Quantcast

കുവൈത്ത്-ജിദ്ദ സർവീസ് പുനരാരംഭിച്ച് ജസീറ എയർവേയ്‌സ്

ഖൈസൂമ വഴി ഏപ്രിൽ 7 മുതൽ ആഴ്ചയിൽ 3 സർവീസുകൾ

MediaOne Logo

Web Desk

  • Published:

    29 March 2026 4:09 PM IST

Jazeera Airways reconnects to Jeddah offering stronger connectivity from Kuwait
X

കുവൈത്ത്: കുവൈത്തിൽ നിന്ന് ജിദ്ദയിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ച് ജസീറ എയർവേയ്സ്. സൗദിയിലെ ഖൈസൂമ വിമാനത്താവളം വഴിയാണ് ഈ സർവീസുകൾ പ്രവർത്തിക്കുക. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കുവൈത്തും സൗദിയും തമ്മിലുള്ള യാത്രാ, ചരക്ക് ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ദമ്മാം, ഖൈസൂമ എന്നിവിടങ്ങളിലെ തങ്ങളുടെ ബേസുകൾ ഉപയോഗപ്പെടുത്തി ആകാശം-കര മാർ​ഗങ്ങൾ സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രത്യേക യാത്രാ രീതിയാണ് ജസീറ എയർവേയ്‌സ് നടപ്പിലാക്കുന്നത്.

ഈ സെക്ടറിൽ ഏപ്രിൽ 7 മുതൽ ആഴ്ചയിൽ മൂന്ന് സർവീസുകൾ ഉണ്ടാകുമെന്ന് എയർവേയ്സ് അറിയിച്ചു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സർവീസ്. കുവൈത്തും സൗദിയും തമ്മിലുള്ള ബന്ധം നിലനിർത്തുന്നതിൽ ജിദ്ദയിലേക്കുള്ള സർവീസുകൾ നിർണായകമാണ്. വെല്ലുവിളികൾക്കിടയിലും ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനം നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് ജസീറ എയർവേയ്‌സ് സി.ഇ.ഒ ഭരതൻ പശുപതി പറഞ്ഞു. സാംസ്കാരിക, സാമ്പത്തിക, മതപരമായ ബന്ധങ്ങളുള്ള നിരവധി യാത്രക്കാർക്ക് സർവീസ് ഉപയോ​ഗപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ അവസാനം വരെ സൗദി അറേബ്യ വഴി 20-ലധികം സ്ഥലങ്ങളിലേക്ക് 1,000-ത്തിലധികം വിമാനങ്ങളും രണ്ട് ലക്ഷം സീറ്റുകളും ജസീറ എയർവേയ്‌സ് വാഗ്ദാനം ചെയ്യുന്നുണ്ട്. മികച്ച ചരക്ക് നീക്ക ശേഷിയും ഇതിലൂടെ ഉറപ്പാക്കുന്നു. യാത്രയ്ക്ക് മുമ്പായി വിസ ഉൾപ്പെടെയുള്ള ആവശ്യമായ രേഖകൾ കൈവശമുണ്ടെന്ന് ഉറപ്പുവരുത്തണം. സൗദി അറേബ്യ വഴിയുള്ള ട്രാൻസിറ്റിന് ആവശ്യമായ നിയമങ്ങൾ പ്രത്യേകം പരിശോധിക്കേണ്ടതാണ്. ടിക്കറ്റുകൾ jazeeraairways.com എന്ന വെബ്‌സൈറ്റ് വഴിയോ ജസീറ ആപ്പ് വഴിയോ ബുക്ക് ചെയ്യാവുന്നതാണ്.

TAGS :

Next Story