വ്യാജ രേഖകൾ നൽകി കാർ വാടകയക്കെടുത്ത് തട്ടിപ്പ്; മുന്നറിയിപ്പുമായി ആർഒപി
പാസ്‌പോർട്ടുകളിൽ സാധുവായ എൻട്രി വിസ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നിർദേശം

മസ്കത്ത്: ഒമാനിൽ കാർ വാടക തട്ടിപ്പ് നടക്കുന്നതായി റോയൽ ഒമാൻ പൊലീസ്. വ്യാജ തിരിച്ചറിയൽ രേഖകളും കരാറുകളും ഉപയോഗിച്ച് വാഹനങ്ങൾ വാടകയ്‌ക്ക് എടുക്കുന്നു പിന്നാലെ ജി.പി.എസ് ഉൾപ്പെടെയുള്ള ട്രാക്കിങ് സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കിയ ശേഷം വാഹനങ്ങൾ കടത്തിക്കൊണ്ടുപോകുന്നതാണ് ഇത്തരക്കാരുടെ രീതിയെന്ന് റോയൽ ഒമാൻ പൊലീസ് പറയുന്നു. മോഷ്ടിക്കുന്ന വാഹനങ്ങൾ പ്രതികൾ വിദേശത്തേക്ക് കടത്തുകയോ, അല്ലെങ്കിൽ ഭാഗങ്ങൾ വേർപെടുത്തി സ്പെയർ പാർട്സുകളായി വിൽക്കുകയോ ആണ് ചെയ്യുന്നത്.
വാഹനം വാടക്കെടുക്കാൻ വരുന്ന ഉപഭോക്താക്കൾ നൽകുന്ന തിരിച്ചറിയൽ രേഖകൾ കൃത്യമായി പരിശോധിക്കണം. പാസ്‌പോർട്ടുകളിൽ സാധുവായ എൻട്രി വിസ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും റോയൽ ഒമാൻ പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജമാൽ ബിൻ ഹബീബ് അൽ ഖുറൈഷി പറഞ്ഞു. വ്യാജ കരാറുകളിലൂടെയും വാഹനങ്ങൾ തട്ടിയെടുക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഉയർന്ന ലാഭം വാഗ്ദാനം ചെയ്യുന്നവർക്ക് സ്വന്തം വാഹനങ്ങൾ വാടകയ്ക്ക് നൽകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ആർഒപി പറയുന്നു. വാഹനങ്ങളിൽ ആധുനിക സെക്യൂരിറ്റി ട്രാക്കിംഗ് സംവിധാനങ്ങൾ ഉറപ്പാക്കുകയും വേണം. രാജ്യാന്തര ഏജൻസികളുമായി സഹകരിച്ച് അതിർത്തി കടന്നുള്ള ഇത്തരം കുറ്റകൃത്യങ്ങൾ തടയാനും പ്രതികളെ പിടികൂടാനും നിരീക്ഷണം ശക്തമാക്കിയതായി ആർ.ഒ.പി അറിയിച്ചു.
Adjust Story Font
16

