കുവൈത്തിലെ എണ്ണക്കിണറിൽ അപകടം: രണ്ട് മലയാളികൾ മരിച്ചു
തൃശൂർ സ്വദേശി നടുവിലെ പറമ്പിൽ നിഷിൽ സദാനന്ദൻ, കൊല്ലം സ്വദേശി സുനിൽ സോളമൻ എന്നിവരാണ് മരിച്ചത്

കുവൈത്ത് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. തൃശൂർ സ്വദേശി നടുവിലെ പറമ്പിൽ നിഷിൽ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനിൽ സോളമൻ (43) എന്നിവരാണ് മരിച്ചത്.
ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ തലക്ക് ഗുരുതര പരിക്ക് പറ്റിയതിനെത്തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതരും കമ്പനി അധികൃതരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നിലവിൽ ജഹ്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
Next Story
Adjust Story Font
16

