Quantcast

സലാലയിലെ പ്രവാസികളെ അവഗണിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ മാസത്തെ ഷെഡ്യൂളിലും കേരളത്തിലേക്ക് സർവീസില്ല

കാസർകോട് സ്വദേശികളടക്കമുള്ളവർ ആശ്രയിക്കുന്ന മംഗളൂരുവിലേക്കുള്ള സർവിസും ഇനിയും പ്രഖ്യാപിച്ചിട്ടില്ല

MediaOne Logo

Web Desk

  • Published:

    20 May 2026 8:45 PM IST

സലാലയിലെ പ്രവാസികളെ അവഗണിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ മാസത്തെ ഷെഡ്യൂളിലും കേരളത്തിലേക്ക് സർവീസില്ല
X

മസ്കത്ത്: മസ്കത്തിൽനിന്ന് കേരളത്തിലേക്കുള്ള മുഴുവൻ സർവീസുകളും പുനരാരംഭിച്ചിട്ടും സലാലയിലെ പ്രവാസികളെ അവഗണിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. പുതുതായി പുറത്തിറക്കിയ ജൂൺ മാസത്തെ ഷെഡ്യൂളിലും സലാലയിൽനിന്ന് കേരളത്തിലേക്കോ മംഗളൂരുവിലേക്കോ ഉള്ള ഒരു സർവീസും എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടുത്തിയിട്ടില്ല.

കാസർകോട് സ്വദേശികളടക്കമുള്ളവർ ആശ്രയിക്കുന്ന മംഗളൂരുവിലേക്കുള്ള സർവീസും ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അവധിക്കാലം ആഘോഷിക്കാൻ ഒമാനിലേക്ക് വരാനിരുന്ന കുടുംബങ്ങളും നിലവിൽ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന സലാലയിലെ പ്രവാസികളും ഇതോടെ കടുത്ത പ്രതിസന്ധിയിലായി.

എന്നാൽ മസ്കത്തിൽനിന്ന് കോഴിക്കോട്, കൊച്ചി, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നിലവിൽ എയർ‌ ഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. കഴിഞ്ഞ മാർച്ചിൽ ഒമാനിൽ നിന്നുള്ള സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് കൂട്ടത്തോടെ റദ്ദാക്കിയിരുന്നു. പിന്നീട് ഘട്ടം ഘട്ടമായാണ് മസ്കത്തിൽ നിന്നുള്ള സർവീസുകൾ പുനഃസ്ഥാപിച്ചത്. സലാലയിൽനിന്ന് കോഴിക്കോട്ടേക്ക് ആഴ്ചയിൽ രണ്ടും കൊച്ചിയിലേക്ക് ഒരു സർവീസുമാണ് നേരത്തെയുണ്ടായിരുന്നത്.

ഇത് മാർച്ച് ഒന്നു മുതൽ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഒരു കാരണവുമില്ലാതെ റദ്ദാക്കുകയായിരുന്നു. വരാനിരിക്കുന്ന സ്കൂൾ വേനലവധിക്കാലം മുന്നിൽക്കണ്ട് സലാലയിൽനിന്ന് കേരളത്തിലേക്കുള്ള വിമാന സർവീസുകൾ അടിയന്തരമായി പുനരാരംഭിക്കണമെന്നാണ് പ്രവാസി മലയാളി സമൂഹത്തിന്റെ ശക്തമായ ആവശ്യം.

TAGS :

Next Story