Quantcast

ഹൈവേകളിൽ വളരെ സാവധാനത്തിലുള്ള ഡ്രൈവിംഗ് ഗതാഗത നിയമലംഘനം; മുന്നറിയിപ്പുമായി ഒമാൻ പൊലീസ്

വളരെ സാവധാനത്തിലുള്ള ഡ്രൈവിംഗ് ഹൈവേകളിൽ അപകടമുണ്ടാക്കുന്നു

MediaOne Logo

Web Desk

  • Updated:

    2025-08-22 08:35:53.0

Published:

22 Aug 2025 11:37 AM IST

Royal Oman Police warn of dangers caused by driving too slowly on highways
X

മസ്‌കത്ത്: ഹൈവേകളിൽ വളരെ സാവധാനത്തിൽ വാഹനമോടിക്കുന്നത് ഗതാഗതം തടസ്സപ്പെടുത്തുകയും വാഹനമോടിക്കുന്നവരെ അപകടത്തിലാക്കുകയും ചെയ്യുന്നുവെന്ന് റോയൽ ഒമാൻ പൊലീസ്. കുറഞ്ഞ വേഗത പരിധിക്ക് താഴെ സഞ്ചരിക്കുന്ന വാഹനങ്ങൾ, പ്രത്യേകിച്ച് ഇടതുവശത്തെ ലെയ്‌നിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ, മറ്റുള്ളവരെ അപകടകരമായ ഓവർടേക്കിംഗിന് നിർബന്ധിക്കുകയും റോഡുകളിൽ തിരക്കും പിരിമുറുക്കവും വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

പ്രധാന റോഡുകളിൽ വളരെ സാവധാനത്തിലുള്ള ഡ്രൈവിംഗ് ഗതാഗത നിയമങ്ങളുടെ ലംഘനമാണെന്ന് ട്രാഫിക് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ ഖാമിസ് ബിൻ അലി അൽ ബതാഷി പറഞ്ഞു.

''വേഗത കുറയ്ക്കുന്നത് റോഡ് സുരക്ഷിതമാക്കുമെന്ന് പല ഡ്രൈവർമാരും കരുതുന്നു, പക്ഷേ വാസ്തവത്തിൽ ഇത് മറ്റ് റോഡ് ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്യും, പ്രത്യേകിച്ച് തിരക്കേറിയ ഹൈവേകളിൽ'' അദ്ദേഹം പറഞ്ഞു.

പുതിയ ഡ്രൈവർമാരുടെ പരിചയക്കുറവ്, ഉത്കണ്ഠ, ആരോഗ്യസ്ഥിതി, പ്രായവുമായി ബന്ധപ്പെട്ട ഘടകങ്ങൾ എന്നിവയാണ് ഇതിന് കാരണങ്ങളെന്ന് അദ്ദേഹം വിശദീകരിച്ചു. ചില സന്ദർഭങ്ങളിൽ, പിഴകൾക്ക് പകരം ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പുകൾ നൽകുകയാണെന്നും പക്ഷേ പ്രശ്‌നം ഗതാഗത പ്രവാഹത്തെ ബാധിക്കുന്നത് തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ രീതി വ്യാപകമാണെന്ന് പതിവ് യാത്രക്കാർ പറയുന്നതായി മസ്‌കത്ത് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു.

''വേഗത പരിധി 120 കിലോമീറ്ററാണെങ്കിലും ഇടതുവശത്തെ ഡ്രൈവർമാർ പലപ്പോഴും മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ മാത്രമേ സഞ്ചരിക്കാറുള്ളൂ. ഇത് ആശയക്കുഴപ്പമുണ്ടാക്കുകയും അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു'' മസ്‌കത്തിലേക്ക് എല്ലാ ദിവസവും വാഹനമോടിക്കുന്ന യൂസഫ് ബിൻ സയീദ് അൽ റവാഹി പറഞ്ഞു.

ഡ്രൈവർമാരുടെ ശ്രദ്ധ വ്യതിചലിപ്പിക്കലും മറ്റൊരു കാരണമാണ്. വാഹനമോടിക്കുന്ന നിരവധിപേർ മൊബൈൽ ഫോണുകളിൽ മുഴുകിയിരിക്കുന്നതായും അനാവശ്യമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നതായും നഴ്സായ അബീർ ബിൻത് മുഹമ്മദ് അൽ റഹ്ബി പറഞ്ഞു.

പുതിയ മോണിറ്ററിംഗ് സംവിധാനങ്ങൾക്ക് കുറഞ്ഞ വേഗത പരിധിക്ക് താഴെ സഞ്ചരിക്കുന്ന വാഹനങ്ങൾ കണ്ടെത്താൻ കഴിയുമെന്ന് കേണൽ ബതാഷി പറഞ്ഞു. ബോധവൽക്കരണ കാമ്പയിനുകൾ, പട്രോളിംഗ്, വ്യക്തമായ റോഡ് അടയാളങ്ങൾ എന്നിവയ്ക്കൊപ്പം ഈ നടപടികളും ഏറ്റവും കുറഞ്ഞ വേഗത മണിക്കൂറിൽ 80 കിലോമീറ്ററായി സജ്ജീകരിച്ച ഹൈവേകളിലെ അപകടസാധ്യതകൾ കുറയ്ക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണെന്നും പറഞ്ഞു.

TAGS :

Next Story