Quantcast

ഒമാനിൽ ഫാമുകളുടെയും ഉല്ലാസ കേന്ദ്രങ്ങളുടെയും വ്യാജ പരസ്യം നൽകി തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്

റോയൽ ഒമാൻ പൊലീസാണ് മുന്നറിയിപ്പ് നൽകിയത്

MediaOne Logo

Web Desk

  • Published:

    26 Jun 2025 10:39 PM IST

Royal Oman Police has warned of fraud through fake advertisements for farms and entertainment centers on social media.
X

മസ്‌കത്ത്: ഒമാനിൽ സമൂഹമാധ്യമങ്ങളിലൂടെ ഫാമുകളുടെയും ഉല്ലാസ കേന്ദ്രങ്ങളുടെയും വ്യാജ പരസ്യങ്ങൾനൽകി തട്ടിപ്പ് നടത്തുന്നതായി റോയൽ ഒമാൻ പൊലീസിന്റെ മുന്നറിയിപ്പ്. റിസർവേഷനുകൾക്കായി മുൻകൂട്ടി ഫണ്ട് കൈമാറാൻ ആവശ്യപ്പെട്ടാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയിൽ വീഴരുതെന്നും സ്ഥാപനങ്ങളുടെ ആധികാരികത പരിശോധിക്കണമെന്നും ആർ ഒപി മുന്നറിയിപ്പിൽ പറയുന്നു.

സമൂഹമാധ്യമങ്ങൾ ഉപയോഗപ്പെടുത്തി തട്ടിപ്പ് വ്യാപകമായി നടക്കുന്നുണ്ടെന്ന് റോയൽ ഒമാൻ പൊലീസ് തന്നെ പലപ്പോഴും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഔദ്യോഗികമാണെന്ന് തെറ്റിധരിപ്പിച്ച് വരുന്ന വ്യാജ സന്ദേശങ്ങളെ കുറിച്ച് ദിവസങ്ങൾക്ക് മുൻപാണ് ആർഒപി ഓർമിപ്പിച്ചത്. ഇപ്പോഴിതാ മറ്റൊരു തട്ടിപ്പ് രീതിയെകുറിച്ച് പൊതു ജനങ്ങൾക്ക് അവബോധം നൽകുകയാണ് റോയൽ ഒമാൻ പൊലീസ്. പുതിയതരം രീതിയാണ് തട്ടിപ്പ് സംഘം ഇതിനായി പയറ്റുന്നതെന്നും ആർഒപി പറയുന്നു.

ഒമാനിലുടനീളമുള്ള ഫാമുകളുടെയും ഉല്ലാസ കേന്ദ്രങ്ങളുടെയും ടൂറിസ്റ്റ് റിസോർട്ടുകളുടെയും വ്യാജ പരസ്യം സമൂഹ മാധ്യങ്ങളിൽ നൽകിയാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളുടെ പേരിൽ ആകർഷകമായ ബുക്കിങ് വാഗ്ദാനം ചെയ്യുന്നു. നിലവിലില്ലാത്ത റിസർവേഷനുകൾക്കായി മുൻകൂട്ടി പണം കൈമാറാനായി ആവശ്യപ്പെടുന്നു, ഈ പരസ്യങ്ങളിൽ തട്ടിപ്പ് സംഘത്തിന്റെ നമ്പറുകളാണ് നൽകിയിട്ടുണ്ടാവുക. തട്ടിപ്പാണെന്ന് മനസിലാക്കതെ ബാങ്ക് ട്രാൻസ്ഫറുകളിലൂടെയോ മൊബൈൽ ആപ്പുകളിലൂടെയോ പണമയച്ചുകഴിഞ്ഞാൽ പിന്നെ സംഘത്തിൽനിന്ന് യാതൊരു മറുപടിയും ലഭിക്കില്ല. ബുക്കിങ്ങ് സ്ഥിരീകരണമോ മറ്റോ ലഭിക്കാതിരിക്കുമ്പോ മാത്രമാണ് തട്ടിപ്പാണെന്ന് പലർക്കും മനസിലാകുന്നത്. ഇത്തരം പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും പണം സ്വീകരിക്കുന്നയാളുടെ ഐഡന്റിറ്റിയും സ്ഥാപനത്തിന്റെ ആധികാരികതയും പരിശോധിച്ചതിന് ശേഷം മാത്രം തുക കൈമാറാൻ പാടുള്ളുവെന്നും ആർഒപി ഓർമിപ്പിച്ചു. തട്ടിപ്പ് ശ്രദ്ധയിൽ പെടുന്ന പക്ഷം റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

TAGS :

Next Story