Quantcast

കുവൈത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ 1,179 വാഹനാപകടങ്ങൾ; 180 പേർക്ക് പരിക്കേറ്റു

കൂടുതൽ ഗതാഗത നിയമലംഘനങ്ങൾ ഫർവാനിയയിൽ

MediaOne Logo

Web Desk

  • Published:

    8 Sept 2025 5:03 PM IST

1,179 traffic accidents in Kuwait in one week; 180 people injured
X

കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത് 1,179 വാഹനാപകടങ്ങൾ. 180 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സുരക്ഷാ സ്ഥിതിവിവരക്കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ അഞ്ച് വരെയുള്ള കാലയളവിൽ എല്ലാ ഗവർണറേറ്റുകളിലുമായി 31,395 ഗതാഗത നിയമലംഘനങ്ങൾ പിടികൂടിയതായി റിപ്പോർട്ട് കാണിക്കുന്നു. ഫർവാനിയയിലാണ് കൂടുതൽ ഗതാഗത നിയമലംഘനങ്ങൾ പിടികൂടിയത്, 6,472 നിയമലംഘനങ്ങൾ.

ക്യാപിറ്റൽ ഗവർണറേറ്റിൽ 5,286 ഉം അഹമ്മദിയിൽ 5,022 ഉം നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. ജഹ്റയിൽ 4,719 നിയമലംഘനങ്ങളും ഹവല്ലിയിൽ 2,317 നിയമലംഘനങ്ങളും മുബാറക് അൽകബീറിൽ 2,111 നിയമലംഘനങ്ങളും രേഖപ്പെടുത്തി.

പ്രായപൂർത്തിയാകാത്ത 79 പേരെ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തതായും സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി. ജഹ്റ ഗവർണറേറ്റിൽ മാത്രം 60 പേരെയാണ് ഇത്തരത്തിൽ റഫർ ചെയ്തത്.

ഇതേ കാലയളവിൽ, ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റിന് 2,042 റിപ്പോർട്ടുകൾ ലഭിച്ചു. ട്രാഫിക് നിയമലംഘനത്തിന് പൊലീസ് 29 വാഹനങ്ങളും ഒരു മോട്ടോർ സൈക്കിളും പിടിച്ചെടുത്തു, ജഹ്റയിൽ നിന്ന് 40 പേർ ഉൾപ്പെടെ 65 നിയമലംഘകരെ ട്രാഫിക് സ്റ്റേഷനുകളിൽ കസ്റ്റഡിയിലെടുത്തു.

വിവിധ കുറ്റകൃത്യങ്ങൾക്ക് തിരയുന്ന 66 പേർ, തിരിച്ചറിയൽ രേഖയില്ലാത്ത 36 പേർ, മോഷണ കേസുകളിലെ രണ്ട് പ്രതികൾ, റെസിഡൻസി പെർമിറ്റ് കാലാവധി കഴിഞ്ഞ 126 പ്രവാസികൾ, രണ്ട് തെരുവ് കച്ചവടക്കാർ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ മൂന്ന് പേർ, അസാധാരണ അവസ്ഥയിൽ കണ്ടെത്തിയയാൾ എന്നിവർ അറസ്റ്റിലായി.

TAGS :

Next Story