ഒമാൻ - ഫലസ്തീൻ ലോകകപ്പ് യോഗ്യതാ മത്സരം നാളെ
ജോർദാന് ലോകകപ്പ് പ്രവേശനം

മസ്‌കത്ത്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒമാൻ നാളെ ഫലസ്തീനുമായി ഏറ്റുമുട്ടും, ജോർദാനിലെ അമ്മാനിലാണ് മത്സരം, കഴിഞ്ഞ മത്സരത്തിൽ ജോർദാനോട് പരാജയപ്പെട്ടതോടെ ഗ്രൂപ്പിൽ നിന്ന് നേരിട്ട് ലോകകപ്പ് യോഗ്യത നേടാമെന്നുള്ള ഒമാന്റെ സ്വപ്നം അവസാനിച്ചിരുന്നു, ഇതോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ള ജോർദാൻ ലോകകപ്പ് യോഗ്യത നേടി.
ലെബനനെതിരെയും നൈജീരിയക്കെതിരെയുമുള്ള സൗഹൃദ മത്സരത്തിൽ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായായിരുന്നു ഒമാൻ ജോർദാനെതിരെ കളിത്തിലിറങ്ങിയത്. എന്നാൽ നിർണായക മത്സരത്തിൽ തോൽവി ഏറ്റുവാങ്ങാനായിരുന്നു വിധി. സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന മത്സരത്തിൽ ജോർദാൻ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സുൽത്താനേറ്റിനെ പരാജയപ്പെടുത്തിയത്. ഇതോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ള ജോർദാൻ ലോകകപ്പ് യോഗ്യത നേടി. ജോർദാന്റെ ആദ്യത്തെ ലോകകപ്പ് പ്രവേശനമാണിത്.
നേരത്തെ ദക്ഷിണ കൊറിയ സ്ഥാനം ഉറപ്പിച്ചിരുന്നു. 12 പോയിന്റുമായി ഇറാഖ് മൂന്നാമതും പത്ത് പോയിന്റുമായി ഒമാൻ നാലാം സ്ഥാനത്തുമാണുള്ളത്. മൂന്നും നാലും സ്ഥാനക്കാരായ ഇറാഖും ഒമാനും യോഗ്യത മത്സരങ്ങളുടെ നാലാം റൗണ്ടിൽ പ്രവേശിക്കും. ഒമാന് മുമ്പിൽ ഇനി പ്ലേഓഫ് സാധ്യതകളാണുള്ളത്. അതേസമയം അമ്മാനിൽ നടക്കുന്ന മത്സരത്തിൽ ഒമാനെ വീഴ്ത്തി ഗ്രൂപ്പ് ബിയിൽ നാലാമതായി എത്തണമെന്നാണ് ഫലസ്തീൻ കണക്ക് കൂട്ടുന്നത്. അങ്ങനെ വന്നാൽ പ്ലേ ഓഫിൽ കയറിക്കൂടാം. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഇറാഖിനെയും കുവൈത്തിനെയും വീഴ്ത്തുകയും ചെയ്ത ആത്മവിശ്വാസത്തിലാണ് ഫലസ്തീൻ കളത്തിലിറങ്ങുന്നത്.
Adjust Story Font
16

