ഇന്ത്യ- ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിൽ
ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 98 ശതമാനത്തിലധികം നികുതിയിളവാണ് ഒമാൻ നൽകുന്നത്

ന്യൂഡൽഹി/മസ്‌കത്ത്: ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിലായി, കരാർ യാഥാർഥ്യമായതോടെ മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള ആദ്യഘട്ട ചരക്കുനീക്കം ആരംഭിച്ചു. കരാറിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ ചരിത്രപരമായ അധ്യായത്തിനാണ് തുടക്കം കുറിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം 11 ബില്യണിലധികം ഡോളറായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം. പുതിയ കരാറിലൂടെ ഇത് റെക്കോർഡ് വേഗത്തിൽ വർധിക്കുമെന്നാണ് പ്രതീക്ഷ. ഒമാൻ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ മൂല്യത്തിന്റെ 94.8 ശതമാനത്തിനും ഇന്ത്യ നികുതിയിളവ് നൽകിയിട്ടുണ്ട്. ഇതോടെ പെട്രോളിയം ഉത്പന്നങ്ങൾ, യൂറിയ, പ്രൊപ്പിലീൻ എന്നിവക്ക് ഇന്ത്യയിൽ കസ്റ്റംസ് ഡ്യൂട്ടി കുറയും. പരമ്പരാഗത ഒമാനി ഉത്പന്നങ്ങൾക്കും കരാറിൽ പ്രത്യേക പരിഗണനയുണ്ട്. പ്രതിവർഷം രണ്ടായിരം ടൺ ഒമാനി ഈത്തപ്പഴം പൂർണ്ണമായും നികുതിയില്ലാതെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാം. ഒപ്പം കുന്തിരിക്കം പോലുള്ള പരമ്പരാഗത ഉത്പന്നങ്ങൾക്കും പ്രത്യേക ഇളവുണ്ടാകും.
അതേസമയം, ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 98 ശതമാനത്തിലധികം നികുതിയിളവാണ് ഒമാൻ നൽകുന്നത്. ഇതുവരെ അഞ്ച് ശതമാനം ഇറക്കുമതി നികുതിയുണ്ടായിരുന്ന ഇന്ത്യൻ വസ്ത്രങ്ങൾ, എൻജിനീയറിങ് സാധനങ്ങൾ, രത്‌നങ്ങളും ആഭരണങ്ങളും, മരുന്നുകൾ എന്നിവക്ക് ഇനി ഒമാനിൽ നികുതി നൽകേണ്ടതില്ല. ഇത് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഒമാൻ വിപണിയിൽ മുൻതൂക്കം നൽകും.
കഴിഞ്ഞ ഡിസംബർ 18-ന് മസ്‌കത്തിൽ വെച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെയും സാന്നിധ്യത്തിലാണ് ചരിത്ര കരാർ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളിലെയും ആഭ്യന്തര നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ജൂൺ ഒന്ന് മുതൽ പൂർണ്ണമായി നടപ്പാക്കുന്നത്.
Adjust Story Font
16

