Quantcast

32,791 കേസുകൾ!; ഒമാനിൽ തൊഴിൽ, ചെക്ക് നിയമലംഘനങ്ങൾ വർധിക്കുന്നു

പ്രവാസികളുടെ താമസനിയമലംഘനങ്ങളിലും വർധന

MediaOne Logo

Web Desk

  • Published:

    2 Feb 2026 3:48 PM IST

Oman sees surge in labour law and cheque crimes in 2025
X

മസ്കത്ത്: ഒമാനിൽ കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്ത കുറ്റകൃത്യങ്ങളിൽ തൊഴിൽ നിയമലംഘനങ്ങളും ചെക്ക് സംബന്ധമായ കേസുകളും ഗണ്യമായി വർധിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയത 55,164 കേസുകളിൽ 32,791 കേസുകളും തൊഴിൽ, ചെക്ക് നിയമലംഘനങ്ങളുടേതാണ്. ഇതിൽ 22,309 തൊഴിൽ നിയമ ലംഘനങ്ങളും 10,482 ചെക്ക് സംബന്ധമായ കേസുകളുമാണ്. ആകെ കേസുകളുടെ എണ്ണത്തിൽ 2024നെ അപേക്ഷിച്ച് 19 ശതമാനത്തിന്റെ വർധനവും ഉണ്ടായിട്ടുണ്ട്. ആകെ കുറ്റകൃത്യങ്ങളിൽ 52,553 എണ്ണം ചെറിയ കുറ്റകൃത്യങ്ങളും 2,593 എണ്ണം ഗുരുതര കുറ്റകൃത്യങ്ങളും ആണ്.

പ്രവാസികളുടെ താമസ നിയമലംഘനമാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത മറ്റൊരു കുറ്റകൃത്യം. 9,493 കേസുകളാണ് ഇതിൽ കഴിഞ്ഞ വർഷം മാത്രം കണ്ടെത്തിയത്. പ്രതികളുടെ എണ്ണത്തിൽ 24.7 ശതമാനവും വർധനവുണ്ടായി. ആകെ പ്രതികളിൽ 89.2%വും പുരുഷന്മാരും 47.5% വിദേശികളുമാണ്. കുറ്റകൃത്യങ്ങൾ ചെയ്തവരിൽ 1.6 ശതമാനം പ്രായപൂർത്തിയാകാത്തവരുമാണ്. 23,748 കേസുകളുമായി ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മസ്കത്ത് ഗവർണറേറ്റിലാണ്. തൊട്ടുപിന്നിൽ നോർത്ത് അൽ ബാത്തിന 10,744, ദോഫാർ 6,179 എന്നീ ​ഗവർണറേറ്റുകളുമാണ്.

റോയൽ ഒമാൻ പോലീസ് വഴിയാണ് കൂടുതൽ കേസുകളും പ്രോസിക്യൂഷനിലെത്തിയത്. തൊഴിൽ മന്ത്രാലയം 9,198 കേസുകൾ കൈമാറിയിട്ടുമുണ്ട്. പബ്ലിക് പ്രോസിക്യൂഷൻ ഡിജിറ്റൽ സേവനങ്ങളിലേക്ക് മാറുന്നതിലും വലിയ പുരോഗതി കൈവരിച്ചു. ഇലക്ട്രോണിക് സംവിധാനം വഴി ഫയൽ ചെയ്ത കേസുകൾ 19.% വർധിച്ച് 54,276-ൽ എത്തി. ഗവൺമെന്റ് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൂചികയിൽ 82% സ്കോർ നേടാനും പ്രോസിക്യൂഷന് സാധിച്ചു. കോടതി വിധിന്യായങ്ങളിൽ 4.7 ശതമാനം വർധനവുണ്ടായി. ആകെ 22,423 വിധിന്യായങ്ങളിൽ 19,176 എണ്ണം നടപ്പിലാക്കിയതായും അധികൃതർ വ്യക്തമാക്കി.

TAGS :

Next Story