വ്യാജ വിലാസത്തിൽ പ്രവാസികൾക്ക് സിവിൽ ഐഡി; കുവൈത്തിൽ പാസി ജീവനക്കാരനടക്കം 2 പേർ അറസ്റ്റിൽ
വ്യാജ ഐഡി കൈപ്പറ്റുന്ന പ്രവാസികളെ നാടുകടത്തുമെന്ന് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: പ്രവാസികളുടെ താമസവിലാസങ്ങൾ വ്യാജമായി തിരുത്തിയും കൃത്രിമം കാണിച്ചും നിയമവിരുദ്ധമായി സിവിൽ ഐഡി കാർഡുകൾ നൽകിവന്ന തട്ടിപ്പ് സംഘത്തെ കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം പിടികൂടി. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) റെക്കോർഡുകളിലാണ് പ്രതികൾ വ്യാപകമായി തിരുത്തലുകൾ വരുത്തിയത്. ഇവരിൽ പ്രധാന പ്രതി അതോറിറ്റിയിലെ ഒദ്യോഗിക പദവി ദുരുപയോഗം ചെയ്ത കുവൈത്ത് സ്വദേശിയാണ്. ഇടപാടുകൾക്ക് ഒത്താശ ചെയ്ത ഇയാളുടെ ഇടനിലക്കാരനും അറസ്റ്റിലായിട്ടുണ്ട്.
വ്യാജ വിലാസങ്ങൾ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തു നൽകുന്നതിന് ഓരോ ഇടപാടിനും 100 മുതൽ 120 കുവൈത്തി ദിനാർ വരെയാണ് പ്രധാന പ്രതി കൈക്കൂലിയായി വാങ്ങിയിരുന്നത്. പ്രവാസികളിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചിരുന്ന ഇടനിലക്കാരൻ ഓരോരുത്തരിൽ നിന്നും 150 ദിനാർ വരെ ഈടാക്കുകയും, അതിൽ 30 മുതൽ 50 ദിനാർ വരെ സ്വന്തം കമ്മീഷനായി മാറ്റിവെച്ച ശേഷം ബാക്കി തുക പാസി (PACI) ജീവനക്കാരന് കൈമാറുകയുമായിരുന്നുവെന്ന് പൊലീസിനോട് സമ്മതിച്ചു.
വ്യാജരേഖ ചമയ്ക്കൽ, കൈക്കൂലി വാങ്ങൽ എന്നീ കുറ്റങ്ങൾ ചുമത്തി പ്രധാന പ്രതിയെ ക്യാപിറ്റൽ ഗവർണറേറ്റ് പ്രൊസിക്യൂഷന് കൈമാറി. ഇയാളെ തുടർനടപടികൾക്കായി സെൻട്രൽ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. ചില പ്രവാസികൾ അനധികൃത മാർഗങ്ങളിലൂടെ പണം നൽകി സിവിൽ ഐഡിയിലെ വിലാസങ്ങൾ മാറ്റുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റ് നടത്തിയ നിരീക്ഷണത്തിലാണ് ഇടനിലക്കാരൻ ആദ്യം വലയിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പാസി (PACI) ജീവനക്കാരന്റെ പങ്ക് പുറത്തായത്. ഇവരിലൂടെ ഇതുവരെ നടന്നിട്ടുള്ള മുഴുവൻ ഇടപാടുകളുടെയും പട്ടിക പൊലീസ് ശേഖരിച്ചുവരികയാണ്.
നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ വ്യാജ വിലാസങ്ങൾ നൽകി സിവിൽ ഐഡി കാർഡുകൾ കൈപ്പറ്റുന്ന പ്രവാസികളും കടുത്ത നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. കുറ്റക്കാരെന്ന് കണ്ടെത്തുന്ന പ്രവാസികളെ നാടുകടത്തൽ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾക്ക് വിധേയമാക്കുമെന്നും, താമസരേഖകളുമായി ബന്ധപ്പെട്ട രാജ്യത്തെ നിയമങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.
Adjust Story Font
16

