Quantcast

ഇന്ത്യ-കുവൈത്ത് സെക്ടറിൽ വിമാന സീറ്റുകൾ വർധിപ്പിച്ചു

ഇന്ത്യക്കാരായ പ്രവാസികൾക്ക് തീരുമാനം വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ

MediaOne Logo

Web Desk

  • Published:

    19 July 2025 10:26 PM IST

Flight seats increased in India-Kuwait sector
X

കുവൈത്ത് സിറ്റി: ഇന്ത്യ-കുവൈത്ത് സെക്ടറിൽ വിമാന സീറ്റുകൾ വർധിപ്പിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രതിവാര സർവീസ് സീറ്റുകൾ 12,000ത്തിൽ നിന്ന് 18,000 ആയാണ് ഉയർത്തിയത്. ഇന്ത്യയിലേക്കുള്ള യാത്രാ ആവശ്യകത ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം കൈകൊണ്ടത്. 18 വർഷത്തിനുശേഷം ആദ്യമായാണ് ഇത്തരത്തിൽ വലിയ വർധന അനുവദിക്കുന്നത്.

പുതിയ കരാർ പ്രകാരം, ഇന്ത്യയിലെയും കുവൈത്തിലെയും വിമാനക്കമ്പനികൾക്ക് ആഴ്ചയിൽ 18,000 സീറ്റുകൾ വരെ സർവീസ് നടത്താൻ അനുമതി ലഭിക്കും. ഇന്ത്യൻ സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ കുമാർ സിൻഹയും കുവൈത്ത് ഡിജിസിഎ പ്രസിഡന്റ് ശൈഖ് ഹമൂദ് അൽ മുബാറക്കും തമ്മിലാണ് കഴിഞ്ഞ ദിവസം കരാർ ഒപ്പ് വെച്ചത്. മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരായ പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

നിലവിൽ ദിനേന 40 ഓളം വിമാന സർവീസുകളാണ് പ്രവർത്തിക്കുന്നത്. ആഴ്ചയിൽ 54 സർവീസുകളുമായി കുവൈത്ത് എയർവേയ്സും 36 സർവീസുകളുമായി ഇൻഡിഗോയുമാണ് ഈ റൂട്ടിലെ പ്രധാന ഓപ്പറേറ്റർമാർ. എയർ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയർ, ജസീറ എയർവേയ്സ് എന്നീ കമ്പനികളും പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്.

ഉഭയകക്ഷി വ്യോമ അവകാശങ്ങൾ വർധിപ്പിക്കണമെന്ന് ഏറെ കാലമായി വിമാന കമ്പനികളുടെ ആവശ്യമായിരുന്നു. മിഡിൽ ഈസ്റ്റിലെ യാത്രാ തിരക്ക് കൂടുന്ന സാഹചര്യത്തിൽ കൂടുതൽ സീറ്റുകൾ അനുവദിക്കുന്നത് യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം നിലവിലെ ടിക്കറ്റ് ലഭ്യതക്കും യാത്രാസൗകര്യങ്ങൾക്കുമുള്ള വലിയ ആശ്വാസമായിരിക്കും.

TAGS :

Next Story