രസ്, സൗദി എയർലൈൻസ്, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് എന്നീ വിമാന കമ്പനികളും വരും ദിവസങ്ങളിൽ സർവീസുകൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിലായിരുന്നു ഇരു രാജ്യങ്ങൾക്കുമിടയിൽ റഗുലർ വിമാന സർവ്വീസുകൾ നിർത്തി വെച്ചിരുന്നത്.


TAGS :

Next Story