'പ്രവാസി തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകണം'; തൊഴിലുടമകൾക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രി
ശമ്പളം നൽകാത്ത 10,000 കമ്പനികൾ അന്വേഷണത്തിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകണമെന്ന് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ്. തൊഴിലുടമകൾക്കാണ് കർശന മുന്നറിയിപ്പ് നൽകിയത്. വീഴ്ച വരുത്തുന്നവർ നിയമനടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ശമ്പളം നൽകാത്തതുമായി ബന്ധപ്പെട്ട് ഏകദേശം 10,000 കമ്പനികളുടെ ഫയലുകൾ അന്വേഷണത്തിലാണെന്നും ചില കമ്പനികൾ നാല് മാസത്തോളമായി ശമ്പളം നൽകിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
അതേസമയം, ഈ വർഷം ജൂൺ വരെ 8,450 കമ്പനികളുടെ ഫയലുകൾ മരവിപ്പിച്ചതായി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അറിയിച്ചു. തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സെൻട്രൽ ബാങ്കുമായി ചേർന്ന് നിരീക്ഷണം നടത്തുന്നുണ്ട്. മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, ശമ്പളം നൽകാതിരിക്കൽ എന്നിവ രാജ്യത്തിന്റെ അന്താരാഷ്ട്ര റാങ്കിങ്ങിനെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഒരു രാജ്യത്തുനിന്നുള്ള തൊഴിലാളികളുടെ എണ്ണത്തിന് 30 മുതൽ 40 ശതമാനം വരെ പരിധി നിശ്ചയിക്കുന്ന ക്വാട്ടാ സമ്പ്രദായവും ഗാർഹിക തൊഴിലാളികളെ സ്വകാര്യ മേഖലയിലേക്ക് മാറ്റാനുള്ള സൗകര്യം പുനഃസ്ഥാപിക്കുന്നതും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Adjust Story Font
16

