സലാലയിൽ ഇനി കുളിർക്കാലം...; പച്ചപ്പണിയിക്കാൻ 'ദോഫാർ ഖരീഫ്' നാളെ മുതൽ
സന്ദർശകരെ വരവേൽക്കാൻ വിനോദസഞ്ചാര കേന്ദ്രങ്ങൾ സജ്ജം

മസ്കത്ത്: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ പ്രകൃതി-കാലാവസ്ഥാ വിനോദസഞ്ചാര മാമാങ്കമായ ഒമാനിലെ ദോഫാർ ഖരീഫ് സീസൺ നാളെ ആരംഭിക്കും. വരും ദിവസങ്ങളിൽ തെക്കൻ ഒമാനെ പൂർണമായും പച്ചപ്പണിയിക്കുന്ന ഈ പ്രകൃതിവിസ്മയം വരാനിരിക്കുന്ന സെപ്തംബർ 21 വരെ നീണ്ടുനിൽക്കും. പശ്ചിമ മേഖലയിലെ ദൽഖൂത് മുതൽ കിഴക്കുള്ള മിർബാത് വരെയുള്ള തീരപ്രദേശങ്ങളിലാണ് ഖരീഫിന്റെ മനോഹാരിത ദൃശ്യമാകുക. അറബിക്കടലിൽ നിന്നും ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും വീശുന്ന കാറ്റിന്റെ ഫലമായി ദോഫാർ തീരങ്ങളിൽ മേഘാവൃതമായ അന്തരീക്ഷവും കനത്ത മൂടൽമഞ്ഞും ഒപ്പം ചാറ്റൽമഴയും അനുഭവപ്പെടും. കടുത്ത വേനൽച്ചൂടിൽ ഉരുകുന്ന ഗൾഫ് മേഖലയിൽ നിന്നും തികച്ചും വ്യത്യസ്തമായി തണുത്ത കാലാവസ്ഥയാണ് ഈ സീസണിൽ ഇവിടെയുണ്ടാകുക.
ഖരീഫ് കനക്കുന്നതോടെ ഐൻ റസാത്, ഹംറാൻ, ജർസീസ്, സഹൽനൂത്, തബ്രാഖ് തുടങ്ങിയ പ്രകൃതിദത്ത നീരുറവകളിലെ ജലപ്രവാഹം വർധിക്കും. പ്രശസ്തമായ വാദി ദർബാത്, അത്വം, കൂർ, ജുജാബ്, അൽ ഹൗത്ത എന്നീ വെള്ളച്ചാട്ടങ്ങൾ കാണാൻ വൻ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. സുഗന്ധദ്രവ്യ വ്യാപാരവുമായി ബന്ധപ്പെട്ട യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള അൽ ബലീദ് പുരാവസ്തു പാർക്ക്, സംഹറാം, വാദി ദൗക്ക, ഉബാർ എന്നീ ചരിത്ര കേന്ദ്രങ്ങളും തഖ, മിർബാത്, സദ, റഖ്‌യൂത് കോട്ടകളും സന്ദർശകർക്കായി ഒരുങ്ങിയിട്ടുണ്ട്. സലാലയിലെ ഫലഭൂയിഷ്ഠമായ സമതലങ്ങളിൽ വിളയുന്ന നാളികേരം, ഏത്തപ്പഴം, പപ്പായ, കരിമ്പ് എന്നിവയാണ് ഈ പ്രദേശത്തിന്റെ പ്രധാന ആകർഷണം. ഇതോടൊപ്പം ഒമാനി പാരമ്പര്യ ഉൽപന്നങ്ങളായ കുന്തിരിക്കം, അത്തറുകൾ, വെള്ളി ആഭരണങ്ങൾ, മൺപാത്രങ്ങൾ, പ്രശസ്തമായ ഒമാനി ഹൽവ എന്നിവയ്ക്കും പ്രാദേശിക റസ്റ്റോറന്റുകൾക്കും ഈ സീസണിൽ വലിയ ബിസിനസ്സ് ലഭിക്കും.
സഞ്ചാരികളുടെ എണ്ണത്തിലുണ്ടാകുന്ന വൻ വർധനവ് കണക്കിലെടുത്ത് പ്രാദേശിക എയർലൈനുകൾ സലാല വിമാനത്താവളത്തിലേക്ക് കൂടുതൽ നേരിട്ടുള്ള സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. റോഡുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും നവീകരിക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങൾ സർക്കാർ-സ്വകാര്യ മേഖലകൾ പൂർത്തിയാക്കി. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇൻഫർമേഷൻ (NCSI) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2025-ലെ ഖരീഫ് സീസണിൽ 10 ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ദോഫാറിലെത്തിയത്. ഇത് 2024-നേക്കാൾ 2.1 ശതമാനവും 2023-നേക്കാൾ 11.3 ശതമാനവും കൂടുതലാണ്. 2025-ൽ മാത്രം സഞ്ചാരികൾ വഴി ഏകദേശം12.5 കോടി ഒമാനി റിയാലിന്റെ വരുമാനമാണ് പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ലഭിച്ചത്. 2024-ൽ ഇത് 12.1 കോടിയും 2023-ൽ 10.3 കോടി റിയാലുമായിരുന്നു.
Adjust Story Font
16

