റോഡ് സുരക്ഷാ രംഗത്തും ട്രാഫിക് മാനേജ്‌മെന്റിലും റോയൽ ഒമാൻ പോലീസിന് വീണ്ടും ആഗോള അംഗീകാരം
ഒമാന്റെ റോഡ് സുരക്ഷാ നയങ്ങൾക്ക് ആഗോളതലത്തിൽ കൂടുതൽ കരുത്തുപകരുന്നതാണ് ഈ നേട്ടം

മസ്കത്ത്: റോഡ് സുരക്ഷാ രംഗത്തും ട്രാഫിക് മാനേജ്‌മെന്റിലും റോയൽ ഒമാൻ പോലീസിന് വീണ്ടും ആഗോള അംഗീകാരം. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡ് സുരക്ഷ ഉറപ്പാക്കിയ റോയൽ ഒമാൻ പോലീസിനെ, ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര സാങ്കേതിക സമിതിയിലേക്ക് തിരഞ്ഞെടുത്തു. ഒമാന്റെ റോഡ് സുരക്ഷാ നയങ്ങൾക്ക് ആഗോളതലത്തിൽ കൂടുതൽ കരുത്തുപകരുന്നതാണ് ഈ നേട്ടം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും അഡ്വാൻസ്ഡ് ഡാറ്റാ അനലിറ്റിക്സും സമന്വയിപ്പിച്ച് റോഡപകടങ്ങൾ വൻതോതിൽ കുറച്ച റോയൽ ഒമാൻ പോലീസിന്റെ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. റോഡ് സുരക്ഷാ നിയമനിർമ്മാണത്തിനായുള്ള ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ടെക്നിക്കൽ കമ്മിറ്റിയിലേക്ക് പ്രാദേശിക പ്രതിനിധിയായാണ് ആർ.ഒ.പി തിരഞ്ഞെടുക്കപ്പെട്ടത്. ഈ അന്താരാഷ്ട്ര ഫോറത്തിൽ പങ്കെടുക്കുന്ന ഏക സുരക്ഷാ-സൈനിക വിഭാഗം കൂടിയാണ് റോയൽ ഒമാൻ പോലീസ്. അടുത്തിടെ ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ ഗ്ലോബൽ അവാർഡും ഒമാനെ തേടി എത്തിയിരുന്നു. ട്രാഫിക് നിയന്ത്രണത്തിനും അപകടങ്ങൾ കുറയ്ക്കുന്നതിനും സ്മാർട്ട് സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിച്ചതിനായിരുന്നു പുരസ്കാരം. അത്യാധുനിക സാങ്കേതികവിദ്യകൾ നടപ്പിലാക്കിയതിലൂടെ സുൽത്താനേറ്റിലുടനീളം ഗതാഗതക്കുരുക്ക് കുറയ്ക്കാനും പൊതുജന സുരക്ഷ വർദ്ധിപ്പിക്കാൻ കഴിഞ്ഞെന്നുമാണ് ആർ.ഒ.പിയുടെ വിലയിരുത്തൽ. ഒമാന്റെ റോഡ് സുരക്ഷാ നയങ്ങൾക്ക് ആഗോളതലത്തിൽ കൂടുതൽ കരുത്തുപകരുന്നതാണ് ഈ നേട്ടം.
Adjust Story Font
16

