Quantcast

ലോകകപ്പ് ആവേശത്തിൽ ഒമാനും; ഫിഫക്കൊപ്പം ചേർന്ന് സ്മാരക വെള്ളി നാണയം പുറത്തിറക്കി ഒമാൻ സെൻട്രൽ ബാങ്ക്

ജൂൺ 30 മുതൽ ലഭ്യമാകും

MediaOne Logo

Web Desk

  • Published:

    18 Jun 2026 3:04 PM IST

ലോകകപ്പ് ആവേശത്തിൽ ഒമാനും; ഫിഫക്കൊപ്പം ചേർന്ന് സ്മാരക വെള്ളി നാണയം പുറത്തിറക്കി ഒമാൻ സെൻട്രൽ ബാങ്ക്
X

മസ്‌കത്ത്: 2026 ഫിഫ ലോകകപ്പ് ആഘോഷിക്കുന്നതിന്റെ ഭാഗമായി ഫിഫയുമായി സഹകരിച്ച് സ്മാരക വെള്ളി നാണയം പുറത്തിറക്കുന്നതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഏറ്റവും ഉയർന്ന സാങ്കേതിക മാനദണ്ഡങ്ങൾക്കനുസൃതമായാണ് സ്മാരക നാണയം നിർമിച്ചിരിക്കുന്നത്. 0.999 ശുദ്ധമായ വെള്ളി കൊണ്ടാണ് നിർമാണം. ഒരു ഒമാൻ റിയാലാണ് ഫേസ്‌വാല്യു. 38.61 mm വ്യാസവും 28.28 ഗ്രാം ഭാരവുമുണ്ട് നാണയത്തിന്.

ആകെ 5,000 നാണയങ്ങളാണ് നിർമിച്ചിട്ടുള്ളത്. ഇതിൽ 1,000 നാണയങ്ങൾ പ്രാദേശിക വിപണിയിൽ വിൽപ്പനക്ക് ലഭ്യമാക്കും. ബാക്കി 4,000 നാണയങ്ങൾ ഫിഫ ലൈസൻസുള്ള വിൽപ്പന കമ്പനികൾ വഴി അന്താരാഷ്ട്ര തലത്തിൽ വിപണനം ചെയ്യും. 2026 ജൂൺ 30 മുതൽ നാണയം ലഭ്യമാകും. റൂവി, സലാല, സുഹാർ എന്നിവിടങ്ങളിലെ സിബിഒ ശാഖകളിൽ നിന്നും ഓപ്പറ ഗാലേറിയയിലെ ഒമാൻ പോസ്റ്റ് സെയിൽസ് ഔട്ട്ലെറ്റ് വഴിയും നാണയം വാങ്ങാനാകും.

അന്താരാഷ്ട്ര വിപണിയിലെ വെള്ളി വിലയിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് അന്തിമ വില വ്യത്യാസപ്പെടാം. എന്നാലും, സ്മാരക നാണയത്തിന്റെ ഏറ്റവും കുറഞ്ഞ വില 73 റിയാലായിരിക്കുമെന്നാണ് വിവരം. നാണയ ശേഖരണം ഹോബിയാക്കിയവരും ഫുട്‌ബോൾ പ്രേമികളും ഒരുപോലെ നാണയം തേടിയെത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. 2026 ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലാണ് ലോകകപ്പ് നടക്കുന്നത്.

TAGS :

Next Story