പ്രധാനമന്ത്രിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതി
'ഓർഡർ ഓഫ് ഒമാൻ' സുൽത്താൻ ഹൈതം ബിൻ താരിഖ് സമ്മാനിച്ചു

മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലുള്ള പ്രധാനമന്ത്രിയുടെ പങ്ക് കണക്കിലെടുത്താണ് ബഹുമതി. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രധാനമന്ത്രിക്ക് ബഹുമതി നൽകി ആദരിച്ചു. മോദിയുടെ ഒമാൻ സന്ദർശന വേളയിലാണ് ബഹുമതി സമ്മാനിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ നൂറ്റാണ്ടുകളായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് സന്ദർശനം. ഇന്ത്യയിലെയും ഒമാനിലെയും ജനങ്ങൾ തമ്മിൽ നിലനിൽക്കുന്ന ബന്ധത്തിനും അതിന് പിറകിലുള്ള മൂല്യങ്ങൾക്കുമുള്ള ആദരവാണ് ഈ ബഹുമതിയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
അതിനിടെ, സുൽത്താൻ ഹൈതം ബിൻ താരിഖും പ്രധാനമന്ത്രി മോദിയും അൽ ബറക കൊട്ടാരത്തിൽ വെച്ച് ഔദ്യോഗിക ചർച്ച നടത്തി. ഇരു നേതാക്കളുടെയും സാന്നിധ്യത്തിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഒപ്പുവെച്ചു. ചരക്കുനീക്കവും സേവനങ്ങൾ ലഭ്യമാക്കലും സുഗമമാക്കുന്നതിലൂടെ വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്താനാണ് കരാർ. ഊർജം, സാങ്കേതികവിദ്യ, ഉൽപ്പാദനം എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനും കരാർ ലക്ഷ്യമിടുന്നു.
Adjust Story Font
16

