Quantcast

സാമ്പത്തിക ഏകീകരണം ലക്ഷ്യം; സൗദിയും ഖത്തറുമായും ധാരണാപത്രങ്ങളിൽ ഒപ്പുവച്ച് കുവൈത്ത്

ഗൾഫ് രാജ്യങ്ങൾക്കിടയിൽ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ സാമ്പത്തിക ഏകീകരണം സാധ്യമാക്കുന്നതിനുമായാണ് കരാർ

MediaOne Logo

Web Desk

  • Published:

    2 Jun 2025 4:43 PM IST

സാമ്പത്തിക ഏകീകരണം ലക്ഷ്യം; സൗദിയും ഖത്തറുമായും ധാരണാപത്രങ്ങളിൽ ഒപ്പുവച്ച് കുവൈത്ത്
X

കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കിടയിൽ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ സാമ്പത്തിക ഏകീകരണം സാധ്യമാക്കുന്നതിനുമായി കുവൈത്ത് ധനകാര്യ മന്ത്രാലയം ഞായറാഴ്ച സൗദി അറേബ്യയുമായും ഖത്തറുമായും പ്രത്യേക ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ജിസിസിയിലെ സാമ്പത്തിക സഹകരണം ആഴത്തിലാക്കുന്നതിനും അംഗരാജ്യങ്ങൾക്കിടയിൽ സമ്പൂർണ്ണ സാമ്പത്തിക ഏകീകരണം കൈവരിക്കുന്നതിനും തങ്ങളുടെ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് കുവൈത്ത് ധനമന്ത്രിയും സാമ്പത്തികകാര്യ, നിക്ഷേപ സഹമന്ത്രിയുമായ നൂറ അൽ ഫസ്സാം ഒപ്പിടൽ ചടങ്ങുകൾക്ക് ശേഷം നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.

സൗദി അറേബ്യയുമായുള്ള സഹകരണം

കുവൈത്തിനെ പ്രതിനിധീകരിച്ച് മന്ത്രി അൽ ഫസ്സമും സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ധനമന്ത്രി മുഹമ്മദ് അൽ ജദാനും ആണ് കരാറിൽ ഒപ്പുവെച്ചത്. പ്രാദേശികമായും അന്തർദേശീയ തലങ്ങളിലും സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ഏകോപനം, സാമ്പത്തിക നയങ്ങളുടെ വികസനം, നിയമനിർമ്മാണങ്ങൾ, നിയന്ത്രണ ചട്ടക്കൂടുകൾ എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ഈ കരാർ പ്രാധാന്യം നൽകുന്നത്. ഇരു രാജ്യങ്ങൾക്കും പരസ്പരം പ്രയോജനകരമായ സാമ്പത്തിക അന്തരീക്ഷം സൃഷ്ടിക്കാൻ ഇത് സഹായിക്കും.

ഖത്തറുമായുള്ള ധാരണാപത്രം

ഖത്തറിനെ പ്രതിനിധീകരിച്ച് ധനമന്ത്രി അലി അൽ കുവാരി കരാറിൽ ഒപ്പിട്ടു. ഇരട്ട നികുതി ഒഴിവാക്കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ കരാർ. നിക്ഷേപങ്ങൾ കൂടുതൽ എളുപ്പമാക്കാനും മൂലധന പ്രവാഹം വർധിപ്പിക്കാനും ഇരു രാജ്യങ്ങൾക്കുമിടയിൽ നികുതി നയങ്ങൾ ഏകീകരിക്കാനും ഇത് സഹായിക്കും. കൂടാതെ, ലാഭത്തിലും പലിശയിലും നികുതി ഒഴിവാക്കുന്നതിനും കുറയ്ക്കുന്നതിനും , സർക്കാർ നിക്ഷേപ സ്ഥാപനങ്ങൾക്ക് മുൻഗണന നൽകുന്നതിനും, ഭാവിയിലെ നികുതി തർക്കങ്ങൾ പരസ്പരം രമ്യമായി പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾക്കും ഈ കരാർ വ്യവസ്ഥ ചെയ്യുന്നുണ്ട്.

TAGS :

Next Story