Quantcast

ടെർമിനൽ ഒന്നിലെ ഡ്രോൺ ആക്രമണം; കുവൈത്തിൽ വിദേശ വിമാന സർവീസുകൾ പ്രതിസന്ധിയിൽ

ജൂൺ ഒന്നിന് പ്രവർത്തനം പുനരാരംഭിച്ച ടെർമിനൽ വൺ ജൂൺ മൂന്നിന് നടന്ന ആക്രമണത്തിലാണ് അടച്ചത്

MediaOne Logo

Web Desk

  • Published:

    10 Jun 2026 9:05 PM IST

Drone attack at Terminal 1; Kuwaits foreign flights in crisis
X

കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശ വിമാന സർവീസുകൾ പൂർണമായി സാധാരണ നിലയിലാകാത്തത് ആയിരക്കണക്കിന് പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നു. ജൂൺ ഒന്നിന് പ്രവർത്തനം പുനരാരംഭിച്ച ടെർമിനൽ വൺ ജൂൺ മൂന്നിന് നടന്ന ആക്രമണത്തിൽ വീണ്ടും അടച്ചതോടെ യാത്രാ രംഗം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. വിദ്യാലയങ്ങളുടെ അവധിക്കാലം ആരംഭിച്ചതോടെ യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന സമയത്താണ് കുവൈത്തിലെ വ്യോമഗതാഗത മേഖല വീണ്ടും പ്രതിസന്ധിയിലായത്.

മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ജൂൺ ഒന്നിനാണ് വിദേശ വിമാന കമ്പനികൾക്കായി ടെർമിനൽ-1 വീണ്ടും തുറന്നത്. ആദ്യ സർവീസ് അബൂദബിയിലേക്കുള്ള ഇത്തിഹാദ് എയർവേയ്സിന്റേതായിരുന്നു.‌ എന്നാൽ ജൂൺ മൂന്നിന് നടന്ന ഡ്രോൺ ആക്രമണത്തിൽ ടെർമിനലിന് വീണ്ടും സാരമായ കേടുപാടുകൾ സംഭവിച്ചതോടെ വിദേശ വിമാന കമ്പനികളുടെ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. ഇതോടെ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രകൾ വലിയ തോതിൽ ബാധിക്കപ്പെട്ടു.

വിമാന ടിക്കറ്റ് ലഭ്യത കുറയുകയും നിരക്കുകൾ കുത്തനെ ഉയരുകയും ചെയ്തതോടെ സാധാരണ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. നിലവിൽ കുവൈത്ത് എയർവേയ്സ് ടെർമിനൽ നാലിൽ നിന്നും ജസീറ എയർവേയ്സ് ടെർമിനൽ അഞ്ചിൽ നിന്നും സർവീസുകള്‍ നടത്തുന്നുണ്ട്. വിദേശ വിമാന കമ്പനികൾ ടെർമിനൽ ഒന്നിന്‍റെ അറ്റകുറ്റപ്പണിയും സുരക്ഷാ ക്ലിയറൻസും പൂർത്തിയാകുന്നതുവരെ കാത്തിരിക്കുകയാണ്. അതേസമയം, കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സും ഘട്ടംഘട്ടമായി കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ നിരവധി റൂട്ടുകളിൽ ഇപ്പോഴും സർവീസുകൾ പരിമിതമായി തുടരുകയാണ്.

അവധിക്ക് നാട്ടിലേക്ക് പോകാനിരുന്നവരും കുവൈത്തിലേക്ക് മടങ്ങിയെത്താന്‍ ഇരുന്നവരുമടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് അനിശ്ചിതത്വത്തിൽ കഴിയുന്നത്. പലരും ദുബൈ, അബൂദബി, ദോഹ, ബഹ്റൈൻ തുടങ്ങിയ ഗൾഫ് നഗരങ്ങൾ വഴി ബദൽ യാത്രാ മാർഗങ്ങൾ തേടുകയാണ്. ടെർമിനൽ വണ്ണിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്നും സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ വിദേശ വിമാന സർവീസുകൾ പൂർണമായി പുനരാരംഭിക്കൂ എന്നുമാണ് ലഭിക്കുന്ന സൂചനകള്‍.

TAGS :

Next Story