ജെൻസി വൈബ്..; ജിസിസിയിൽ 1.28 കോടി യുവാക്കൾ
ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെന്ററിന്റേതാണ് കണക്ക്

മസ്കത്ത്: ജിസിസി രാജ്യങ്ങളിൽ 10 മുതൽ 24 വയസ്സുവരെ പ്രായമുള്ള ഏകദേശം 1.28 കോടി കൗമാരക്കാരും യുവാക്കളുമുണ്ടെന്ന് ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ. 2025ലെ കണക്കനുസരിച്ച്, ഇവർ മേഖലയിലെ ആകെ ജനസംഖ്യയുടെ 20 ശതമാനം വരും. കൗമാരക്കാർക്കും യുവാക്കൾക്കും അവശ്യ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിൽ ജിസിസി രാജ്യങ്ങൾ 100 ശതമാനം നേട്ടം കൈവരിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോളതലത്തിലെ 68 ശതമാനത്തേക്കാൾ ഉയർന്ന നിരക്കാണിത്.
യുവജനങ്ങളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട ദേശീയതലത്തിലെ ചട്ടങ്ങളുടെ കാര്യത്തിലും ജിസിസി രാജ്യങ്ങൾ 100 ശതമാനം നേട്ടം കൈവരിച്ചിട്ടുണ്ട്. ആരോഗ്യസേവനങ്ങളുടെ ലഭ്യതയ്ക്കൊപ്പം യുവാക്കളുടെയും കൗമാരക്കാരുടെയും ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്ന ദേശീയ ചട്ടങ്ങളും ജിസിസി രാജ്യങ്ങളിൽ നിലവിലുണ്ടെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. മേഖലയിലെ ഭാവി വികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന യുവജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും നൽകുന്ന പ്രാധാന്യവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16

