Quantcast

ഒമാനിൽ വൈദ്യുതി ബന്ധം പൂർണമായി പുനഃസ്ഥാപിച്ചു

MediaOne Logo

Web Desk

  • Published:

    6 Sept 2022 2:28 PM IST

ഒമാനിൽ വൈദ്യുതി ബന്ധം പൂർണമായി പുനഃസ്ഥാപിച്ചു
X

ഒമാനിൽ വൈദ്യുതി തടസ്സങ്ങൾ നേരിട്ട എല്ലാ പ്രദേശങ്ങളിലേയും സേവനങ്ങൾ പൂർണമായി പുനഃസ്ഥാപിച്ചതായി അതോറിറ്റി ഫോർ പബ്ലിക് സർവിസസ് റെഗുലേഷൻ അറിയിച്ചു.

അധികൃതരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിവിധ സ്ഥലങ്ങളിൽ ഘട്ടംഘട്ടമായി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. തിങ്കളാഴ്ച വൈവകിട്ടോടെ തന്നെ ഭൂരിഭാഗം ഗവർണറേറ്റുകളിലും സേവനങ്ങൾ ലഭ്യമാക്കിയിരുന്നു. വൈദ്യുതി തടസ്സങ്ങൾ നേരിട്ടാൽ മസ്‌കത്ത് ഗവർണറേറ്റിലുള്ളവർക്ക് കമ്പനിയുടെ കോൾ സെന്ററുമായി 80070008 എന്ന നമ്പരിൽ ബന്ധപ്പെടാമെന്ന് അധികൃതർ വ്യക്തമാക്കി.

തിങ്കളാഴ്ച്ച ഉച്ചക്ക് 1.30 ഓടെയാണ് മസ്‌കത്തടക്കമുള്ള ഭൂരിഭാഗം ഗവർണേറ്റുകളിലും വൈദ്യതി വിതരണം തടസ്സപ്പെട്ടത്. ഇബ്രി, നഹിദ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന 400 കിലോ വാൾട്ട് പവർ ട്രാൻസ്മിഷൻ ലൈനുകളിലെ പ്രധാന ലൈനിലും ബാക്കപ്പ്‌ലൈനിലുമുണ്ടായ സാങ്കേതിക തകരാറാണ് വൈദ്യുതി മുടങ്ങാൻ കാരണമായതെന്ന് പബ്ലിക് സർവിസസ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

സംഭവത്തിൽ വൈദ്യുതി വിതരണ കമ്പനിയായ നാമ ഗ്രൂപ്പ് അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയും ഭാവിയിൽ ഇത്തരം കാര്യങ്ങൾ ഒഴിവാക്കാൻ ശാശ്വത പരിഹാരം ആസൂത്രണം ചെയ്യുമെന്നും അറിയിച്ചു. മിക്ക ഗവർണറേറ്റുകളിലും വൈദ്യുതി മുടങ്ങിയെങ്കിലും ദോഫാർ, ദാഹിറ, ബുറൈമി, മുസന്ദം ഗവർണറേറ്റുകളിലും വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഖാബൂറ, സുഹാർ, ലിവ, ശിനാസ് വിലായത്തുകളിലും വൈദ്യുതി വിതരണം സാധാരണ നിലയിൽ തുടർന്നു. വൈദ്യുതി വിതരണം തടസ്സപ്പെട്ടത് ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു.

TAGS :

Next Story