Quantcast

മിഡിൽ ഈസ്റ്റ് സംഘർഷം ഏഷ്യയിലെ വികസ്വര സമ്പദ് വ്യവസ്ഥകൾക്ക് ഭീഷണിയെന്ന് ഏഷ്യൻ ഡവലപ്പ്‌മെന്റ് ബാങ്ക്

40 ശതമാനത്തോളം പണമെത്തുന്നത് ഗൾഫിൽ നിന്ന്, സാമ്പത്തിക വളർച്ച കുറയും

MediaOne Logo

Web Desk

  • Published:

    8 May 2026 12:16 PM IST

Middle East conflict will affect developing economies in Asia: Asian Development Bank
X

കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സംഘർഷം ഏഷ്യയിലെയും പസഫിക്കിലെയും വികസ്വര സമ്പദ്വ്യവസ്ഥകൾക്ക് ഭീഷണിയാണെന്ന് ഏഷ്യൻ ഡവലപ്പ്‌മെന്റ് ബാങ്ക്(എ.ഡി.ബി). ഊർജ സുരക്ഷ, വ്യാപാരം, പണമയയ്ക്കൽ, നിക്ഷേപ ആത്മവിശ്വാസം, മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിരത എന്നിവക്ക് ഇത് ഭീഷണിയാണെന്നാണ് എഡിബി മുന്നറിയിപ്പ് നൽകുന്നത്. ഏറ്റവും പുതിയ ഏഷ്യൻ ഡവലപ്പ്‌മെന്റ് ഔട്ട്ലുക്ക് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചില സമ്പദ്വ്യവസ്ഥകളിലെ മൊത്തം പണമൊഴുക്കിന്റെ 40 ശതമാനത്തോളം ഗൾഫ് നിന്നാണ് എത്തുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

2026 ഫെബ്രുവരി 28 നാണ് സംഘർഷം രൂക്ഷമായിത്തുടങ്ങിയത്. ഇതിന് ശേഷം ആഗോള സാമ്പത്തിക രംഗത്ത് വമ്പൻ അനിശ്ചിതത്വമുണ്ടായിട്ടുണ്ടെന്ന് എഡിബി റിപ്പോർട്ടിൽ പറഞ്ഞു. പല സമ്പദ്വ്യവസ്ഥകളും ഇതിനകം തന്നെ പണമയയ്ക്കൽ കുറവ്, ദുർബല സാമ്പത്തിക സാഹചര്യങ്ങൾ, വ്യാപാര വളർച്ചാ മന്ദഗതി എന്നിവ നേരിടുകയാണെന്നും ചൂണ്ടിക്കാട്ടുന്നു. ദക്ഷിണേഷ്യൻ സമ്പദ്വ്യവസ്ഥകളിലേക്കുള്ള പണമയയ്ക്കലിൽ ഗൾഫ് രാജ്യങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും റിപ്പോർട്ട് അടിവരയിടുന്നു.

മിഡിൽ ഈസ്റ്റ് സംഘർഷം നീണ്ടുനിൽക്കുന്നത് എണ്ണവില വർധന, ടൂറിസം രംഗത്തെ ഇടിവ് എന്നിവക്കൊക്കെ ഇടയാക്കിയേക്കുമെന്ന് റിപ്പോർട്ട് പറയുന്നു. പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണമയയ്ക്കലിലെ കുറവ് മേഖലയെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് നിരീക്ഷണം. ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള മൊത്തം പണമയയ്ക്കലിന്റെ ഏകദേശം 40 ശതമാനമാണ് ഗൾഫിൽ നിന്നെത്തുന്നത്.

ഏഷ്യയിലെയും പസഫിക്കിലെയും സാമ്പത്തിക വളർച്ച 2026 ലും 2027 ലും 5.1 ശതമാനമായി കുറയുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു, 2025 ൽ ഇത് 5.4 ശതമാനമായിരുന്നു എന്നാൽ 2026 മൂന്നാം പാദത്തിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടർന്നാൽ പ്രാദേശിക വളർച്ച 2026 ൽ 4.7 ശതമാനമായും 2027 ൽ 4.8 ശതമാനമായും കുറയുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഊർജ വില വർധന, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, നിക്ഷേപ പ്രശ്‌നങ്ങൾ എന്നിവയാണ് ഇതിന് ഇടയാക്കുകയെന്നും പറയുന്നു.

2027 ന്റെ തുടക്കത്തിൽ ഗൾഫ് ഊർജ ഉൽപ്പാദനത്തിലും ഷിപ്പിങ് റൂട്ടുകളിലും വലിയ തടസ്സങ്ങൾ ഉണ്ടായാൽ പ്രാദേശിക വളർച്ച 1.3 ശതമാനം കൂടി കുറയാനിടയുണ്ടെന്നും മുന്നറിയിപ്പ് നൽകുന്നു.

TAGS :

Next Story