കുവൈത്ത് ഫാമിലി വിസിറ്റ് വിസകളെക്കുറിച്ച് അറിയേണ്ടതെല്ലാം...
വിസ യോഗ്യത, ആവശ്യകതകൾ, അപേക്ഷാ പ്രക്രിയ, വിസിറ്റ് വിസാ കാലാവധി നീട്ടാനുള്ള വഴികൾ എന്നിവയൊക്കെ എങ്ങനെയാണെന്ന് നോക്കാം...

കുവൈത്ത് സിറ്റി: നിങ്ങളുടെ പ്രിയപ്പെട്ടവരെ കുവൈത്തിലേക്ക് കൊണ്ടുവരാൻ ആഗ്രഹമുണ്ടോ? ഹ്രസ്വകാല താമസത്തിനായി ബന്ധുക്കളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ഫാമിലി വിസിറ്റ് വിസ. ഓൺലൈൻ പോർട്ടൽ വഴി വിസ പ്രക്രിയകൾ കുവൈത്ത് ലളിതമാക്കിയതോടെ ഇത് ഏറെ എളുപ്പവുമാണ്.
ശരിയായ നടപടികൾ നിങ്ങൾക്കറിയാമെങ്കിൽ വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കുന്നതും കാലാവധി നീട്ടുന്നതുമൊക്കെ ഏറെ എളുപ്പമാണ്. ഇതിനായുള്ള യോഗ്യത, ആവശ്യകതകൾ, അപേക്ഷാ പ്രക്രിയ, വിസിറ്റ് വിസാ കാലാവധി നീട്ടാനുള്ള വഴികൾ എന്നിവയൊക്കെ എങ്ങനെയാണെന്ന് നോക്കാം...
ഫാമിലി വിസിറ്റ് വിസ
- കുറഞ്ഞ പാസ്പോർട്ട് സാധുത: ആറ് മാസം
- വിസ സാധുത: ഇഷ്യൂ ചെയ്ത തീയതി മുതൽ 30 ദിവസം
- താമസ കാലയളവ്: പ്രവേശന തീയതി മുതൽ 30 ദിവസത്തിൽ കൂടരുത്
- തരം: സിംഗിൾ എൻട്രി
- ഫീസ്: മൂന്ന് കുവൈത്ത് ദിനാർ
- നിയന്ത്രണങ്ങൾ: വിസ ഉടമകൾക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിയില്ല, വിസ കാലഹരണപ്പെട്ടുകഴിഞ്ഞാൽ പോകണം
ടൂറിസ്റ്റ് വിസിറ്റ് വിസ (ബാധകമെങ്കിൽ)
- സാധുത: ഇഷ്യൂ ചെയ്ത തീയതി മുതൽ ഒരു വർഷം വരെ
- താമസ കാലയളവ്: ഓരോ എൻട്രിക്കും 90 ദിവസം വരെ
- എൻട്രികൾ: ഒന്നിലധികം
- ഫീസ്: മൂന്ന് കുവൈത്ത് ദിനാർ
- നിയന്ത്രണങ്ങൾ: തൊഴിൽ അനുവദനീയമല്ല; വിസ കാലാവധി കഴിയുമ്പോൾ പുറത്തുകടക്കണം
ഫാമിലി വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കാനുള്ള നടപടിക്രമം
1. കുവൈത്ത് വിസ പോർട്ടലിൽ (https://kuwaitvisa.moi.gov.kw/) ശരിയായ വിസ തരം തിരിച്ചറിയുക.
നിങ്ങളുടെ കുടുംബം എത്ര കാലവും എത്ര തവണയും സന്ദർശിക്കാൻ പദ്ധതിയിടുന്നു എന്നതിനെ അപേക്ഷിച്ച് സിംഗിൾ-എൻട്രി ഫാമിലി വിസിറ്റ് വിസയോ മൾട്ടിപ്പിൾ-എൻട്രി വിസിറ്റ് വിസയോ തിരഞ്ഞെടുക്കുക.
2. ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുക
ഔദ്യോഗിക കുവൈത്ത് ഇ-വിസ പോർട്ടൽ സന്ദർശിക്കുക. ഓൺലൈൻ അപേക്ഷാ ഫോം ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക.
3. ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക. അതിനായി വേണ്ടത്:
- കുറഞ്ഞത് ആറ് മാസത്തെ വാലിഡിറ്റിയുള്ള പാസ്പോർട്ട്
- പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ (വെള്ള പശ്ചാത്തലം)
- ബന്ധത്തിന്റെ തെളിവ് (ഉദാ. വിവാഹം അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റുകൾ
- നിങ്ങളുടെ സിവിൽ ഐഡിയുടെ പകർപ്പ്
- ഫ്‌ളൈറ്റ്, താമസ വിശദാംശങ്ങൾ (ആവശൽപ്പെട്ടാൽ)
4. വിസ ഫീസ് അടയ്ക്കുക
വിസ ഫീസ് (മൂന്ന് ദിനാർ) പോർട്ടൽ വഴി ഓൺലൈനായി അടയ്ക്കാം.
5. അംഗീകാരത്തിനായി കാത്തിരിക്കുക
പ്രോസസ്സിംഗ് സമയം വ്യത്യാസപ്പെട്ടേക്കാം. പക്ഷേ സാധാരണയായി അംഗീകാരങ്ങൾ വേഗത്തിൽ ലഭിക്കും. ഇമെയിൽ വഴിയോ ഓൺലൈൻ പോർട്ടൽ വഴിയോ നിങ്ങൾക്ക് വിസ ലഭിക്കും.
6. വിസ സ്വീകരിച്ച് പ്രിന്റ് എടുക്കുക.
എത്തിച്ചേരുമ്പോൾ ഹാജരാക്കുന്നതിനായി ഇ-വിസയുടെ പ്രിന്റ് ചെയ്ത പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
വിസിറ്റ് വിസാ കാലാവധി നീട്ടാൻ എങ്ങനെ അപേക്ഷിക്കാം?
അടുത്തിടെ ഫാമിലി വിസിറ്റ് വിസാ കാലാവധി നീട്ടാൻ കുവൈത്ത് അനുവാദം നൽകിയിട്ടുണ്ട്. മൂന്ന് മാസം വരെയോ ഒരു വർഷം വരെയോ നീട്ടാനുള്ള സാധ്യത ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. കുവൈത്ത് വിസ പോർട്ടൽ വഴി ഓൺലൈനായോ ഇമിഗ്രേഷൻ ഓഫീസുകളിലോ ഈ പ്രക്രിയ പൂർത്തിയാക്കാം.
വിസാ കാലാവധി നീട്ടാനുള്ള നടപടിക്രമം
- യോഗ്യത പരിശോധിക്കുക
- കുവൈത്ത് വിസ പോർട്ടലിൽ ലോഗിൻ ചെയ്യുക
- വേണ്ട രേഖകൾ അപ്ലോഡ് ചെയ്യുക
- എക്സ്റ്റൻഷൻ ഫോം ഓൺലൈനായി പൂരിപ്പിക്കുക. സിസ്റ്റം ആവശ്യപ്പെടുകയാണെങ്കിൽ, നിങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി അഫയേഴ്സ് സന്ദർശിക്കേണ്ടി വന്നേക്കാം.
- എക്സ്റ്റൻഷൻ ഫീസ് അടയ്ക്കുക എക്സ്റ്റൻഷൻ ഫീസ് (കാലയളവ് അനുസരിച്ച് തുക വ്യത്യാസപ്പെടും) ഓൺലൈനായോ ഇമിഗ്രേഷൻ ഓഫീസിലോ ഫീസ് അടയ്ക്കണം.
- അപേക്ഷക്ക് അംഗീകാരം നേടുക. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, എക്സ്റ്റൻഷൻ സിസ്റ്റത്തിൽ പ്രതിഫലിക്കും, അപ്‌ഡേറ്റ് ചെയ്ത വിസ വാലിഡിറ്റി നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം.
ചില പ്രധാന കാര്യങ്ങൾ
- പിഴകൾ ഒഴിവാക്കാൻ നിലവിലെ വിസ കാലഹരണപ്പെടുന്നതിന് മുമ്പ് എക്സ്റ്റൻഷന് അപേക്ഷിക്കുക.
- അപ്ഡേറ്റുകൾക്കായി എല്ലായ്പ്പോഴും ഔദ്യോഗിക കുവൈത്ത് വിസ പോർട്ടൽ (https://kuwaitvisa.moi.gov.kw/) പരിശോധിക്കുകയോ റെസിഡൻസി അഫയേഴ്സ് വകുപ്പ് സന്ദർശിക്കുകയോ ചെയ്യുക.
- വെരിഫിക്കേഷനായി എല്ലാ രേഖകളും (പാസ്പോർട്ട്, വിസ പകർപ്പ്, സ്പോൺസറുടെ സിവിൽ ഐഡി) കൈവശം വയ്ക്കുക.
Adjust Story Font
16

