'5.59 ദശലക്ഷം ലഹരി ഗുളികകൾ'; കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ ലഹരിമരുന്ന് ശേഖരം പിടികൂടി കസ്റ്റംസ്
ചൈനയിൽ നിന്ന് എയർ കാർഗോ വഴി എത്തിയ കാർഗോ ഷിപ്പ്മെന്റുകളിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്.

കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 5.59 ദശലക്ഷം ലഹരി ഗുളികകൾ കുവൈത്ത് കസ്റ്റംസ് പിടിച്ചെടുത്തു. ചൈനയിൽ നിന്ന് എയർ കാർഗോ വഴി എത്തിയ കാർഗോ ഷിപ്പ്മെന്റുകളിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. നിയമവിരുദ്ധ മയക്കുമരുന്ന് കടത്തിനെതിരെയുള്ള പോരാട്ടത്തിൽ കുവൈത്ത് കസ്റ്റംസിന്റെ വലിയ വിജയമാണിത്.
എയർ കാർഗോ കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് നടത്തിയ പതിവ് പരിശോധനയിലാണ് 'പ്ലാസ്റ്റിക് ഭാഗങ്ങൾ', 'മെഡിക്കൽ ഇനങ്ങൾ' എന്നിങ്ങനെ ലേബൽ ചെയ്ത കാർഗോ ഷിപ്പ്മെന്റുകളിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ, പാഴ്‌സലുകൾക്കുള്ളിൽ 5.59 ദശലക്ഷം ഗുളികകളാണ് കണ്ടെത്തിയത്. ഇവയിൽ 'ഫൈസർ PGN300' എന്ന് രേഖപ്പെടുത്തിയിരുന്നു.
പിടിച്ചെടുത്ത ഗുളിക ക്യാപ്‌സൂളുകളിലെ 'ഫൈസർ PGN300 എന്ന ലേബൽ, കുവൈത്ത് നിയമപ്രകാരം കർശനമായി നിയന്ത്രിക്കപ്പെട്ട സൈക്കോട്രോപിക് മയക്കുമരുന്നായ ലിറിക്കയുമായി ബന്ധമുള്ളതാണ്. നിയമപരമായ ചട്ടക്കൂടുകളിലൂടെ മാത്രമേ ലിറിക്ക ഗുളികകൾ ഇറക്കുമതി ചെയ്യാൻ സാധിക്കുകയുള്ളു. എന്നാൽ ഈ ഗുളിക ക്യാപ്‌സൂളുകൾ ഇറക്കുമതി ചെയ്യാൻ യാതൊരു നിയമപരമായ അനുമതിയും ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യ വിദഗ്ദ്ധരുമായി നടത്തിയ കൂടിയാലോചനയിൽ കസ്റ്റംസ് സ്ഥിരീകരിച്ചു.
ഷിപ്പ്മെന്റുകൾക്കൊപ്പം സമർപ്പിച്ച ഇൻവോയ്‌സുകളിൽ രേഖപ്പെടുത്തിയിരുന്ന വിവരങ്ങളും കണ്ടെത്തിയ സാധനങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നതായും കസ്റ്റംസ് വ്യക്തമാക്കി. ഇത് കള്ളക്കടത്ത് ശ്രമം മറച്ചുവെക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ തുടർ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. പൊതുജനാരോഗ്യവും രാജ്യസുരക്ഷയും സംരക്ഷിക്കുന്നതിനായി കള്ളക്കടത്തും തട്ടിപ്പും തടയുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു.
Adjust Story Font
16

